ട്രംപും സെലന്‍സ്‌കിയും വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തും

ട്രംപും സെലന്‍സ്‌കിയും വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തും


കീവ്: യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കി വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തും. കഴിഞ്ഞ ദിവസം ഇരു നേതാക്കളും തമ്മില്‍ ഫോണ്‍ സംഭാഷണം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് നേരിട്ടുള്ള കൂടിക്കാഴ്ച.

യുക്രെയ്‌നിന്റെ വ്യോമപ്രതിരോധം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ സംബന്ധിച്ച് ഇരു നേതാക്കളും ചര്‍ച്ച നടത്തും. സെലന്‍സ്‌കിയുടെ സന്ദര്‍ശനത്തിനു മുന്നോടിയായി യുക്രെയ്ന്‍ പ്രധാനമന്ത്രി യൂലിയ സ്വെറിഡെങ്കോയുടെ നേതൃത്വത്തിലുള്ള സംഘം അമേരിക്കയില്‍ എത്തും.

റഷ്യയെ ചെറുക്കാന്‍ യു എസിന്റെ ദീര്‍ഘ ദൂര മിസൈല്‍ നല്‍കണമെന്ന് യുക്രെയ്ന്‍ തുടര്‍ച്ചയായി ആവശ്യം ഉന്നയിക്കുന്നുണ്ട്. റഷ്യ- യുക്രെയ്ന്‍ സമാധാന ചര്‍ച്ചകള്‍ നീണ്ടുപോകുന്ന സാഹചര്യത്തില്‍ റഷ്യയില്‍ നിന്നുള്ള ആക്രമണം ചെറുക്കുന്നതിന് അമേരിക്കയുടെ ദീര്‍ഘദൂര ടോമാഹോക്ക് മിസൈല്‍ യുക്രെയ്‌ന് നല്‍കുന്നത് പരിഗണിക്കുമെന്ന് കഴിഞ്ഞ ദിവസം ട്രംപ് വ്യക്തമാക്കിയതിനു പിന്നാലെയാണ് സെലന്‍സ്‌കി അമേരിക്കന്‍ സന്ദര്‍ശനം നടത്തുന്നത്.