അമേരിക്കയിലെ ഗവണ്‍മെന്റ് ഷട്ട്ഡൗണ്‍ രണ്ടാഴ്ച പിന്നിടുന്നു; ശമ്പളമില്ലാതെ ജീവനക്കാര്‍; കൂട്ടപ്പിരിച്ചുവിടലുകള്‍ തുടരും

അമേരിക്കയിലെ ഗവണ്‍മെന്റ് ഷട്ട്ഡൗണ്‍ രണ്ടാഴ്ച പിന്നിടുന്നു; ശമ്പളമില്ലാതെ ജീവനക്കാര്‍; കൂട്ടപ്പിരിച്ചുവിടലുകള്‍ തുടരും


വാഷിംഗ്ടണ്‍: അമേരിക്കയില്‍ രണ്ടാഴ്ചയായി തുടരുന്ന ഗവണ്‍മെന്റ് ഷട്ട്ഡൗണ്‍ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ പ്രതിസന്ധികളിലേക്ക് കൊണ്ടുപോകുന്നതായി റിപ്പോര്‍ട്ട്. ഒക്ടോബര്‍ ഒന്നിന് ആരംഭിച്ച ഷട്ട്ഡൗണ്‍ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയതും രാഷ്ട്രീയമായി ഏറെ ചര്‍ച്ചയാവുന്നതുമായ ഒന്നായി മാറുകയാണ്. ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധനവില്‍നിന്ന് ലക്ഷക്കണക്കിന് അമേരിക്കക്കാരെ സംരക്ഷിക്കുന്നതിനായി ഒബാമ കെയര്‍ സബ്‌സിഡികള്‍ തുടരണമെന്ന് ഡെമോക്രാറ്റുകള്‍ ആവശ്യപ്പെടുമ്പോള്‍, സര്‍ക്കാര്‍ വീണ്ടും തുറക്കുന്നതുവരെ ഈ ചര്‍ച്ചകള്‍ മാറ്റിവെക്കണമെന്ന് റിപ്പബ്ലിക്കന്‍മാരും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും സ്പീക്കര്‍ മൈക്ക് ജോണ്‍സണും വാദിക്കുന്നു.

ഈ തര്‍ക്കങ്ങള്‍ക്കിടയില്‍, സര്‍ക്കാര്‍ ജീവനക്കാരുടെ പിരിച്ചുവിടലുകള്‍, സൈനികര്‍ക്കുള്ള ശമ്പളം, ആരോഗ്യ സംരക്ഷണ നയങ്ങളിലെ മാറ്റങ്ങള്‍ എന്നിവയെല്ലാം വലിയ ആശങ്കയുണ്ടാക്കുന്നുണ്ടെന്ന് യുഎസ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 

നിലവിലെ ഗവണ്‍മെന്റ് ഷട്ട്ഡൗണ്‍ കാരണം ഫെഡറല്‍ ഗവണ്‍മെന്റില്‍ വ്യാപകമായ നടപടികള്‍ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ആഴ്ച, ട്രംപ് ഭരണകൂടം ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എജ്യൂക്കേഷന്‍, ഹെല്‍ത്ത് ആന്റ് ഹ്യൂമന്‍ സര്‍വീസസ്, സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ എന്നിവിടങ്ങളില്‍ കൂട്ടപ്പിരിച്ചുവിടലുകള്‍ നടത്തി. ഇത് സ്‌പെഷ്യല്‍ എജ്യൂക്കേഷന്‍ രംഗത്തും ദുര്‍ബലരായ വിഭാഗങ്ങള്‍ക്കും വലിയ തിരിച്ചടിയായി. അതേസമയം പിരിച്ചുവിടലുകളും വെട്ടിക്കുറയ്ക്കലുകളും പ്രധാനമായും ഡെമോക്രാറ്റ് പ്രോഗ്രാമുകളില്‍ ആയിരിക്കും നടത്തുകയെന്ന് പ്രസിഡന്റ് ട്രംപ് തന്നെ പറഞ്ഞത് രാഷ്ട്രീയപരമായ ഭിന്നത വര്‍ധിപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 

അതിനിടെ, ശമ്പളം മുടങ്ങുമെന്ന ആശങ്ക വര്‍ധിച്ചുവരുന്നതിനിടയില്‍, സൈനികര്‍ക്ക് ശമ്പളം നല്‍കാനായി എട്ട് ബില്യണ്‍ ഡോളര്‍ ഉപയോഗിക്കണമെന്ന് ട്രംപ് പ്രതിരോധ വകുപ്പിനോട് ആവശ്യപ്പെട്ടു. സ്പീക്കര്‍ ജോണ്‍സണും വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സും ഈ നടപടിയെ നിയമപരവും അത്യാവശ്യവുമാണെന്ന് പ്രശംസിച്ചു. എന്നാല്‍, ഷട്ട്ഡൗണ്‍ മാസങ്ങളോളം നീണ്ടുനിന്നാല്‍ ഇത്തരം അടിയന്തര നടപടികള്‍ എത്രത്തോളം ഫലപ്രദമാകുമെന്ന് കണ്ടറിയണമെന്ന് സിബിഎസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. കോണ്‍ഗ്രസ് ഉദ്യോഗസ്ഥര്‍, മറ്റ് ഫെഡറല്‍ ജീവനക്കാര്‍, കരാറുകാര്‍ എന്നിവര്‍ക്കെല്ലാം ശമ്പളം മുടങ്ങാനും കഷ്ടപ്പാടുകള്‍ സഹിക്കേണ്ടി വരാനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

നിലവിലെ പ്രതിസന്ധിയുടെ പ്രധാന കാരണം, മെച്ചപ്പെടുത്തിയ അഫോര്‍ഡബിള്‍ കെയര്‍ ആക്ട് (ഒബാമകെയര്‍) സബ്‌സിഡികള്‍ അവസാനിക്കുന്നതാണ്. ഈ സബ്‌സിഡികള്‍ അവസാനിക്കുന്നതിന് മുന്‍പ് നടപടിയെടുത്തില്ലെങ്കില്‍, ലക്ഷക്കണക്കിന് ആളുകളുടെ ഇന്‍ഷുറന്‍സ് പ്രീമിയം ഇരട്ടിയാകുമെന്ന് കൈസര്‍ ഫാമിലി ഫൗണ്ടേഷന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഒബാമകെയര്‍ റദ്ദാക്കാനുള്ള മുന്‍ ശ്രമങ്ങള്‍ പരാജയപ്പെട്ടതിന്റെ അനുഭവത്തില്‍, റിപ്പബ്ലിക്കന്‍മാര്‍ ഈ വിഷയത്തില്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് പറയുന്നു. എന്നാല്‍, ഡെമോക്രാറ്റുകള്‍ സര്‍ക്കാര്‍ ഫണ്ട് പുനഃസ്ഥാപിക്കാന്‍ സമ്മതിച്ചാല്‍ മാത്രമേ ചര്‍ച്ചകള്‍ നടക്കൂ എന്ന് അവര്‍ വ്യക്തമാക്കുന്നു.

അതേസമയം ട്രംപ് ഭരണകൂടത്തിന്റെ കൂട്ടപ്പിരിച്ചുവിടലുകള്‍ക്കെതിരെ തൊഴിലാളി യൂണിയനുകള്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ ഫണ്ട് വര്‍ധിപ്പിക്കാനായി ട്രംപ് വ്യാപകമായി ഉപയോഗിക്കുന്ന താരിഫുകള്‍ ഇപ്പോള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. സെനറ്റ് ചൊവ്വാഴ്ച വീണ്ടും ഒരു ഫണ്ടിങ് ബില്ലിന്മേല്‍ വോട്ട് ചെയ്യാന്‍ നിശ്ചയിച്ചിട്ടുണ്ട്. ഇത് എട്ടാമത്തെ തവണയായിരിക്കും വോട്ടിങ് നടക്കുക. വോട്ടെടുപ്പ് നടക്കുന്നുണ്ടെങ്കിലും കാര്യമായ പുരോഗതി പ്രതീക്ഷിക്കുന്നില്ലെന്ന് വാര്‍ത്താ ഏജന്‍സികള്‍ സൂചിപ്പിക്കുന്നു. നവംബര്‍ ഒന്നിന് ഒബാമകെയറിന്റെ ഓപ്പണ്‍ എന്റോള്‍മെന്റ് ആരംഭിക്കുമ്പോള്‍, സബ്‌സിഡി വിഷയത്തില്‍ പരിഹാരം കാണുന്നില്ലെങ്കില്‍ ലക്ഷക്കണക്കിന് ആളുകള്‍ക്ക് അവരുടെ പ്രീമിയം ഗണ്യമായി വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളില്‍ ചൂണ്ടിക്കാട്ടുന്നു.