ആഗോള പണമിടപാട് സ്ഥാപനങ്ങള്‍ കയ്യൊഴിഞ്ഞതോടെ വോള്‍സ്ട്രീറ്റ് ഇനി ഒരു പേരുമാത്രം

ആഗോള പണമിടപാട് സ്ഥാപനങ്ങള്‍ കയ്യൊഴിഞ്ഞതോടെ വോള്‍സ്ട്രീറ്റ് ഇനി ഒരു പേരുമാത്രം


ന്യൂയോര്‍ക്ക്: അമേരിക്കന്‍ സാമ്പത്തികത്തിന്റെ ഉയര്‍ച്ച താഴ്ചകള്‍ക്ക് സാക്ഷ്യം വഹിച്ച തെരുവില്‍ നിന്ന് അമേരിക്കയിലെ ഏറ്റവും വലിയ ബാങ്കും ഒഴിവായി.  ജെപി മോര്‍ഗന്‍ ചേസിന്റെ വോള്‍സ്ട്രീറ്റിലെ ശാഖ വെള്ളിയാഴ്ച അടച്ചു. ബാങ്കും തെരുവും തമ്മിലുള്ള 150 വര്‍ഷത്തിലേറെ നീണ്ട ബന്ധത്തിനാണ് ഇതോടെ വിരാമമായത്. 

ഒരിക്കല്‍ വോള്‍സ്ട്രീറ്റില്‍ പ്രവര്‍ത്തിച്ചിരുന്ന ഭൂരിഭാഗം ബാങ്കുകളും ബ്രോക്കറേജുകളും ഇതിനകം ഇല്ലാതായിക്കഴിഞ്ഞു. മാന്‍ഹട്ടനിലെ പല ഭാഗങ്ങളില്‍ പുതിയ സ്ഥലങ്ങള്‍ കണ്ടെത്തി. 2001 സെപ്റ്റംബര്‍ 11-ന് നടന്ന ഭീകരാക്രമണമാണ് സ്ഥാപനങ്ങളുടെ സ്ഥലം മാറ്റത്തിന് കാരണമായത്. കോവിഡ് വ്യാപനമാകട്ടെ ഒഴിവാകലിന്റെ വേഗതയും വര്‍ധിപ്പിച്ചു.

ശക്തമായ ജെപി മോര്‍ഗന്റെ പുറപ്പാട് വോള്‍സ്ട്രീറ്റിന്റെ ചരിത്രത്തിലെ നാഴികക്കല്ലായിരിക്കും. 

ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിന് അഭിമുഖമായി 23 വോള്‍സ്ട്രീറ്റ് ബ്ലോക്കിലാണ് ജെ പിയര്‍പോണ്ട് മോര്‍ഗനും അദ്ദേഹത്തിന്റെ മകനും ചേര്‍ന്ന് സ്ഥാപിച്ച ജെ പി മോര്‍ഗന്‍ ലോകത്തിലെ ഏറ്റവും ശക്തമായ ബാങ്കുകളില്‍ ഒന്നായി മാറുകയായിരുന്നു. യു എസിനെ ആഗോള- സാമ്പത്തിക വ്യവസായത്തിന്റെ കേന്ദ്രമാക്കി മാറ്റാന്‍ അവര്‍ സഹായിച്ചു.

ഇന്ന്, 'വോള്‍സ്ട്രീറ്റ് ബാങ്ക്' എന്നത് ലോകമെമ്പാടും വ്യാപിച്ചുകിടക്കുന്ന വ്യാപാര പ്രവര്‍ത്തനങ്ങളുള്ള ധനകാര്യ സ്ഥാപനമായാണ് നിര്‍വചിക്കപ്പെടുന്നത്. 

അതേസമയം 23 വോള്‍സ്ട്രീറ്റും മറ്റ് ചരിത്രപരമായ കെട്ടിടങ്ങളും ഒഴിഞ്ഞ കടയുടെ മുന്‍ഭാഗങ്ങളും അവയുടെ മുന്‍ഭാഗങ്ങളില്‍ 'വാടകയ്ക്ക്' എന്ന അടയാളങ്ങളുമായി ശൂന്യമായിരിക്കുകയാണ്. 

റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ കുഷ്മാന്‍ ആന്റ് വേക്ക്ഫീല്‍ഡിന്റെ ന്യൂയോര്‍ക്ക് ഓപ്പറേഷന്‍സിന്റെ ചെയര്‍മാന്‍ ജോണ്‍ സാന്റോറയുടെ അഭിപ്രായത്തില്‍ തെരുവില്‍ രണ്ട് ലക്ഷം ചതുരശ്ര അടി ബാങ്കുകള്‍ കൈവശപ്പെടുത്തിയിരുന്നു. 2000-ല്‍ അത് അഞ്ച് ദശലക്ഷം ചതുരശ്ര അടിയായിരുന്നു.

നഗരത്തിന് പുറത്തുള്ളവര്‍ ഇപ്പോഴും ചരിത്രപരമായ കെട്ടിടങ്ങളുടെയും അടുത്തുള്ള നിര്‍ഭയ പെണ്‍കുട്ടിയുടെ പ്രതിമയുടെയും ഫോട്ടോ എടുക്കാന്‍ വരുന്നുണ്ട്. വോള്‍സ്ട്രീറ്റിന്റെ പ്രശസ്തമായ ചാര്‍ജിംഗ് ബുള്‍ ബ്രോഡ്വേയില്‍ കുറച്ച് അകലെയാണ് ഇരിക്കുന്നത്. എന്നാല്‍ ഇവിടെ ബാങ്കര്‍മാര്‍ കുറവാണ്.

1800-കളുടെ അവസാനത്തില്‍, വോള്‍സ്ട്രീറ്റ് അമേരിക്കയുടെ പരിണാമത്തെ ഒരു ഗ്രാമീണ രാഷ്ട്രത്തില്‍ നിന്ന് ലോകത്തെ മുന്‍നിര സാമ്പത്തിക കേന്ദ്രത്തിലേക്ക് നയിച്ചു. വോള്‍സ്ട്രീറ്റ് ബാങ്കുകള്‍ അമേരിക്കയുടെ ദ്രുതഗതിയിലുള്ള വ്യാവസായിക വളര്‍ച്ചയ്ക്ക് ധനസഹായം നല്‍കുകയും പിന്നീട് യൂറോപ്പിലെ യുദ്ധങ്ങള്‍ക്കായി കോടിക്കണക്കിന് വായ്പ നല്‍കുകയും ചെയ്തിരുന്നു. 

ബ്രോഡ് സ്ട്രീറ്റിന്റെയും വോള്‍സ്ട്രീറ്റിന്റെയും മൂലയില്‍ സ്റ്റോക്ക് എക്സ്ചേഞ്ചും ജെ പി മോര്‍ഗന്‍ ആന്‍ഡ് കമ്പനി, ബാങ്ക് ഓഫ് ന്യൂയോര്‍ക്ക്, സിറ്റി ഗ്രൂപ്പിന്റെ മുന്‍ഗാമിയായ നാഷണല്‍ സിറ്റി ബാങ്ക് തുടങ്ങിയ ബാങ്കുകളും ആസ്ഥാനം നിലനിര്‍ത്തിയതിനാല്‍ തെരുവ് അമേരിക്കന്‍ ധനകാര്യത്തിന്റെ പര്യായമായി മാറി. 

1980-കളില്‍ ജെപി മോര്‍ഗന്‍ 23 വോള്‍സ്ട്രീറ്റ് ഉപേക്ഷിച്ചു. തുടര്‍ന്ന് 2001-ല്‍ അതിന്റെ ആസ്ഥാനം മിഡ്ടൗണ്‍ മാന്‍ഹട്ടനിലേക്ക് മാറ്റി. എക്സിക്യൂട്ടീവുകളുടെ അഭിപ്രായത്തില്‍ ബാങ്ക് 23 വോള്‍സ്ട്രീറ്റ് തിരികെ വാങ്ങാന്‍ ശ്രമിച്ചെങ്കിലും എന്നാല്‍ ഒരു ഇടപാടും ഒത്തുവന്നില്ല. ഇപ്പോള്‍ പാര്‍ക്ക് അവന്യൂവിലാണ് ആസ്ഥാന മന്ദിരമുള്ളത്.