ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ട് ബോംബ് വച്ച് തകര്‍ക്കുമെന്ന് ഭീഷണി സന്ദേശം ലഭിച്ചതിനു പിന്നാലെ പൊലീസ് പരിശോധന നടത്തി. റിസര്‍വോയര്‍ തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ഇ-മെയിലിനെത്തുടര്‍ന്നാണ് പൊലീസ് പരിശോധന നടത്തിയത്.
130 വര്‍ഷം പഴക്കമുള്ള അണക്കെട്ട് തകരാന്‍ സാധ്യതയുണ്ടെന്നും മറ്റൊരു അണക്കെട്ട് നിര്‍മിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ടുള്ള പൊതുതാത്പര്യ ഹര്‍ജിയില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കും എന്‍ ഡി എം എയ്ക്കും സുപ്രിം കോടതി നോട്ടീസ് അയച്ചിരുന്നു. അതേ ദിവസം തന്നെയാണ് ഡാമിന് ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നതും.
തൃശൂര്‍ ജില്ലാ കളക്റ്ററേറ്റിന്റെ മെയിലിലേക്കാണ് ഭീഷണി സന്ദേശം ലഭിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ബോംബ് സ്‌ക്വാഡ് ഉള്‍പ്പെടെയുള്ളവര്‍ അണക്കെട്ടിന്റെ പരിസരങ്ങളില്‍ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി യാതൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.