വാഷിങ്ടണ്‍: റഷ്യന്‍ എണ്ണ വാങ്ങലിനെതിരേ ഇന്ത്യയ്ക്ക് ചുമത്തിയ അധിക തീരുവ മോസ്‌കോയ്ക്കു വലിയ തിരിച്ചടിയാണെന്ന് യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ആഗോള സമ്മര്‍ദ്ദങ്ങളും ഇന്ത്യയുള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ക്ക് മേല്‍ യു എസ് തീരുവ ചുമത്തിയതും റഷ്യയുടെ സമ്പദ് വ്യവസ്ഥയെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് ട്രംപ് അവകാശപ്പെട്ടു.
റഷ്യ വലിയ രാജ്യമാണെന്നും അവര്‍ക്ക് നന്നായി പ്രവര്‍ത്തിക്കാനുള്ള കഴിവുണ്ടെങ്കിലും ഇപ്പോള്‍ സമ്പദ് വ്യവസ്ഥ നന്നായി പ്രവര്‍ത്തിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു. ആഗോള സമ്മര്‍ദ്ദങ്ങളും റഷ്യയുമായി ബന്ധമുള്ളവര്‍ക്കു മേല്‍ തീരുവ അധികം ചുമത്തിയതും റഷ്യയെ വളരെയധികം അസ്വസ്ഥരാക്കിയിട്ടുണ്ടെന്നും ട്രംപ് ചൂണ്ടിക്കാട്ടി.
റഷ്യയില്‍ നിന്ന് എണ്ണ വാങ്ങിയാല്‍ 50 ശതമാനം തീരുവ ചുമത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന ഏറ്റവും വലിയ രാജ്യങ്ങളിലൊന്നിനോടു പറയുമ്പോള്‍ അത് സഹായകരമല്ലെന്നും അവര്‍ക്കു വലിയൊരു തിരിച്ചടിയാണെന്നും ഇന്ത്യയെ പരാമര്‍ശിച്ചുകൊണ്ട് ട്രംപ് പറഞ്ഞു.
അമേരിക്കയും റഷ്യയും തമ്മില്‍ സാധാരണ വ്യാപാര ബന്ധം പുലര്‍ത്താന്‍ കഴിയുന്ന ഒരു കാലം കാണുന്നുണ്ടോ എന്ന് ചോദിച്ചപ്പോള്‍ മോസ്‌കോ യുദ്ധത്തിന്റെ പാത ഉപേക്ഷിച്ചാല്‍ അത് സാധ്യമാകുമെന്ന് ട്രംപ് പറഞ്ഞു.
ഈ മാസം 15ന് റഷ്യന്‍ പ്രസിഡന്റുമായി നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയില്‍ റഷ്യയും യുക്രെയ്നും തമ്മില്‍ സമാധാന ഉടമ്പടി ഉണ്ടാകുമോ എന്ന ചോദ്യത്തിന് 'ആ കൂടിക്കാഴ്ചയുടെ അവസാനം, ഒരുപക്ഷേ ആദ്യത്തെ രണ്ട് മിനിറ്റിനുള്ളില്‍ ഒരു കരാര്‍ ഉണ്ടാക്കാന്‍ കഴിയുമോ ഇല്ലയോ എന്ന് എനിക്ക് കൃത്യമായി അറിയാന്‍ കഴിയും' എന്നായിരുന്നു ട്രംപ് മറുപടി നല്‍കിയത്.