വ്യാപാര കരാര്‍: ട്രംപും യുഎസിന്റെ സാമ്പത്തിക നയരൂപീകരണ സംഘവും ഇന്ത്യയോട് ദേഷ്യത്തിലെന്ന് ട്രഷറി സെക്രട്ടറി

വ്യാപാര കരാര്‍: ട്രംപും യുഎസിന്റെ സാമ്പത്തിക നയരൂപീകരണ സംഘവും ഇന്ത്യയോട് ദേഷ്യത്തിലെന്ന് ട്രഷറി സെക്രട്ടറി


ന്യൂയോര്‍ക്ക് / ന്യൂഡല്‍ഹി : പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും വ്യാപാര കരാറുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തുന്ന അദ്ദേഹത്തിന്റെ മുഴുവന്‍ സംഘവും ഇന്ത്യയോട് 'ദേഷ്യത്തിലാണെന്ന്' യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ്. ഇന്ത്യയില്‍ നിന്നുള്ള എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും 25 ശതമാനം തീരുവ ഏര്‍പ്പെടുത്തുമെന്നും റഷ്യന്‍ അസംസ്‌കൃത എണ്ണയും സൈനിക ഉപകരണങ്ങളും വാങ്ങിയാല്‍ പിഴ ചുമത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സ്‌കോട്ട് ബെസെന്റിന്റെ വാക്കുകള്‍.

'എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് എനിക്കറിയില്ല. അത് ഇന്ത്യയുടെ തീരുമാനമായിരിക്കും. നേരത്തെ തന്നെ അവര്‍ ചര്‍ച്ചയ്ക്ക് എത്തിയിരുന്നു. എന്നാല്‍ കാര്യങ്ങള്‍ പതുക്കെയാണ് അവര്‍ മുന്നോട്ടുകൊണ്ടുപോയത്. അതിനാല്‍ പ്രസിഡന്റും മുഴുവന്‍ വ്യാപാര സംഘവും അവരോട് 'ദേഷ്യത്തിലാണ്' എന്നാണ് ഞാന്‍ കരുതുന്നത്' സിഎന്‍ബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ ബെസെന്റ് പറഞ്ഞു.

ഉപരോധം നേരിടുന്ന റഷ്യന്‍ എണ്ണ വലിയ അളവില്‍ എന്നും ഇന്ത്യ വാങ്ങുന്നുണ്ട്. പിന്നീട് അവര്‍ അത് ശുദ്ധീകരിച്ച ഉല്‍പ്പന്നങ്ങളായി വീണ്ടും വില്‍ക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ആഗോളതലത്തില്‍ അവര്‍ അത്ര മികച്ചവരല്ലെന്നും ബെസെന്റ് അഭിപ്രായപ്പെട്ടു. 

അതേസമയം ഇന്ത്യയ്ക്ക് മേല്‍ ട്രംപ് ഭരണകൂടം ചുമത്തിയ താരിഫ് ഇന്ന് (ആഗസ്റ്റ് 1) മുതല്‍ക്കാണ് പ്രാബല്യത്തില്‍ വരുന്നത്. ഏപ്രില്‍ 2 ന് നടന്ന 'ലിബറേഷന്‍ ഡേ' സമ്മേളനത്തില്‍ 26 ശതമാനമായിരുന്നു ട്രംപ് പ്രഖ്യാപിച്ച താരിഫ് നിരക്ക്. സുഹൃത്താണെങ്കിലും ഇന്ത്യയുടെ ഉയര്‍ന്ന കയറ്റുമതി താരിഫ് കാരണം വര്‍ഷങ്ങളായി ചെറുകിട വ്യാപാര ബന്ധങ്ങള്‍ മാത്രമേ ഇന്ത്യയുമായുള്ളു എന്നും ട്രംപ് ട്രൂത്ത് സോഷ്യലിലെ പോസ്റ്റില്‍ പറഞ്ഞിരുന്നു.

യുക്രെയ്‌നിലെ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആഗ്രഹിക്കുമ്പോഴും ഇന്ത്യയുടെ സൈനിക ഉപകരണങ്ങളില്‍ ഭൂരിഭാഗവും റഷ്യയില്‍ നിന്നാണ് വാങ്ങിയിരുന്നതെന്നും ട്രംപ് തന്റെ പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം ട്രംപിന്റെ പ്രഖ്യാപനത്തോട് ഇന്ത്യ ശക്തമായി തന്നെ പ്രതികരിച്ചു. ദേശീയ താത്പര്യം സംരക്ഷിക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ഇതിന്റെ പ്രത്യാഘാതങ്ങള്‍ പഠിച്ചുവരികയാണെന്നും സര്‍ക്കാര്‍ അറിയിച്ചു. ജപ്പാന്‍, യുകെ, യൂറോപ്യന്‍ യൂണിയന്‍ തുടങ്ങിയ പ്രധാന പങ്കാളികളുമായി അനുകൂലമായ വ്യാപാര കരാറുകള്‍ നേടിയ അമേരിക്ക അവരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ ന്യൂഡല്‍ഹിയെ പ്രേരിപ്പിക്കുന്നതിനുള്ള സമ്മര്‍ദ്ദ തന്ത്രമായാണ് ട്രംപിന്റെ പ്രഖ്യാപനത്തെ കാണുന്നത്.

ട്രംപ് ഇന്ത്യക്ക് താരിഫ് ചുമത്തിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. മോഡിക്ക് ട്രംപുമായുള്ള സൗഹൃദത്തിന് വലിയ അര്‍ഥമൊന്നുമില്ലെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ട്രംപിനെതിരെ നിലപാടെടുക്കാല്‍ മോദി തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കയറ്റുമതിയെയും സമ്പത്ത് വ്യവസ്ഥയെയും ഇത് ബാധിക്കുന്നതിനാല്‍ എത്രയും പെട്ടന്ന് യുഎസുമായി വ്യാപാര ചര്‍ച്ച നടത്തണമെന്ന് കോണ്‍ഗ്രസ് എംപിയായ ചമല കിരണ്‍ കുമാര്‍ റെഡ്ഡിയും പറഞ്ഞു.



വ്യാപാര കരാര്‍: ട്രംപും യുഎസിന്റെ സാമ്പത്തിക നയരൂപീകരണ സംഘവും ഇന്ത്യയോട് ദേഷ്യത്തിലെന്ന് ട്രഷറി സെക്രട്ടറി