വാഷിംഗ്ടണ്‍: ഏപ്രില്‍ രണ്ടു മുതല്‍ വെനിസ്വേലയില്‍ നിന്ന് എണ്ണയോ വാതകമോ വാങ്ങുന്ന ഏതൊരു രാജ്യത്തിനും അമേരിക്കയുമായുള്ള എല്ലാ വ്യാപാരത്തിനും 25 ശതമാനം തീരുവ ഏര്‍പ്പെടുത്തുമെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. എതിരാളികളുമായും ദീര്‍ഘകാല സഖ്യകക്ഷികളുമായും ട്രംപിന്റെ വ്യാപാര തര്‍ക്കങ്ങളാണ് ഈ നീക്കം വ്യക്തമാക്കുന്നത്.
വെനിസ്വേല അമേരിക്കയോടും തങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന സ്വാതന്ത്ര്യങ്ങളോടും വളരെ ശത്രുത പുലര്‍ത്തുന്നു എന്നാണ് ട്രംപ് തന്റെ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍ എഴുതിയത്. 'അതിനാല്‍, വെനിസ്വേലയില്‍ നിന്ന് എണ്ണയോ/ അല്ലെങ്കില്‍ വാതകമോ വാങ്ങുന്ന ഏതൊരു രാജ്യവും നമ്മുടെ രാജ്യവുമായി നടത്തുന്ന ഏതൊരു വ്യാപാരത്തിനും അമേരിക്കയ്ക്ക് 25 ശതമാനം തീരുവ നല്‍കാന്‍ നിര്‍ബന്ധിതരാകും,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'എല്ലാ രേഖകളിലും ഒപ്പുവയ്ക്കുകയും രജിസ്റ്റര്‍ ചെയ്യുകയും ചെയ്യും. താരിഫ് 2025 ഏപ്രില്‍ 2-ന് അമേരിക്കയിലെ സ്വാതന്ത്ര്യ ദിനത്തില്‍ നടക്കും' എന്ന് അദ്ദേഹം തുടര്‍ന്നു പറഞ്ഞു.
എല്ലാ യു എസ് വ്യാപാര പങ്കാളികള്‍ക്കും മേലുള്ള 'പ്രതികാര താരിഫുകള്‍' എന്ന് ട്രംപ് പരാമര്‍ശിക്കുന്ന കാര്യങ്ങള്‍ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച തിയ്യതിക്ക് ഒരു ആഴ്ച മുമ്പാണ് ഈ കാര്യങ്ങള്‍ പറയുന്നത്. അവതരിപ്പിക്കാന്‍ പോകുന്ന ഈ താരിഫുകള്‍ റിപ്പബ്ലിക്കന്‍മാര്‍ പുതിയ നികുതി, ചെലവ് ബില്‍ തയ്യാറാക്കുമ്പോള്‍ വ്യാപാരം പുനഃസന്തുലിതമാക്കാനും അധിക വരുമാനം നേടാനുമുള്ള അദ്ദേഹത്തിന്റെ ദീര്‍ഘകാല പദ്ധതിയുടെ ഭാഗമാണ്.
തിങ്കളാഴ്ചത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ വൈറ്റ് ഹൗസ് മുമ്പ് പ്രതീക്ഷിച്ചതിലും കൂടുതല്‍ ലക്ഷ്യം വച്ചുള്ള ഒരു തന്ത്രം സ്വീകരിച്ചേക്കാമെന്നാണ് സൂചിപ്പിക്കുന്നത്. താരിഫുകള്‍ വ്യാപകമായി പ്രയോഗിക്കുന്നതിനുപകരം, ഭരണകൂടം 'ഡേര്‍ട്ടി 15' എന്ന് വിളിക്കുന്ന ചെറിയ കൂട്ടം രാജ്യങ്ങള്‍, മൊത്തം രാജ്യങ്ങളുടെ ഏകദേശം 15 ശതമാനം, യു എസുമായി ഏറ്റവും അസന്തുലിതമായ വ്യാപാര ബന്ധമുള്ളവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാം.