സൗദി സന്ദര്‍ശനത്തിന് കേന്ദ്രാനുമതിയില്ല; മുഖ്യമന്ത്രിയുടെ ഗള്‍ഫ് സന്ദര്‍ശനം 15 ന് തുടങ്ങും

സൗദി സന്ദര്‍ശനത്തിന് കേന്ദ്രാനുമതിയില്ല; മുഖ്യമന്ത്രിയുടെ ഗള്‍ഫ് സന്ദര്‍ശനം 15 ന് തുടങ്ങും


തിരുവനന്തപുരം: മുഖ്യമന്ത്രി   പിണറായി വിജയന്റെ സൗദി സന്ദര്‍ശനത്തിന് കേന്ദ്ര വിദേശകാര്യമന്ത്രാലയം അനുമതി നല്‍കിയില്ല. അതേസമയം മറ്റു ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിക്ക് പുറമെ, മന്ത്രി സജി ചെറിയാന്‍, പേഴ്‌സണല്‍ അസിസ്റ്റന്റ് വി എം സുനീഷ് എന്നിവര്‍ക്കാണ് അനുമതി നല്‍കിയിട്ടുള്ളത്. 

ഒക്ടോബര്‍ 15 മുതല്‍ നവംബര്‍ 9 വരെയാണ് മുഖ്യമന്ത്രിയുടെ വിദേശ പര്യടനം. ബഹറിനില്‍ നിന്നാണ് മുഖ്യമന്ത്രിയുടെ പര്യടനം ആരംഭിക്കുക. 16ന് ബഹറിന്‍ കേരളീയ സമാജത്തിലാണ് പൊതുപരിപാടി നിശ്ചയിച്ചിരുന്നത്. പ്രവാസികള്‍ക്കായി ഇടതുസര്‍ക്കാര്‍ ചെയ്ത കാര്യങ്ങളും പുതിയ പദ്ധതികളും വിശദീകരിക്കുക, നോര്‍ക്ക, മലയാളം മിഷന്‍ പരിപാടികളില്‍ പങ്കെടുക്കുക എന്നിവയാണ് സന്ദര്‍ശന ലക്ഷ്യം.

ചൊവ്വാഴ്ച വൈകീട്ടാണ് ഗള്‍ഫ് സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി യാത്ര തിരിക്കുന്നത്. ബഹറിനിലെത്തുന്ന മുഖ്യമന്ത്രി അവിടെ നിന്നും സൗദിയിലേക്ക് റോഡു മാര്‍ഗം പോകാനാണ് പദ്ധതിയിട്ടിരുന്നത്. എന്നാല്‍ യാത്രയ്ക്ക് അനുമതി ലഭിക്കാത്തതിനാല്‍ 16 ന് മുഖ്യമന്ത്രി കൊച്ചിയില്‍ തിരിച്ചെത്തും. 22ന് മസ്‌കറ്റിലെത്തുന്ന മുഖ്യമന്ത്രി 24 ന് പൊതുപരിപാടിയില്‍ പങ്കെടുക്കും. 25 ന് സലാലയിലെ പരിപാടിയിലും പങ്കെടുക്കും. അതിന് ശേഷം 26 ന് കൊച്ചിയിലെത്തി 28 ന് രാത്രി ഖത്തറിലേക്ക് പോകാനാണ് തീരുമാനം.

30 ന് ഖത്തറിലെ പരിപാടിക്ക് ശേഷം തിരുവനന്തപുരത്ത് മടങ്ങിയെത്തും. തുടര്‍ന്ന് നവംബര്‍ അഞ്ചിന് കുവൈറ്റിലേക്ക് പോകും. കുവൈറ്റിലെ പരിപാടിക്ക് ശേഷം മുഖ്യമന്ത്രി അബുദാബിയിലെത്തും. അബുദാബിയിലും മുഖ്യമന്ത്രി വിവിധ പരിപാടികളില്‍ സംബന്ധിക്കും. അഞ്ചു ദിവസം മുഖ്യമന്ത്രി അബുദാബിയില്‍ ഉണ്ടാകും. മകന്‍ വിവേക് കിരണ്‍ അബുദാബിയിലാണ് ജോലി ചെയ്യുന്നത്.