ലോസ് ഏഞ്ചലസ്: ലോസ് ഏഞ്ചല്‍സില്‍ ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് ഡെമോക്രാറ്റിക് യു എസ് സെനറ്റര്‍ അലക്സ് പാഡില്ലയെ ബലമായി നീക്കം ചെയ്ത് കൈകള്‍ ബന്ധിച്ചു.
ഒരാഴ്ചയായി തുടരുന്ന പ്രതിഷേധങ്ങള്‍ക്ക് ശേഷം നോം ഇമിഗ്രേഷന്‍ എന്‍ഫോഴ്സ്മെന്റിനെക്കുറിച്ചുള്ള വിവരം നല്‍കവെ സെനറ്റര്‍ പാഡില്ല തടസ്സപ്പെടുത്തി ഒരു ചോദ്യം ഉന്നയിക്കുകയായിരുന്നു.
സംഭവത്തിന്റെ വീഡിയോയില്‍ സെനറ്റര്‍ നിരവധി സീക്രട്ട് സര്‍വീസ് ഏജന്റുമാരുമായി സംഘര്‍ഷത്തിലാകുന്നതും തുടര്‍ന്ന് മുറിയില്‍ നിന്ന് പുറത്താക്കപ്പെടുകയും വലിച്ചിഴയ്ക്കപ്പെടുകയും ചെയ്യുന്നതും യൂണിഫോം ധരിച്ച എഫ്ബിഐ ഏജന്റുമാര്‍ അദ്ദേഹത്തെ നിലത്ത് കിടത്തി അറസ്റ്റ് ചെയ്യുന്നതും കാണുന്നുണ്ട്.
കുടിയേറ്റത്തെക്കുറിച്ചും ലോസ് ഏഞ്ചലസിലെ പ്രതിഷേധങ്ങളെക്കുറിച്ചും സംസാരിച്ച നോം സെനറ്റര്‍ പുറത്താക്കപ്പെട്ടപ്പോഴും മാധ്യമ പ്രവര്‍ത്തകരെയും നിയമപാലകരെയും അഭിസംബോധന ചെയ്യുന്നത് തുടര്‍ന്നു.
പാഡില്ലയെ നീക്കം ചെയ്തതോടെ കാപ്പിറ്റോള്‍ ഹില്ലില്‍ പ്രതികരണത്തിനും കാരണമായി. കോണ്‍ഗ്രസിലെ ഡെമോക്രാറ്റിക് അംഗങ്ങള്‍ അറസ്റ്റിനെ 'അപമാനം' എന്നാണ് വിളിച്ചത്.
ചില റിപ്പബ്ലിക്കന്മാരും സംഭവത്തെ അപലപിച്ചു. ഇത് ഭയാനകമാണെന്നാണ് സെനറ്റര്‍ ലിസ മുര്‍ക്കോവ്സ്കി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. ഇത് എല്ലാ തലങ്ങളിലും ഞെട്ടിപ്പിക്കുന്നതാണെന്നും എനിക്കറിയാവുന്ന അമേരിക്കയല്ല ഇതെന്നും പറഞ്ഞു.
പിന്നീട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയില്‍ ഇനി വാചാടോപം അംഗീകരിക്കാന്‍ കഴിയില്ലെന്നു പറഞ്ഞ പാഡില്ല ഒരു ചോദ്യവുമായി ഇടപെടുകയായിരുന്നുവെന്നും വിശദമാക്കി. തനികക് കുഴപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ യു എസ് സെനറ്ററായ തന്നോട് അവര്‍ക്ക് അങ്ങനെ ചെയ്യാന്‍ കഴിയുമെങ്കില്‍ ക്യാമറകള്‍ ഓണല്ലാത്തപ്പോള് അവര്‍ അവിടെയുള്ള പലരോടും എന്താണ് ചെയ്യുന്നുണ്ടാവുകയെന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു.
ട്രംപ് ഭരണകൂടം പാഡില്ലയുടെ പ്രവര്‍ത്തനങ്ങളെ 'അനാദരവുള്ള രാഷ്ട്രീയ നാടകം' എന്നാണ് പറഞ്ഞത്.
സെനറ്ററോട് പിന്മാറാന് പറഞ്ഞതായും ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങള്‍ അദ്ദേഹം പാലിച്ചില്ലെന്നും സീക്രട്ട് സര്‍വീസ് 'അദ്ദേഹം ഒരു ആക്രമണകാരിയാണെന്ന് കരുതി' എന്നാണ് ആഭ്യന്തര സുരക്ഷാ വകുപ്പ് പറഞ്ഞത്.
കുടിയേറ്റവുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങള്‍ക്ക് തനിക്കും സഹപ്രവര്‍ത്തകര്‍ക്കും 'മറുപടിയായി വളരെ കുറച്ച് വിവരങ്ങള്‍ മാത്രമേ ലഭിച്ചിട്ടുള്ളൂ' എന്നതിനാലാണ് നോമിന്റെ വാര്‍ത്താ സമ്മേളനത്തില്‍ താന്‍ എത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
മെക്സിക്കന്‍ കുടിയേറ്റക്കാരുടെ മകനായ പാഡില്ല സെനറ്റിന്റെ അതിര്‍ത്തി സുരക്ഷാ, കുടിയേറ്റ ഉപസമിതിയിലെ ഏറ്റവും മുതിര്‍ന്ന ഡെമോക്രാറ്റാണ്.
അവര്‍ക്ക് എന്താണ് പറയാനുള്ളതെന്ന് കേള്‍ക്കാനും പുതിയ എന്തെങ്കിലും വിവരങ്ങള്‍ പഠിക്കാന്‍ കഴിയുമോ എന്ന് കാണാനുമാണ് ഞാന്‍ പത്രസമ്മേളനത്തില്‍ എത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
ട്രംപ് ഭരണകൂടത്തിനും അതിന്റെ നയങ്ങള്‍ക്കുമെതിരെ 'സമാധാനപരമായി പ്രതിഷേധിക്കുന്നത് തുടരാന്‍' അദ്ദേഹം രാജ്യത്തുടനീളമുള്ള അമേരിക്കക്കാരോട് അഭ്യര്‍ഥിച്ചു.
പാഡില്ലയെ തടങ്കലില്‍ വച്ചതിനെ അപലപിക്കാന്‍ കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന് ന്യൂസം റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടു. ഒരു ചോദ്യം ചോദിച്ചതിന് ഒരു യു എസ് സെനറ്ററെ കൈവിലങ്ങിടാന്‍ കഴിയുമെങ്കില്‍ അവര്‍ നിങ്ങളെ എന്തുചെയ്യുമെന്ന് സങ്കല്‍പ്പിക്കണമെന്നും ന്യൂസം സോഷ്യല്‍ മീഡിയയില്‍ എഴുതി.
എന്നാല്‍ പത്രസമ്മേളനത്തില്‍ അതിക്രമിച്ചു കയറിയത് കാലിഫോര്‍ണിയന്‍ സെനറ്ററാണെന്ന് വൈറ്റ് ഹൗസ് ആരോപിച്ചു. പാഡില്ലയ്ക്ക് ഉത്തരങ്ങളല്ല ശ്രദ്ധയാണ് വേണ്ടെന്നാണ് വൈറ്റ് ഹൗസ് വക്താവ് അബിഗെയ്ല്‍ ജാക്സണ് പറഞ്ഞത്. പക്വതയില്ലാത്തതും നാടകീയവുമായ സ്റ്റണ്ടിലൂടെ പാഡില്ല തന്നെയും തന്റെ നിയോജകമണ്ഡലങ്ങളെയും ലജ്ജിപ്പിച്ചുവെന്നും പറഞ്ഞു.