നാഗ്പുര്‍: മുതിര്‍ന്ന നേതാവ് ഉള്‍പ്പെടെ 61 നക്സല്‍ പ്രവര്‍ത്തകര്‍ പൊലീസിന് മുന്നില്‍ കീഴടങ്ങി. നിരോധിത സംഘടനയായ സി പി ഐ മാവോയിസ്റ്റിന്റെ കേന്ദ്ര കമ്മിറ്റി അംഗവും പത്ത് മേഖലാ കമ്മിറ്റി അംഗങ്ങളും കീഴടങ്ങിയവരില്‍ ഉള്‍പ്പെടുന്നു.
ഗഡ്ചിരോളി ജില്ലയിലെ മാവോയിസ്റ്റുകളാണ് സംഘമായെത്തി പൊലീസിന് മുന്നില്‍ ആയുധംവച്ച് കീഴടങ്ങിയത്. മുതിര്‍ന്ന നക്‌സല്‍ നേതാവായ ഭൂപതി എന്നറിയപ്പെടുന്ന മല്ലൊജുല വേണുഗോപാലും കീഴടങ്ങിയവരിലുണ്ട്.
മാവോയിസ്റ്റ് സംഘടനയില്‍ വലിയ സ്വാധീനശക്തിയുണ്ടായിരുന്ന നേതാവാണ് ഭൂപതി. സംഘടനയില്‍ തന്ത്രപരമായ തീരുമാനങ്ങള്‍ കൈക്കൊണ്ടിരുന്നതും ഭൂപതിയായിരുന്നു. മഹാരാഷ്ട- ഛത്തീസ്ഗഢ് അതിര്‍ത്തിയിലെ ദൗത്യങ്ങള്‍ക്കും മേല്‍നോട്ടംവഹിച്ചിരുന്നു. സമീപ കാലത്ത് ഭൂപതിയും മറ്റ് മാവോയിസ്റ്റ് നേതാക്കളും തമ്മില്‍ അഭിപ്രായഭിന്നത ഉടലെടുത്തിരുന്നു. മാവോയിസ്റ്റുകള്‍ക്കുള്ള ജനപിന്തുണ കുറഞ്ഞെന്നും സായുധ സമരം പരാജയപ്പെട്ടെന്നും വിലയിരുത്തിയ ഭൂപതി സമവായത്തിന്റേയും സമാധാനത്തിന്റേയും പാത തെരഞ്ഞെടുക്കാന്‍ സഹപ്രവര്‍ത്തകരോട് അഭ്യര്‍ഥിച്ചിരുന്നു.
സംഘടനാ കേന്ദ്ര കമ്മിറ്റിയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഭൂപതിയും സംഘവും കീഴടങ്ങിയതെന്ന് ഗഡ്ചിരോളി പൊലീസ് പറഞ്ഞു.