വാഷിംഗ്ടൺ: പാലസ്തീനികൾക്കു പിന്തുണ നൽകിയതിന്റെ േപരിൽ ടഫ്‌സ് സർവകലാശാലയിലെ ടർക്കിഷ് വിദ്യാർഥിനിയെ യു.എസ് ഇമിഗ്രേഷൻ അധികൃതർ അറസ്റ്റ് ചെയ്യുകയും വിസ റദ്ദാക്കുകയും ചെയ്തു.
30കാരിയായ റുമേസ ഒസ്തുർക്ക് സുഹൃത്തുക്കളെ കാണാനും റംസാൻ നോമ്പ് തുറക്കാനും സോമർവില്ലിലെ വീട്ടിൽനിന്ന് ഇറങ്ങിയപ്പോഴാണ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി ഏജന്റുമാർ അറസ്റ്റ് ചെയ്തതെന്ന് അവരുടെ അഭിഭാഷകൻ മഹ്‌സ ഖാൻബാബായ് ബോസ്റ്റൺ ഫെഡറൽ കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു.
പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിദേശ വിദ്യാർഥികൾക്കെതിരായ നയത്തിന്റെ ഭാഗമായി ബോസ്റ്റൺ ഏരിയയിലെ ആദ്യത്തെ അറസ്റ്റാണ് ഇവരുടേതെന്ന് ഓസ്തുർക്കിന്റ സുഹൃത്തുക്കൾ പറഞ്ഞു. ഓസ്തുർക്കിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നൂറുകണക്കിനു പേർ സോമർവില്ലിൽ പ്രതിഷേധിച്ചു.
നിയമപരമായി യു.എസിലുള്ളവരും പാലസ്തീൻ അനുകൂല പ്രതിഷേധങ്ങളിൽ ഏർപ്പെട്ടവരുമായ നിരവധി വിദേശ വിദ്യാർഥികളെ ട്രംപ് ഭരണകൂടം അറസ്റ്റ് ചെയ്യുകയോ തടങ്കലിൽ വെക്കാൻ ശ്രമിക്കുകയോ ചെയ്തിട്ടുണ്ട്. ഇവർ നടത്തുന്ന പ്രതിഷേധങ്ങൾ സെമിറ്റിക് വിരുദ്ധമാണെന്നും യു.എസിന്റെ വിദേശനയത്തെ തുരങ്കം വെക്കുമെന്നുമാണ് ഭരണകൂടം വാദിക്കുന്നത്.
'ഓസ്തുർക്ക് വിദേശ ഭീകര സംഘടനയായ ഹമാസിനെ പിന്തുണക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നതായി അന്വേഷണങ്ങളിൽ കണ്ടെത്തി'യെന്ന് യു.എസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി വക്താവ് ട്രിസിയ മക്ലാഗ്ലിൻ 'എക്‌സി'ൽ പോസ്റ്റ് ചെയ്തു.
ഇയ്രേൽ വംശഹത്യക്ക് അനൂകുലമായുള്ള ടഫ്‌സ് സർവകലാശാലയുടെ പ്രതികരണത്തെ വിമർശിച്ച് സ്‌കൂളിലെ സ്റ്റുഡന്റ് പേപ്പറായ 'ടഫ്‌സ് ഡെയ്‌ലി'യിൽ ഇവർ ലേഖനം എഴുതിയതിന് ഒരു വർഷത്തിന് ശേഷമാണ് അറസ്റ്റ്. തന്നെ നിയമവിരുദ്ധമായി തടങ്കലിൽ വെച്ചിരിക്കുകയാണെന്ന് വാദിച്ച് അഭിഭാഷകൻ ഖാൻബാബായ് മുഖേന ഒസ്തുർക്ക് കേസ് ഫയൽ ചെയ്തു. ഇതിനു പിന്നാലെ ബോസ്റ്റണിലെ യു.എസ് ജില്ലാ ജഡ്ജി ഇന്ദിര തൽവാനി അറിയിപ്പ് കൂടാതെ മസാച്ചുസെറ്റ്‌സിൽ നിന്ന് ഓസ്തുർക്കിനെ മാറ്റരുതെന്ന് യു.എസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റിനോട് ഉത്തരവിട്ടു.
എന്നാൽ, ജഡ്ജിയുടെ ഉത്തരവ് ഉണ്ടായിരുന്നിട്ടും തന്റെ ക്ലയന്റിനെ കണ്ടെത്താൻ തനിക്ക് കഴിഞ്ഞില്ലെന്നും ഓസ്തുർക്കിനെ ലൂസിയാനയിലേക്ക് മാറ്റിയതായി ഒരു യു.എസ് സെനറ്ററുടെ ഓഫിസ് അറിയിച്ചെന്നും ഖാൻബാബായ് പറഞ്ഞു. വിദ്യാർഥിയുടെ തടങ്കലിനെ മസാച്യുസെറ്റ്‌സിലെ യു.എസ് സെനറ്റർ എലിസബത്ത് വാറൻ ഉൾപ്പെടെയുള്ള ഡെമോക്രാറ്റിക് അംഗങ്ങൾ അപലപിച്ചു. 'പൗരസ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്ന ഭയാനകമായ നടപടിയിലെ ഏറ്റവും പുതിയതെന്ന്' അവർ പറഞ്ഞു.
പാലസ്തീനു പിന്തുണ നൽകിയ ടർക്കിഷ് വിദ്യാർഥിനി യുഎസിൽ അറസ്റ്റിൽ; വിസ റദ്ദാക്കി
