ഗാസ കരാര്‍; ബുദ്ധിമുട്ടുള്ള വിഷയങ്ങളുടെ ചര്‍ച്ച പിന്നീടേക്ക് മാറ്റിവെച്ചതായി ഖത്തര്‍ പ്രധാനമന്ത്രി

ഗാസ കരാര്‍; ബുദ്ധിമുട്ടുള്ള വിഷയങ്ങളുടെ ചര്‍ച്ച പിന്നീടേക്ക് മാറ്റിവെച്ചതായി ഖത്തര്‍ പ്രധാനമന്ത്രി


ദോഹ: ഗാസ വെടിനിര്‍ത്തല്‍ കരാറില്‍ ചില വിഷയങ്ങളുടെ പരിഹാരം പിന്നീടേക്ക് മാറ്റിവെച്ചതായി ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍ താനി ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ചര്‍ച്ചയില്‍ ചില കാര്യങ്ങളുടെ പരിഹാരത്തിന് ഇസ്രായേലും ഹമാസും തയ്യാറാകാത്തതിനെ തുടര്‍ന്ന് ബുദ്ധിമുട്ടുള്ള ചില വിഷയങ്ങളുടെ പരിഹാരമാണ് മധ്യസ്ഥര്‍ മാറ്റിവെച്ചത്.  

ഇസ്രായേലിന് ഹമാസ് ഭീഷണിയാവില്ലെന്ന് തെളിയിക്കാനുള്ള ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും ഖത്തര്‍ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ചര്‍ച്ചയുടെ അടുത്ത ഘട്ടം അന്താരാഷ്ട്ര സ്ഥിരത സേനയുടെ രൂപീകരണത്തെക്കുറിച്ചായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. പാലസ്തീന്‍ അതോറിറ്റിക്കോ മറ്റു കക്ഷികള്‍ക്കോ ഹമാസ് ആയുധങ്ങള്‍ കൈമാറുന്നതില്‍ അടിസ്ഥാനപരമായ വ്യത്യാസമുണ്ടെന്നും ഖത്തര്‍ പ്രധാനമന്ത്രി തുടര്‍ന്നു.

പ്രശ്നങ്ങള്‍ ക്രമപ്രകാരം കൈകാര്യം ചെയ്തതുകൊണ്ടാണ് വ്യക്തമായ ഫലങ്ങള്‍ കൈവരിക്കാന്‍ വഴിയൊരുങ്ങിയത്. വെടിനിര്‍ത്തലും തടവുകാരെ മോചിപ്പിക്കലും ഇത്തരം പ്രവര്‍ത്തനങ്ങളുടെ ഫലങ്ങളായിരുന്നു.

പാലസ്തീന്‍ ജനതയോടും മേഖലയോടുമുള്ള മാനുഷികവും ചരിത്രപരവും നയതന്ത്രപരവുമായ കടമ നിറവേറ്റുന്നതില്‍ ഖത്തര്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് ഖത്തര്‍ പ്രധാനമന്ത്രി എക്‌സിലെ  പോസ്റ്റില്‍ കുറിച്ചു. മേഖലയിലെ സമാധാനത്തിനും സ്ഥിരതയ്ക്കും പിന്തുണ നല്‍കുന്നതിനുള്ള ഖത്തറിന്റെ ഉറച്ച പ്രതിബദ്ധതയും അദ്ദേഹം ആവര്‍ത്തിച്ചു.

കരാര്‍ നടപ്പിലാക്കുന്നതും സമാധാനവും സ്ഥിരതയും കൈവരിക്കുന്നതും ഉറപ്പാക്കാനുള്ള കൂട്ടായ ഉത്തരവാദിത്തമാണ് ഈ ഘട്ടത്തിന്റെ വിജയമെന്നും അദ്ദേഹം പറഞ്ഞു.