ബംഗ്ലാദേശ് വസ്ത്ര ഫാക്ടറിയിലും കെമിക്കല്‍ വെയര്‍ഹൗസിലും തീപിടുത്തം 9 പേര്‍ മരിച്ചു

ബംഗ്ലാദേശ് വസ്ത്ര ഫാക്ടറിയിലും കെമിക്കല്‍ വെയര്‍ഹൗസിലും തീപിടുത്തം 9 പേര്‍ മരിച്ചു


ധാക്ക: ധാക്കയിലെ വസ്ത്ര ഫാക്ടറിയിലും സമീപത്തെ കെമിക്കല്‍ വെയര്‍ഹൗസിലും വന്‍ തീപിടുത്തത്തില്‍ കുറഞ്ഞത് ഒമ്പത് തൊഴിലാളികള്‍ കൊല്ലപ്പെടുകയും എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അധികൃതര്‍ സ്ഥിരീകരിച്ചു. കെമിക്കല്‍ സംഭരണശാലയിലുണ്ടായ തീ പിന്നീട് സമീപത്തെ ഫാക്ടറിയിലേക്ക് പടര്‍ന്നതാണെന്നാണ് കരുതുന്നതെന്ന് വാര്‍ത്താ ഏജന്‍സി ബിഎസ്എസിനെ ഉദ്ധരിച്ച് ഫയര്‍ സര്‍വീസ് ആന്‍ഡ് സിവില്‍ ഡിഫന്‍സ് മീഡിയ വിംഗിലെ തല്‍ഹ ബിന്‍ ജാസിം പറഞ്ഞു.

ഫാക്ടറി കെട്ടിടത്തിന്റെ ഒന്നും രണ്ടും നിലകളില്‍ നിന്ന് ഒന്‍പത് മൃതദേഹങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തതായി ഫയര്‍ സര്‍വീസ് ആന്‍ഡ് സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ലെഫ്റ്റനന്റ് കേണല്‍ മുഹമ്മദ് താജുല്‍ ഇസ്ലാം ചൗധരി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. 

ചൈനയ്ക്ക് ശേഷം ലോകത്തിലെ രണ്ടാമത്തെ വലിയ വസ്ത്ര കയറ്റുമതി രാജ്യമാണ് ബംഗ്ലാദേശ്. ഏകദേശം നാല് ദശലക്ഷം തൊഴിലാളികളാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നത്. അവരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. യു എസിലെയും യൂറോപ്പിലെയും വിപണികളില്‍ നിന്ന് ഏകദേശം 40 ബില്യണ്‍ ഡോളറിന്റെ വാര്‍ഷിക കയറ്റുമതി വരുമാനം ഉണ്ടാക്കുന്ന ഈ മേഖല, ദേശീയ സമ്പദ്വ്യവസ്ഥയുടെ പ്രധാന സ്തംഭമാണ്.

എങ്കിലും വ്യാവസായിക സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നത് ബംഗ്ലാദേശിനെതിരെയുള്ള ആരോപണമാണ്.