'' എന്റെ പ്രിയപ്പെട്ട ഫീല്‍ഡ് മാര്‍ഷല്‍'' സമാധാന ഉച്ചകോടിയില്‍ പാക് സൈനിക മേധാവിയോടുള്ള അടുപ്പം പ്രകടിപ്പിച്ച് ട്രംപ്

'' എന്റെ പ്രിയപ്പെട്ട ഫീല്‍ഡ് മാര്‍ഷല്‍'' സമാധാന ഉച്ചകോടിയില്‍ പാക് സൈനിക മേധാവിയോടുള്ള അടുപ്പം പ്രകടിപ്പിച്ച് ട്രംപ്


കയ്‌റോ: ഈജിപ്തിലെ ഗാസ സമാധാന ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനിടയില്‍ പാക് സൈനിക മേധാവി അസിം മുനീറുമായുള്ള തന്റെ ആഴത്തിലുള്ള സൗഹൃദം പ്രകടിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ''എന്റെ പ്രിയപ്പെട്ട ഫീല്‍ഡ് മാര്‍ഷല്‍'' എന്നായിരുന്നു ചടങ്ങില്‍ പങ്കെടുക്കാതിരുന്നിട്ടും അസിം മുനീറിനെ ട്രംപ്  വിശേഷിപ്പിച്ചത്. ഈജിപ്തില്‍ ഗാസ സമാധാന കരാര്‍ ഒപ്പുവച്ച രാജ്യാന്തര ഉച്ചകോടിയില്‍ പ്രസംഗിക്കാന്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിനെ ക്ഷണിക്കുന്നതിനിടയിലായിരുന്നു ട്രംപിന്റെ വിശേഷണം.

ഉച്ചകോടിയില്‍ അസിം മുനീര്‍ പങ്കെടുത്തിരുന്നില്ല. ഇക്കാര്യം സൂചിപ്പിച്ചുകൊണ്ടാണ് ട്രംപിന്റെ വാക്കുകള്‍. 'പാകിസ്താന്‍ പ്രധാനമന്ത്രി ഷെരീഫ്.. എന്റെ പ്രിയപ്പെട്ട പാകിസ്താനിലെ ഫീല്‍ഡ് മാര്‍ഷല്‍, അദ്ദേഹം ഇവിടെയില്ല.. പക്ഷേ പ്രധാനമന്ത്രി ഇവിടെയുണ്ട്'', ഉച്ചകോടിയെ അഭിസംബോധന ചെയ്ത് സംസാരിക്കാന്‍ ഷെഹബാസ് ഷെരീഫിനെ ട്രംപ് ക്ഷണിച്ചതിങ്ങനെയായിരുന്നു. 

ഈജിപ്തിലെ വേദിയില്‍ നിന്ന് ഷെഹ്ബാസ് ഷെരീഫ്, ട്രംപിന് വലിയ നന്ദി പറഞ്ഞു. 'ഇന്ത്യയും പാകിസ്താനും തമ്മിലുള്ള യുദ്ധം അവസാനിപ്പിച്ചതിന്' ട്രംപിന് നന്ദി പറയുന്നതായി ഷെരീഫ് അറിയിച്ചു. സൈനിക സംഘര്‍ഷം അവസാനിപ്പിച്ച് ലക്ഷക്കണക്കിന് ജീവന്‍ രക്ഷിച്ചതിന് അദ്ദേഹത്തെ നൊബേല്‍ സമ്മാനത്തിന് നാമനിര്‍ദ്ദേശം ചെയ്തതായും ഷെരീഫ് അറിയിച്ചു. 

ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നടന്ന നാല് ദിവസത്തെ സൈനിക സംഘര്‍ഷത്തിനിടെ വെടിനിര്‍ത്തല്‍ സാധ്യമാക്കിയെന്ന് ട്രംപ് പലപ്പോഴും അവകാശപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഇന്ത്യ ഈ അവകാശവാദങ്ങള്‍ പലതവണ നിഷേധിച്ചിട്ടുണ്ട്. എന്നാല്‍ പാക് പ്രധാനമന്ത്രി ഇതേ വിഷയത്തില്‍ ട്രംപിനെ പുകഴ്ത്തുകയാണിപ്പോള്‍.

'അദ്ദേഹം ദക്ഷിണേഷ്യയില്‍ സമാധാനം കൊണ്ടുവരിക മാത്രമല്ല, അവിടുത്തെ ലക്ഷക്കണക്കിന് ആളുകളുടെ ജീവന്‍ രക്ഷിക്കുകയും ചെയ്തു. ഇന്ന് ഇവിടെ ഷാം എല്‍ ഷെയ്ഖില്‍, ഗാസയില്‍ സമാധാനം നേടുന്നത് മധ്യേഷ്യയിലെ ലക്ഷക്കണക്കിന് ആളുകളുടെ ജീവന്‍ രക്ഷിക്കുന്നതിന് തുല്യമാണ്. നിങ്ങളുടെ മാതൃകാപരമായ നേതൃത്വത്തിനും ദീര്‍ഘവീക്ഷണമുള്ള നേതൃത്വത്തിനും ഞാന്‍ നിങ്ങളെ അഭിനന്ദിക്കാന്‍ ആഗ്രഹിക്കുന്നു. ഈ സമയത്ത് ലോകത്തിന് ഏറ്റവും കൂടുതല്‍ ആവശ്യമുള്ള വ്യക്തി നിങ്ങളാണെന്ന് ഞാന്‍ കരുതുന്നു,' ഷെരീഫ് പറഞ്ഞു.
പിന്നീട് ഉച്ചകോടിയില്‍ വെച്ച്, ഇന്ത്യയുമായുള്ള ബന്ധത്തെക്കുറിച്ചും ട്രംപ് സംസാരിച്ചു. 'ഇന്ത്യ ഒരു വലിയ രാജ്യമാണ്, എന്റെ വളരെ നല്ല സുഹൃത്ത് അവിടെയുണ്ട്, അദ്ദേഹം ഒരു മികച്ച ജോലി ചെയ്തു. പാകിസ്താനും ഇന്ത്യയും വളരെ നന്നായി ഒരുമിച്ച് ജീവിക്കുമെന്ന് ഞാന്‍ കരുതുന്നു,' ട്രംപ് പറഞ്ഞു. അതിനുശേഷം പിന്നില്‍ നിന്നിരുന്ന ഷെരീഫിനെ തിരിഞ്ഞുനോക്കി ട്രംപ് ചോദിച്ചു, 'അല്ലേ?'. തുടര്‍ന്ന് ഇരുവരും ഒരുമിച്ച് ചിരിച്ചു. 'അവര്‍ അങ്ങനെ ചെയ്യും, അവര്‍ ചെയ്യും,' ട്രംപ് കൂട്ടിച്ചേര്‍ത്തു.

ഈജിപ്തിലെ ഷാം എല്‍ ഷെയ്ഖില്‍ നടന്ന സമാധാന ഉച്ചകോടിയില്‍ വെച്ചാണ് ഈ സംഭവങ്ങള്‍ അരങ്ങേറിയത്. ഇരുപതിലധികം രാജ്യങ്ങളിലെ നേതാക്കള്‍ ഈ ഉച്ചകോടിയില്‍ പങ്കെടുത്തു.