വാഷിംഗ്ടണ്‍: യുക്രെയ്‌നെതിരെ റഷ്യ ആക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ കീവിന് ടോമാഹോക്ക് മിസൈലുകള്‍ നല്‍കുന്നത് പരിഗണിക്കുമെന്ന് യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ഇത് ലഭിച്ചാല്‍ യുക്രെയ്‌ന് റഷ്യയുടെ ഉള്‍പ്രദേശങ്ങളിലേക്ക് കയറി കനത്ത ആക്രമണം നടത്താന്‍ സാധിക്കും. അമേരിക്കയുടെ ദീര്‍ഘദൂര ക്രൂയിസ് മിസൈലുകളാണ് ടോമാഹോക്ക്.
എയര്‍ഫോഴ്‌സ് വണ്ണില്‍ മാധ്യമ പ്രവര്‍ത്തകര്‍ കീവിനു ടോമാഹോക്കുകള്‍ നല്‍കുമോ എന്ന് ചോദിച്ചപ്പോഴാണ് തനിക്ക് അത് കഴിയുമെന്നും റഷ്യയുമായുള്ള യുക്രെയ്‌നിന്റെ യുദ്ധത്തില്‍ മിസൈലുകള്‍ ആക്രമണത്തിന്റെ പുതിയ ചുവടു വയ്പ് ആയിരിക്കുമെന്നും ട്രംപ് പറഞ്ഞത്. റഷ്യയ്‌ക്കെതിരെയുള്ള പ്രത്യാക്രമണങ്ങള്‍ നടത്താന്‍ ശക്തമായ സൈനിക ശേഷികള്‍ക്കായി ട്രംപും യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കിയും വാരാന്ത്യത്തില്‍ ഫോണില്‍ സംസാരിച്ചിരുന്നു.
യുക്രെയ്‌ന് ദീര്‍ഘ ദൂര മിസൈലുകള്‍ നല്‍കുന്നതിനെതിരെ മുമ്പ് മോസ്‌കോ വാഷിങ്ടണിനു മുന്നറിയിപ്പു നല്‍കിയിരുന്നു. യു എസ്- റഷ്യ ബന്ധങ്ങള്‍ ശിഥിലമാകുന്നതിന് അതു കാരണമാകുമെന്നും റഷ്യ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ട്രംപ് മോസ്‌കോയുമായി അത്ര നല്ല ബന്ധത്തിലല്ല.
2500 കിലോമീറ്റര്‍ പ്രഹരശേഷിയുള്ളവയാണ് ടോമാഹോക്ക് മിസൈലുകള്‍. ഇതു യുക്രെയ്‌നു ലഭിച്ചാല്‍ മോസ്‌കോയെ നേരിട്ട് ആക്രമിക്കാന്‍ അവര്‍ക്ക് സാധിക്കും. റഷ്യ- യുക്രെയ്ന്‍ യുദ്ധം പരിഹരിക്കപ്പെടുന്നില്ലെങ്കില്‍ ടോമാഹോക്ക് മിസൈലുകള്‍ യുക്രെയ്‌നു നല്‍കുന്നതാണ് നല്ലതെന്നാണ് ട്രംപ് പറയുന്നത്. യുക്രെയ്‌ന് ടോമാഹോക്ക് നല്‍കാതിരിക്കണമെങ്കില്‍ റഷ്യ യുക്രെയ്‌നെ കടന്നാക്രമിക്കുന്നത് അവസാനിപ്പിക്കുക തന്നെ വേണം. താന്‍ അത് റഷ്യയോടു പറഞ്ഞേക്കാം എന്നാണ് ട്രംപ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്.
ടോമാഹോക്കുകള്‍ റഷ്യയിലേയ്ക്ക് എത്താന്‍ അവര്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന് അവര്‍ തന്നെ തീരുമാനിക്കട്ടെ എന്നും ട്രംപ് പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബറില്‍ ടോമാഹോക്കുകള്‍ യുക്രെയ്‌ന് നല്‍കുന്ന ചര്‍ച്ച വന്നപ്പോള്‍ പുച്ഛിച്ചു തള്ളിയ ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് ഇത്തവണ ട്രംപിന്റെ ഈ മുന്നറിയിപ്പില്‍ ആശങ്ക പ്രകടിപ്പിച്ചു.
ടോമാഹോക്കുകളുമായി ബന്ധപ്പെട്ട വിഷയം റഷ്യയ്ക്ക് അങ്ങേയറ്റം ആശങ്കാ ജനകമാണ് എന്നാണ് പെസ്‌കോവ് പ്രതികരിച്ചത്. റഷ്യയ്ക്ക് ഇപ്പോള്‍ എല്ലാ വശത്തു നിന്നും പിരിമുറുക്കങ്ങള്‍ വര്‍ധിക്കുകയാണെന്നും റഷ്യയില്‍ ടോമാഹോക്കുകള്‍ വിക്ഷേപിച്ചാല്‍ അവര്‍ ആണവ പോര്‍മുനകള്‍ വഹിക്കുന്നുണ്ടോ എന്ന് മോസ്‌കോയ്ക്ക് കണ്ടെത്താനാകില്ലെന്നും പെസ്‌കോവ് ആശങ്ക പ്രകടിപ്പിച്ചു.