വാഷിംഗ്ടണ്‍: അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ഡൊണള്‍ഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്യുന്ന ജനുവരി 20ന് മുമ്പ് ശൈത്യകാല അവധി കഴിഞ്ഞ് മടങ്ങാന്‍ മസാച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എംഐടി)യും യു എസിലെ നിരവധി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും അന്താരാഷ്ട്ര വിദ്യാര്‍ഥികളോടും ജീവനക്കാരോടും നിര്‍ദ്ദേശിച്ചു.
ട്രംപ് ഭരണകൂടം യു എസിലെ അനധികൃത കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുമെന്ന ചര്‍ച്ചയുടെ പശ്ചാത്തലത്തിലാണ് നിര്‍ദ്ദേശം പുറത്തുവന്നിരിക്കുന്നത്. രാജ്യത്ത് 11 ദശലക്ഷത്തിലധികം അനധികൃത കുടിയേറ്റക്കാര്‍ ഉണ്ടെന്നാണ് കണക്ക്.
ഇന്റര്‍നാഷണല്‍ എജ്യുക്കേഷണല്‍ എക്സ്ചേഞ്ചില്‍ അടുത്തിടെയുള്ള ഓപ്പണ്‍ ഡോര്‍സ് 2024 റിപ്പോര്‍ട്ട് യു എസില്‍ 1.1 ദശലക്ഷം അന്തര്‍ദ്ദേശീയ വിദ്യാര്‍ഥികളുണ്ടെന്ന് വിശദമാക്കുന്നു. ഇതില്‍ ഇന്ത്യയില്‍ നിന്നും 3,30,000 പേരാണുള്ളത്. ഇന്ത്യയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്.
ഹയര്‍ എഡ് ഇമിഗ്രേഷന്‍ പോര്‍ട്ടല്‍ കണക്കാക്കുന്നത് നിലവില്‍ നാല് ലക്ഷത്തിലധികം അനധികൃത വിദ്യാര്‍ഥികള്‍ യു എസ് ഉന്നത വിദ്യാഭ്യാസത്തില്‍ ചേര്‍ന്നിട്ടുണ്ടെന്നാണ്.
ഇന്ത്യയില്‍ നിന്നുള്ള 330,000-ലധികം അന്തര്‍ദ്ദേശീയ വിദ്യാര്‍ഥികളില്‍ സാധുതയുള്ള എഫ്- വിസ ഉള്ളവരെ ട്രംപ് ഭരണകൂടത്തിന്റെ ഏതെങ്കിലും വിസ നിരോധനം ബാധിക്കാന്‍ സാധ്യതയില്ല.
എന്നാല്‍ 2017ല്‍ ആദ്യ ട്രംപ് ഭരണകൂടം അധികാരമേറ്റതിന് പിന്നാലെ ഏഴ് മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരെയും കുടിയേറ്റക്കാരല്ലാത്ത യാത്രക്കാരെയും 90 ദിവസത്തേക്ക് യു എസില്‍ പ്രവേശിക്കുന്നത് വിലക്കി എക്സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ അനുഭവം മുമ്പിലുള്ളതുകൊണ്ടാണ് വിദ്യാര്‍ഥികളോട് സത്യപ്രതിജ്ഞയ്ക്ക് മുമ്പ് മടങ്ങാന്‍ സര്‍വകലാശാലകള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
കിംവദന്തികളോ ഊഹാപോഹങ്ങളോ ശ്രദ്ധിക്കരുതെന്ന് എം ഐ ടി വിദ്യാര്‍ഥികളോട് അഭ്യര്‍ഥിച്ചു.
2025 ജനുവരി 20ന് പുതിയ പ്രസിഡന്റ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും എന്നതിനാല്‍ ഇമിഗ്രേഷന്‍, വിസ വിഷയങ്ങളില്‍ ഉടനടിയുള്ള പ്രത്യാഘാതങ്ങള്‍ എന്തായിരിക്കുമെന്ന കാര്യത്തില്‍ വ്യക്തത നിര്‍ണ്ണയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് എം ഐ ടി ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സ് ഓഫിസ് അസോസിയേറ്റ് ഡീനും ഡയറക്ടറുമായ ഡേവിഡ് സി എല്‍വെല്‍ പറഞ്ഞത്.
യാത്രയെയും വിസ പ്രോസസിംഗിനെയും ബാധിച്ചേക്കാവുന്ന പുതിയ എക്‌സിക്യൂട്ടീവ് ഓര്‍ഡറുകള്‍ ആ തിയ്യതിയിലോ അതിന് ശേഷമോ നടപ്പിലാക്കിയേക്കാമെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം തെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ മാറ്റങ്ങള്‍ വിദേശത്തുള്ള യു എസ് എംബസി/ കോണ്‍സുലേറ്റുകളിലെ ജീവനക്കാരുടെ നിലവാരത്തെയും ബാധിക്കുമെന്നും അത് എന്‍ട്രി വിസ പ്രോസസിംഗ് സമയത്തിലും പ്രതിഫലിക്കുമെന്നും എല്‍വെല്‍ പറഞ്ഞു.
യു എസിലേക്ക് മടങ്ങുന്നതിന് പുതിയ എന്‍ട്രി വിസയ്ക്ക് അപേക്ഷിക്കേണ്ട വിദ്യാര്‍ഥികള്‍ വിപുലമായ പ്രോസസ്സിംഗ് സമയത്തിനായി തയ്യാറെടുക്കണമെന്നും വിദേശത്ത് യാത്ര ചെയ്ത് പുതിയ എന്‍ട്രി വിസ ലഭിക്കുന്നതിന് കാത്തിരിക്കുകയാണെങ്കില്‍ ഒരു ബാക്കപ്പ് പ്ലാന്‍ ഉണ്ടായിരിക്കണമെന്നും എംഐടി പറഞ്ഞു.
ഏത് പ്രോസസിംഗ് കാലതാമസവും ആസൂത്രണം ചെയ്തതുപോലെ യു എസിലേക്ക് മടങ്ങാനുള്ള വിദ്യാര്‍ഥികളുടെ അവസ്ഥയെ ബാധിക്കുമെന്നും സര്‍വകലാശാല അഭിപ്രായപ്പെട്ടു. ഈ വിഷയത്തില്‍ പിടിഐയുടെ ചോദ്യത്തോട് ട്രംപ് ട്രാന്‍സിഷന്‍ ടീം പ്രതികരിച്ചില്ല.
യുമാസ് ഇമിഗ്രേഷന്‍ സ്‌പോണ്‍സര്‍ഷിപ്പിന് കീഴിലുള്ള എല്ലാ അന്തര്‍ദ്ദേശീയ വിദ്യാര്‍ഥികളും ഫാക്കല്‍റ്റികളും ജീവനക്കാരും ഉള്‍പ്പെടെ 2025 ജനുവരി 20ലെ സത്യപ്രതിജ്ഞയ്ക്ക് മുമ്പായി അമേരിക്കയിലേക്ക് മടങ്ങുന്നത് പരിഗണിക്കണമെന്ന് ഓഫീസ് ഓഫ് ഗ്ലോബല്‍ അഫയേഴ്‌സ് ശുപാര്‍ശ ചെയ്തു. ഇത് പുതിയ നയവുമായി ബന്ധപ്പെട്ട് പറയുന്നതല്ലെന്നും ആദ്യ ട്രംപ് ഭരണകൂടത്തില്‍ നടപ്പാക്കിയ യാത്രാ നിരോധനവുമായി ബന്ധപ്പെട്ട മുന്‍ അനുഭവത്തെ അടിസ്ഥാനമാക്കിയുള്ള ശുപാര്‍ശയാണെന്നും സര്‍വകലാശാല പറഞ്ഞു.
മറ്റ് പല സര്‍വകലാശാലകളും സമാനമായ ഉപദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
ഇന്‍ഡ്യാനയിലെ വെസ്ലിയന്‍ യൂണിവേഴ്സിറ്റി ജനുവരി 19-നകം കാമ്പസിലെത്താന്‍ അന്താരാഷ്ട്ര വിദ്യാര്‍ഥികളോട് അഭ്യര്‍ത്ഥിച്ചു.
രാജ്യത്തേക്ക് വീണ്ടും പ്രവേശിക്കുന്നതിനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനുള്ള ഏറ്റവും സുരക്ഷിതമായ മാര്‍ഗം ജനുവരി 19ന് മുമ്പ് ഹാജരാകുക എന്നതാണെന്ന് വെസ്ലിയന്റെ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് അഫയേഴ്സ് ഓഫീസ് കഴിഞ്ഞ തിങ്കളാഴ്ച ഒരു ഇമെയിലില്‍ എഴുതി.
ഈ വിഷയത്തില്‍ യേല്‍ യൂണിവേഴ്‌സിറ്റി അതിന്റെ അന്താരാഷ്ട്ര വിദ്യാര്‍ഥികളുമായി ഒരു വെര്‍ച്വല്‍ സെഷന്‍ നടത്തി.