നെതന്യാഹു ഇല്ലാത്ത വേദിയില്‍ ഗാസ സമാധാന കരാറില്‍ ട്രംപ് ഒപ്പുവെച്ചു

നെതന്യാഹു ഇല്ലാത്ത വേദിയില്‍ ഗാസ സമാധാന കരാറില്‍ ട്രംപ് ഒപ്പുവെച്ചു


കയ്‌റോ: ഇസ്രായേല്‍-ഹമാസ് വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യ ഘട്ടത്തിന്റെ ഭാഗമായി ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാനക്കരാറില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചു. രണ്ടു വര്‍ഷം നീണ്ട സംഘര്‍ഷം അവസാനിപ്പിക്കാന്‍ യുഎസ്, ഈജിപ്ത്, തുര്‍ക്കി, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളുടെ മധ്യസ്ഥതയിലാണു കരാര്‍ സാധ്യമായത്. 
ഗാസയുടെ ഭാവിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കായി പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനൊപ്പം തിങ്കളാഴ്ച ഈജിപ്തിലെ ഷാം എല്‍ഷെയ്ക്കില്‍ 20 ലധികം ലോക നേതാക്കളും പങ്കെടുത്തു. എന്നാല്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ അഭാവം ശ്രദ്ധേയമായി.

ഇസ്രയേല്‍ പൗരന്‍മാരായ ബന്ദികളെ ഹമാസും, തടവിലുള്ള പലസ്തീന്‍ പൗരന്‍മാരെ ഇസ്രയേലും കരാറിന്റെ ഭാഗമായി മോചിപ്പിച്ചു. ഗാസയില്‍ യുദ്ധം അവസാനിപ്പിക്കാനും സമാധാനം പുലരാനും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നോട്ടുവച്ചതും ഇസ്രയേലും ഹമാസും അംഗീകരിച്ചതുമായ ഇരുപതിന പദ്ധതി ഉച്ചകോടി ചര്‍ച്ച ചെയ്ത് അംഗീകരിച്ചു. ഗാസയില്‍ വെടിനിര്‍ത്തല്‍ തുടരുന്നതിനിടെയാണ് ഈജിപ്തിലെ ഷാമെല്‍ ഷെയ്ഖില്‍ ട്രംപിന്റെയും ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താ അല്‍ സിസിയുടെയും അധ്യക്ഷതയില്‍ ഇരുപതോളം ലോകനേതാക്കള്‍ പങ്കെടുത്ത ഉച്ചകോടി നടന്നത്. പശ്ചിമേഷ്യയില്‍ സുസ്ഥിരമായ സമാധാനം പുലരുന്നതിനു വേണ്ട നടപടികളും ഇന്നത്തെ ഉച്ചകോടി സമഗ്രമായി ചര്‍ച്ചചെയ്തു. ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുത്തില്ല. പകരം കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീര്‍ത്തിവര്‍ധന്‍ സിങ് ഇന്ത്യയെ പ്രതിനിധീകരിച്ചു.
ഉച്ചകോടിയില്‍ ഒത്തുകൂടിയവരില്‍ പലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സ്, ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍, മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയര്‍, ഖത്തര്‍, ഈജിപ്ത്, ജോര്‍ദാന്‍, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, തുര്‍ക്കി എന്നിവിടങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു.

വെടിനിര്‍ത്തല്‍ കരാറുമായി ബന്ധപ്പെട്ട ഒപ്പുവെക്കല്‍ ചടങ്ങിന് മുമ്പ് 'സമാധാനം 2025' എന്ന് എഴുതിയ ഒരു ബോര്‍ഡിന് മുന്നില്‍ നേതാക്കളെല്ലാവരും ഫോട്ടോ സെഷന് പോസ് ചെയ്തു.

ട്രംപ്, ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് എല്‍സിസി, തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിപ് എര്‍ദോഗന്‍, ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് അല്‍താനി എന്നിവരടങ്ങിയ ലോക നേതാക്കളെ സാക്ഷിയാക്കിയാണ്  ട്രംപ് ധാരാളം നിയമങ്ങളും ചട്ടങ്ങളും മറ്റ് നിരവധി കാര്യങ്ങളും വിശദീകരിക്കുന്ന സമാധാന രേഖയില്‍ ഔദ്യോഗികമായി ഒപ്പുവച്ചത്, ' 
'ഇത് ഈ നിലയിലെത്താന്‍ 3,000 വര്‍ഷമെടുത്തുവെന്നും നിങ്ങള്‍ക്ക് വിശ്വസിക്കാനാകുമോ? എന്നും ഒപ്പുവയ്ക്കുന്നതിനിടയില്‍ചോദിച്ചു. ഇത് നിലനില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കരാറിലെ വ്യവസ്ഥകളും വാചകങ്ങളും അടങ്ങിയ പകര്‍പ്പ് പിന്നീട് വൈറ്റ് ഹൗസ് പുറത്തിറക്കി.

2023 ഒക്ടോബര്‍ 7നു തെക്കന്‍ ഇസ്രയേലില്‍ ഹമാസ് നടത്തിയ മിന്നലാക്രമണത്തില്‍ ഏതാണ്ട് 1200 പേരാണു കൊല്ലപ്പെട്ടത്. 251 പേരെ ബന്ദികളാക്കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് ഇസ്രയേല്‍ ഗാസയില്‍ ആക്രമണം ആരംഭിച്ചത്. ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഇതുവരെ ഗാസയില്‍ 67,160 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു.