തകര്‍ന്ന ആണവ, മിസൈല്‍ കേന്ദ്രങ്ങള്‍ ഇറാന്‍ പുനര്‍നിര്‍മിക്കുന്നതായി ഉപഗ്രഹ ചിത്രങ്ങള്‍

തകര്‍ന്ന ആണവ, മിസൈല്‍ കേന്ദ്രങ്ങള്‍ ഇറാന്‍ പുനര്‍നിര്‍മിക്കുന്നതായി ഉപഗ്രഹ ചിത്രങ്ങള്‍


തെഹ്‌റാന്‍: അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണങ്ങളില്‍ കേടുപാടുകള്‍ സംഭവിച്ച ആണവ- മിസൈല്‍ കേന്ദ്രങ്ങളില്‍ ഇറാന്‍ അറ്റകുറ്റപ്പണികളും പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളും ആരംഭിച്ചതായി ഉപഗ്രഹ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. ജിയോസ്‌പേഷ്യല്‍ ഇന്റലിജന്‍സ് സ്ഥാപനമായ വാന്റര്‍ വിശകലനം ചെയ്ത ഉപഗ്രഹ ചിത്രങ്ങള്‍ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്.

സി എന്‍ എന്‍ നടത്തിയ അന്വേഷണത്തില്‍ തെഹ്‌റാന്റെ തെക്കുകിഴക്കുള്ള പാര്‍ച്ചിന്‍ സൈനിക സമുച്ചയത്തിലെ 'താലെഘാന്‍-2' കേന്ദ്രത്തില്‍ അറ്റകുറ്റപ്പണികളും പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളും നടക്കുന്നതിന്റെ തെളിവുകള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ആണവായുധ വികസനത്തിന് ആവശ്യമായ സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിക്കുന്ന കേന്ദ്രമാണിതെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

ജൂണ്‍ 22-നും ജൂലൈ 7-നും പകര്‍ത്തിയ ഉപഗ്രഹ ചിത്രങ്ങളില്‍ ആക്രമണത്തെ തുടര്‍ന്ന് രൂപപ്പെട്ട കുഴികള്‍ക്ക് ചുറ്റുമായി പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതും തകര്‍ന്ന കെട്ടിടങ്ങള്‍ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതുമാണ് കാണുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇസ്ഫഹാനിന് സമീപത്തെ പിക്കാക്‌സ് മൗണ്ടന്‍ എന്ന സംശയാസ്പദ ഭൂഗര്‍ഭ ആണവകേന്ദ്രത്തിലും സമാന പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ജൂണ്‍ 21-ന് പകര്‍ത്തിയ ചിത്രങ്ങളില്‍ തുരങ്കങ്ങളുടെ പ്രവേശന കവാടങ്ങളിലൂടെ വാഹനങ്ങള്‍ അകത്തേക്കും പുറത്തേക്കും സഞ്ചരിക്കുന്നതായി കണ്ടെത്തിയതായി സി എന്‍ എന്‍ റിപ്പോര്‍ട്ട് ചെയ്തു. അന്ന് ഇറാനും അമേരിക്കയും തമ്മിലുള്ള ധാരണാപത്രം നിലവിലുണ്ടായിരുന്ന കാലയളവായിരുന്നു.

എന്നാല്‍ ഉപഗ്രഹ ചിത്രങ്ങളില്‍ കാണുന്ന ഈ പ്രവര്‍ത്തനങ്ങളുടെ യഥാര്‍ഥ ലക്ഷ്യം എന്താണെന്ന് ഇറാന്‍ അധികൃതരോ സ്വതന്ത്ര അന്താരാഷ്ട്ര ആണവ പരിശോധനാ ഏജന്‍സികളോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സമീപകാല സംഘര്‍ഷത്തിന് പിന്നാലെ ഇറാന്റെ ആണവ പദ്ധതികള്‍ വീണ്ടും അന്താരാഷ്ട്ര ശ്രദ്ധാകേന്ദ്രമായ സാഹചര്യത്തിലാണ് ഈ റിപ്പോര്‍ട്ട് പുറത്തുവന്നത്.