റഷ്യന്‍ അനുകൂല സര്‍ക്കാരിനായി ഉപദേശം നല്‍കിയ സംഭവം; മുതിര്‍ന്ന രാഷ്ട്രീയ ഉപദേഷ്ടാക്കളില്‍ നിന്ന് അകലം പാലിച്ച് ട്രംപ്

റഷ്യന്‍ അനുകൂല സര്‍ക്കാരിനായി ഉപദേശം നല്‍കിയ സംഭവം; മുതിര്‍ന്ന രാഷ്ട്രീയ ഉപദേഷ്ടാക്കളില്‍ നിന്ന് അകലം പാലിച്ച് ട്രംപ്


വാഷിങ്ടണ്‍: ബാള്‍ക്കന്‍ മേഖലയിലെ റഷ്യന്‍ അനുകൂലമായ റിപ്പബ്ലിക്ക സര്‍പ്‌സ്‌ക സര്‍ക്കാരിനായി തന്റെ രണ്ട് മുതിര്‍ന്ന രാഷ്ട്രീയ ഉപദേഷ്ടാക്കള്‍ നടത്തിയ കണ്‍സള്‍ട്ടിങ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അകലം പാലിച്ചു. ജെയിംസ് ബ്ലെയറും ക്രിസ് ലാസിവിറ്റയും വിദേശ സര്‍ക്കാരിനായി തിരഞ്ഞെടുപ്പ് സംബന്ധമായ ഉപദേശം നല്‍കിയ കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്ന് ട്രംപ് വ്യക്തമാക്കി.

അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി ട്രംപിന്റെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ തന്ത്രങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നവരാണ് ബ്ലെയറും ലാസിവിറ്റയും. ഇരുവരെയും 'പുറത്തുനിന്നുള്ള കണ്‍സള്‍ട്ടന്റുമാര്‍' എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. അവര്‍ മറ്റാര്‍ക്കൊക്കെ വേണ്ടിയാണ്  പ്രവര്‍ത്തിക്കുന്നതെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും അദ്ദേഹം സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കി.

ഇരുവരും മറ്റേതെങ്കിലും സ്ഥാപനത്തിനോ സര്‍ക്കാരിനോ വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കുമെന്നും താല്‍പര്യസംഘര്‍ഷം കണ്ടെത്തിയാല്‍ ഉടന്‍ അവരുമായി ബന്ധം അവസാനിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു.

തിരഞ്ഞെടുപ്പ് ഉപദേശത്തിന് ലക്ഷക്കണക്കിന് ഡോളര്‍

റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി റിപ്പബ്ലിക്ക സര്‍പ്‌സ്‌ക സര്‍ക്കാരിന് തിരഞ്ഞെടുപ്പ്, വോട്ടിങ് വിഷയങ്ങളില്‍ ഉപദേശം നല്‍കിയതിന് ബ്ലെയറും ലാസിവിറ്റയും ഓരോരുത്തരും ലക്ഷക്കണക്കിന് ഡോളര്‍ പ്രതിഫലം കൈപ്പറ്റിയിരുന്നു. തിരഞ്ഞെടുപ്പ് സംബന്ധമായ ഉപദേശത്തിനായി റിപ്പബ്ലിക്ക സര്‍പ്‌സ്‌ക സര്‍ക്കാര്‍ നിയമിച്ച വാഷിങ്ടണ്‍ ആസ്ഥാനമായുള്ള ഒരു നിയമ സ്ഥാപനത്തിലൂടെയാണ് പണം നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്.

ഇരുവരും ഈ വിദേശ കണ്‍സള്‍ട്ടിങ് ജോലിയെക്കുറിച്ച് ട്രംപുമായി ചര്‍ച്ച ചെയ്തിരുന്നോ, അല്ലെങ്കില്‍ ഇനി ഇത്തരം ജോലികള്‍ അവസാനിപ്പിക്കുമോ എന്ന ചോദ്യങ്ങളോട് പ്രതികരിച്ചിട്ടില്ല.

വിദേശത്തെ ഈ ജോലി താല്‍പര്യസംഘര്‍ഷത്തിന് ഇടയാക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, അത്തരമൊരു സംഘര്‍ഷമുണ്ടെന്ന് തനിക്ക് തോന്നിയാല്‍ അവരെ പുറത്താക്കുമെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. നിലവില്‍ അവര്‍ കണ്‍സള്‍ട്ടന്റുമാര്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി വിവാദം

അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥികള്‍ക്ക് പിന്തുണ നല്‍കാന്‍ വന്‍തോതില്‍ പണം ചെലവഴിക്കുന്ന ട്രംപ് അനുകൂല സൂപ്പര്‍ പിഎസി ആയ MAGA Inc.യുടെ പ്രവര്‍ത്തനങ്ങളില്‍ ബ്ലെയറും ലാസിവിറ്റയും നിര്‍ണായക പങ്കുവഹിക്കുന്ന സാഹചര്യത്തിലാണ് വിദേശ കണ്‍സള്‍ട്ടിങ് വിവാദമായത്.

വിദേശ തിരഞ്ഞെടുപ്പിനായി ഉപദേശം നല്‍കുന്നത് അമേരിക്കയിലെ ട്രംപ് അനുകൂല രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കുന്നതാണോ എന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്. ഇരുവരും റിപ്പബ്ലിക്ക സര്‍പ്‌സ്‌കയിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി വിദേശത്തേക്ക് പോയിരുന്നെങ്കിലും ങഅഏഅ കിര.യുടെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ തുടര്‍ന്നും സജീവമായിരുന്നുവെന്നാണ് സംഘടനയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നേരത്തെ വ്യക്തമാക്കിയിരുന്നത്. ഇരുവരും തിങ്കളാഴ്ച അമേരിക്കയില്‍ തിരിച്ചെത്തി.

ആരാണ് ട്രംപിന്റെ ഉപദേഷ്ടാക്കള്‍?

ട്രംപിന്റെ 2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പൊളിറ്റിക്കല്‍ ഡയറക്ടറായിരുന്നു ജെയിംസ് ബ്ലെയര്‍. പിന്നീട് വൈറ്റ് ഹൗസിലെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് സ്ഥാനം ഒഴിഞ്ഞ് MAGA Inc.യുടെ നേതൃത്വം ഏറ്റെടുത്തു.

ക്രിസ് ലാസിവിറ്റ ട്രംപിന്റെ 2024ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സഹമാനേജര്‍മാരില്‍ ഒരാളായിരുന്നു. നിലവില്‍ MAGA Inc.യുടെ മുതിര്‍ന്ന ഉപദേഷ്ടാവാണ്.

ബോസ്‌നിയ- ഹെര്‍സഗോവിനയിലെ രണ്ട് രാഷ്ട്രീയ ഘടകങ്ങളിലൊന്നാണ് റിപ്പബ്ലിക്ക സര്‍പ്‌സ്‌ക. 1995ലെ ഡെയ്ടണ്‍ സമാധാന കരാറിന്റെ ഭാഗമായി രൂപീകരിക്കപ്പെട്ട ഈ പ്രദേശത്തെ ഭരണകക്ഷി ദേശീയവാദ, റഷ്യന്‍ അനുകൂല നിലപാടുകളുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി അന്താരാഷ്ട്ര ശ്രദ്ധ നേടിയിട്ടുണ്ട്.

ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ ഭരണകക്ഷി നിര്‍ണായക വിജയം നേടിയതിന് പിന്നാലെ പാര്‍ട്ടി നേതാവ് മിലൊറാഡ് ഡോഡിക്, വിജയത്തിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യം സൃഷ്ടിക്കുന്നതില്‍ ട്രംപ് സഹായിച്ചതായി അവകാശപ്പെട്ടിരുന്നു.

ഡെയ്ടണ്‍ സമാധാന കരാറിനെ ദുര്‍ബലപ്പെടുത്തിയെന്ന ആരോപണങ്ങളെ തുടര്‍ന്ന് ഡോഡിക്കിനെതിരെ വര്‍ഷങ്ങളായി യുഎസ് ഉപരോധം നിലനിന്നിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ട്രംപ് ഭരണകൂടം ഈ ഉപരോധം പിന്‍വലിച്ചിരുന്നു. ട്രംപുമായി ബന്ധമുള്ള ചില വ്യക്തികളെ ഉള്‍പ്പെടുത്തി റിപ്പബ്ലിക്ക സര്‍പ്‌സ്‌ക സര്‍ക്കാര്‍ നടത്തിയ സ്വാധീനശ്രമത്തിന് പിന്നാലെയായിരുന്നു ഉപരോധം നീക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ആ ഉപരോധം പിന്‍വലിക്കാനുള്ള പ്രചാരണത്തില്‍ ബ്ലെയറും ലാസിവിറ്റയും നേരിട്ട് പങ്കെടുത്തിരുന്നില്ല.