ന്യൂഡല്‍ഹി: പുതുക്കിയ മന്ത്രിതല ചര്‍ച്ചകള്‍, പുനരുജ്ജീവിപ്പിച്ച ഊര്‍ജ്ജ സംഭാഷണം, വ്യാപാര, സാങ്കേതിക സഹകരണത്തില്‍ പുതിയ മുന്നേറ്റം എന്നിവയിലൂടെ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താന്‍ ഇന്ത്യയും കാനഡയും തിങ്കളാഴ്ച ധാരണയിലെത്തി.
വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറും കനേഡിയന്‍ വിദേശകാര്യ മന്ത്രി അനിറ്റ ആനന്ദും തമ്മില്‍ ന്യൂഡല്‍ഹിയില്‍ നടന്ന ഉന്നതതല കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പ്രഖ്യാപനങ്ങള്‍.
'ആഗോള സാമ്പത്തിക അനിശ്ചിതത്വവും വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ക്കും ഇടയില്‍ പുതുക്കിയ പങ്കാളിത്തം നിര്‍ണായകമാണെന്ന് ചര്‍ച്ചകള്‍ക്ക് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ ഇരുനേതാക്കളും വിശേഷിപ്പിച്ചു. രണ്ട് ജനാധിപത്യ രാജ്യങ്ങള്‍ തമ്മിലുള്ള അടുത്ത സഹകരണം കൂടുതല്‍ സ്ഥിരതയുള്ള വിതരണ ശൃംഖലകള്‍, തന്ത്രപരമായ സ്ഥിരത, സാമ്പത്തിക അവസരങ്ങള്‍ എന്നിവ കെട്ടിപ്പടുക്കാന്‍ സഹായിക്കുമെന്നും സംയുക്ത പ്രസ്താവന കൂട്ടിച്ചേര്‍ത്തു.
കുറച്ചുകാലമായി നയതന്ത്രപരമായ ഭിന്നതയ്ക്കുശേഷം ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ തിരികെ വന്ന അഭിപ്രായ ഐക്യത്തെയാണ് ഈ പ്രസ്താവന കാണിക്കുന്നത്. മാസങ്ങള്‍ നീണ്ട ശ്രദ്ധാപൂര്‍വ്വമായ ഐക്യശ്രമങ്ങള്‍ക്കു ശേഷമാണ് ഈ നേട്ടം. ജൂണില്‍ ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയും തമ്മിലുള്ള കൂടിക്കാഴ്ചയോടെയാണ് സമവായ ശ്രമങ്ങളുടെ തുടക്കം. ഭിന്നതയിലായിരുന്ന സമയത്ത് പരസ്പരം പുറത്താക്കിയ നയതന്ത്ര ഉദ്യോഗസ്ഥരെ ഇരു രാജ്യങ്ങളും പുന:സ്ഥാപിക്കുകയും ഉഭയകക്ഷി സംവിധാനങ്ങള്‍ വീണ്ടും സജീവമാക്കുകയും ചെയ്തു.
പ്രധാനമന്ത്രി മോഡിയുമായും കൂടിക്കാഴ്ച നടത്തിയ കാനഡ വിദേശ കാര്യമന്ത്രി സുരക്ഷ, നിയമ നിര്‍വ്വഹണ സംഭാഷണങ്ങള്‍ തുടരുന്നതിനൊപ്പം ഇരു രാജ്യങ്ങളും 'ബന്ധം ഉയര്‍ത്തുന്നുണ്ടെന്നും' ഊന്നിപ്പറഞ്ഞു. വ്യാപാരം, ഊര്‍ജ്ജം, സാങ്കേതികവിദ്യ, കൃഷി, ജനങ്ങള്‍ തമ്മിലുള്ള ഇടപെടല്‍ എന്നിവയിലെ ബന്ധങ്ങളിലേക്ക് 'പുതിയ ആക്കം കൂട്ടുന്നതിനും' സഹകരണം കൂടുതല്‍ ആഴത്തിലാക്കുന്നതിനുമുള്ള അവസരമായി അനിറ്റ ആനന്ദിന്റെ സന്ദര്‍ശനത്തെ മോഡി സ്വാഗതം ചെയ്തു.
കാനഡ-ഇന്ത്യ മന്ത്രിതല ഊര്‍ജ്ജ സംഭാഷണം (CIMED) പുനഃസ്ഥാപിക്കാനുള്ള തീരുമാനമായിരുന്നു കൂടിക്കാഴ്ചയുടെ പ്രധാന നേട്ടം. എണ്ണ, വാതക പര്യവേക്ഷണം, ഹരിത ഹൈഡ്രജന്‍, ജൈവ ഇന്ധനങ്ങള്‍, കാര്‍ബണ്‍ പിടിച്ചെടുക്കല്‍ സാങ്കേതികവിദ്യകള്‍ എന്നിവയിലെ നിക്ഷേപങ്ങള്‍ ഉള്‍പ്പെടെ ശുദ്ധവും സുരക്ഷിതവുമായ ഊര്‍ജ്ജത്തില്‍ കൂടുതല്‍ സഹകരണത്തിന് പ്രതിജ്ഞാബദ്ധമാണെന്ന് ഇരുപക്ഷവും വ്യക്തമാക്കി.
പവര്‍ ഗ്രിഡ് സ്ഥിരത ശക്തിപ്പെടുത്തുക, എമിഷന്‍ കുറയ്ക്കല്‍, ദുരന്ത പ്രതിരോധം എന്നിവയിലെ മികച്ച രീതികള്‍ പങ്കിടുക, ഊര്‍ജ്ജ മേഖലയിലെ ഇലക്ട്രിക് മൊബിലിറ്റി, ഡിജിറ്റല്‍ പരിവര്‍ത്തനം എന്നിവയിലെ സംയുക്ത പ്രവര്‍ത്തനങ്ങള്‍ പര്യവേക്ഷണം ചെയ്യുക എന്നിവയും സംഭാഷണത്തിന്റെ ലക്ഷ്യമായിരുന്നു. സമീപകാല സംഭവവികാസങ്ങള്‍ 'നമ്മുടെ സുരക്ഷാ ആശങ്കകള്‍ പരിഹരിക്കുന്നതില്‍ ഒരു പ്രധാന ചുവടുവയ്പ്പ്' അടയാളപ്പെടുത്തിയിട്ടുണ്ടെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള വിശാലമായ ഒത്തുചേരലിന് അടിവരയിടുന്നുവെന്നും യോഗത്തിനുശേഷം സംസാരിച്ച ജയ്ശങ്കര്‍ പറഞ്ഞു.
ഉഭയകക്ഷി ബന്ധം പുനഃസ്ഥാപിക്കുന്നതിന് ഇന്ത്യയും കാനഡയും ധാരണയിലെത്തി
