ഹരിയാന ഐപിഎസ് ഉദ്യോഗസ്ഥന്റെ മരണം അന്വേഷിക്കുന്ന ഉദ്യോഗസ്ഥനും ആത്മഹത്യ ചെയ്തു; അന്വേഷണത്തില്‍ വഴിത്തിരിവ്

ഹരിയാന ഐപിഎസ് ഉദ്യോഗസ്ഥന്റെ മരണം അന്വേഷിക്കുന്ന ഉദ്യോഗസ്ഥനും ആത്മഹത്യ ചെയ്തു; അന്വേഷണത്തില്‍ വഴിത്തിരിവ്


ഛണ്ഡിഗഡ്: ഹരിയാന ഐപിഎസ് ഓഫീസര്‍ വൈ പുരണ്‍ കുമാറിന്റെ മരണത്തില്‍ അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തു. ഇതോടെ ഹരിയാന ഐപിഎസ് ഓഫീസര്‍ വൈ പുരണ്‍ കുമാറിന്റെ മരണത്തില്‍ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തില്‍ നാടകീയ വഴിത്തിരിവ്. 

വൈ പുരണ്‍ കുമാറിന്റെ മരണം അന്വേഷിക്കുന്ന  റോഹ്തക് സൈബര്‍ സെല്‍ വകുപ്പില്‍ നിയമിതനായ അസിസ്റ്റന്റ് സബ്-ഇന്‍സ്‌പെക്ടര്‍ സന്ദീപ് കുമാര്‍ ഐപിഎസ് ഉദ്യോഗസ്ഥനെതിരെ അഴിമതി ആരോപണം ഉന്നയിച്ചിട്ടുണ്ട്. സന്ദീപിനെ റോഹ്തക്കിലെ ഒരു വയലിലാണ് സന്ദീപിനെ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് സ്വയം വെടിവച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. 'സത്യത്തിനുവേണ്ടി ജീവിതം അവസാനിപ്പിക്കുകയാണെന്ന്' അദ്ദേഹം മൂന്ന് പേജുള്ള ആത്മഹത്യാക്കുറിപ്പിലും വീഡിയോ സന്ദേശത്തിലും കുറിച്ചു.

തന്റെ കുറിപ്പില്‍ വൈ പുരണ്‍ കുമാറിനെതിരെ ഗുരുതരമായ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. തന്റെ തെറ്റുകള്‍ പുറത്തുവരുമെന്ന് ഭയന്ന് സ്വന്തം ജീവന്‍ അപഹരിച്ച 'അഴിമതിക്കാരനായ' ഉദ്യോഗസ്ഥനാണെന്നാണ് സന്ദീപ് വിശേഷിപ്പിച്ചിരിക്കുന്നത്. അഴിമതി ആരോപണങ്ങളെ ജാതി വിവേചനത്തിന്റെ കേസായി ചിത്രീകരിച്ച് ശ്രദ്ധ തിരിക്കാന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ ശ്രമിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. ഐപിഎസ് ഉദ്യോഗസ്ഥന്റെ ഗണ്‍മാന്‍ ഒരു മദ്യ കരാറുകാരനില്‍ നിന്ന് 2.5 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നത് താന്‍ പിടികൂടിയതായി സന്ദീപ് അവകാശപ്പെട്ടു. മദ്യ കരാറുകാരന്‍ മുമ്പ് ഒരു ഗുണ്ടാസംഘത്തിന്റെ ഭീഷണിയെ തുടര്‍ന്ന് ഉദ്യോഗസ്ഥനെ സമീപിച്ചിരുന്നു. കൈക്കൂലി ആരോപണം പുറത്തുവന്നപ്പോള്‍, വൈ പുരണ്‍ കുമാര്‍ ജാതിയെ കവചമായി ഉപയോഗിച്ച് പരിശോധന വഴിതിരിച്ചുവിടുകയും പിന്നീട് ആത്മഹത്യ ചെയ്യുകയും ചെയ്തുവെന്നാണ് സന്ദീപ് ആരോപിക്കുന്നത്. 

റോഹ്തക് റേഞ്ചില്‍ വൈ പുരണ്‍ കുമാര്‍ ചുമതലയേറ്റ ശേഷം സത്യസന്ധരായ ഉദ്യോഗസ്ഥരെ വ്യവസ്ഥാപിതമായി മാറ്റിനിര്‍ത്തി അഴിമതിയില്‍ താത്പര്യമുള്ളവരെ  കൊണ്ടുവന്നതായി മരണത്തിന് മുമ്പ് റെക്കോര്‍ഡുചെയ്ത വീഡിയോയില്‍ സന്ദീപ് പറഞ്ഞു. ''അവര്‍ ഫയലുകള്‍ തടസ്സപ്പെടുത്തി, ഹര്‍ജിക്കാരെ വിളിച്ചുവരുത്തി, പണം തട്ടിയെടുത്തു. സ്ഥലംമാറ്റത്തിനായി വനിതാ ജീവനക്കാരെ ലൈംഗികമായി ചൂഷണം ചെയ്തു,'' അദ്ദേഹം ആരോപിച്ചു. ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ടവരുടെ സ്വത്തുക്കള്‍ അന്വേഷിക്കാന്‍ അദ്ദേഹം അധികാരികളോട് ആവശ്യപ്പെട്ടു. ''ഇത് ജാതിയെക്കുറിച്ചല്ല. അഴിമതിയെക്കുറിച്ചാണ്. സത്യത്തിനുവേണ്ടി നിലകൊള്ളുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു,'' സന്ദീപ് പറഞ്ഞു, തന്റെ പ്രവൃത്തി 'രാജ്യത്തെ ഉണര്‍ത്താന്‍' ഉദ്ദേശിച്ചുള്ളതാണെന്ന് കൂട്ടിച്ചേര്‍ത്തു.

വൈ പുരണ്‍ കുമാറിന്റെ ആത്മഹത്യാക്കുറിപ്പില്‍ പേരുള്ള 10 ഉദ്യോഗസ്ഥരില്‍ ഒരാളായ റോഹ്തക് പൊലീസ് മേധാവി നരേന്ദ്ര ബിജാര്‍നിയയെ സത്യസന്ധനായ ഉദ്യോഗസ്ഥനെന്ന് വിളിച്ച് അദ്ദേഹം പ്രശംസിച്ചു. പൊലീസ് വകുപ്പിലെ കഠിനാധ്വാനിയായ എ എസ് ഐ ആയിരുന്നു സന്ദീപെന്നും അദ്ദേഹം വളരെ സത്യസന്ധനും കഠിനാധ്വാനിയുമായിരുന്നുവെന്നും റോഹ്തക് എസ് പി സുരേന്ദ്ര സിംഗ് ഭോരിയ പറഞ്ഞു.