ലണ്ടന്‍: മമ്മൂട്ടിയും മോഹന്‍ലാലും നീണ്ട ഇവേളയ്ക്ക് ശേഷം ഒന്നിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം പേട്രിയറ്റിന്റെ ചിത്രീകരണ സംഘം യു കെയിലെത്തി. അസുഖ ബാധിതനായി ഏഴു മാസത്തെ ഇടവേളയെടുത്ത മമ്മൂട്ടി ഹൈദരബാദിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ ജോയിന്‍ ചെയ്ത് ഒരാഴ്ചയ്ക്ക് ശേഷമാണ് യു കെയിലേക്ക് പറന്നത്.
കുടുംബത്തോടൊപ്പം യു കെയില്‍ എത്തിയ മമ്മൂട്ടിയെ ചിത്രത്തിന്റെ ന്രിര്‍മാതാവും സുഹൃത്തുമായ അഡ്വ. സുഭാഷ് ജോര്‍ജ് മാനുവല്‍ വിമാനത്താവളത്തില്‍ സ്വീകരിച്ചു. കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ടീമിന്റെ ഉടമയും 'ധോണി ആപ്പ്' സ്ഥാപകനുമാണ് സുഭാഷ്.
കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ സിഗ്നേച്ചര്‍ നിറമായ നീലയിലുള്ള ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഡിബിഎക്‌സ്, റോള്‍സ് റോയ്‌സ് തുടങ്ങിയ ആഡംബര വാഹനങ്ങളുടെ അകമ്പടിയോടെയാണ് താരവും സംഘവും ലണ്ടനിലെ താമസസ്ഥലത്തേക്ക് യാത്ര തിരിച്ചത്. ഏതാനും ദിവസങ്ങള്‍ കുടുംബത്തോടൊപ്പം ചെലവഴിച്ച ശേഷം ഈ വാരാന്ത്യത്തോടെ അദ്ദേഹം ചിത്രീകരണത്തില്‍ പങ്കുചേരും.
യു കെയില്‍ എത്തിയതിന് പിന്നാലെ നിര്‍മാതാവ് അഡ്വ. സുഭാഷ് ജോര്‍ജ് മാനുവലിന്റെ ജന്മദിനം മമ്മൂട്ടിയുടെ ലണ്ടനിലെ അപ്പാര്‍ട്ട്‌മെന്റില്‍ ആഘോഷിച്ചു. അടുത്ത സുഹൃത്തുക്കള്‍ മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങില്‍ ഇരുവരും ചേര്‍ന്ന് കേക്ക് മുറിച്ചു.
മഹേഷ് നാരായണനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രീകരണത്തിനായുള്ള അവസാനഘട്ട തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കാന്‍ സംവിധായകനും അണിയറ പ്രവര്‍ത്തകരും നേരത്തെ തന്നെ യു കെയില്‍ എത്തിയിരുന്നു. മലയാള സിനിമയിലെ എക്കാലത്തെയും വലിയ പ്രോജക്റ്റുകളില്‍ ഒന്നായാണ് പ്േട്രിയറ്റിനെ കണക്കാക്കുന്നത്. നൂറ് കോടിയിലധികമാണ് സിനിമയുടെ മുതല്‍മുടക്ക്.