വാഷിംഗ്ടണ്‍ : അമേരിക്കയില്‍ താപനില അസഹനീയമായി ഉയരുമെന്ന് മുന്നറിയിപ്പ്. ചൂട് റെക്കോര്‍ഡ് ഭേദിച്ച് ഉയരുകയും ഉണ്ണതരംഗമായി മാറുമെന്നുമാണ് മുന്നറിയിപ്പ്. സീസണിലെ ആദ്യത്തെ പ്രധാന ഉഷ്ണ തരംഗം ഈ ആഴ്ച മിഡ്വെസ്റ്റിന്റെയും നോര്‍ത്ത് ഈസ്റ്റിന്റെയും ഭൂരിഭാഗവും അനുഭവപ്പെടും. ഓരോ ദിവസവും അന്തരീക്ഷ താപനില ഉയരുന്ന പ്രവണതയാണ് കാലാവസ്ഥാ ഗവേക്ഷകര്‍ പ്രവചിക്കുന്നത്.
വടക്കുകിഴക്കന്‍ മേഖലയില്‍ ചൊവ്വാഴ്ചയോടെ ചൂട് വര്‍ധിക്കും. 90 കളില്‍ ഉയര്‍ന്ന താപനില, വെര്‍മോണ്ട്, ന്യൂ ഹാംഷെയര്‍ എന്നിവിടങ്ങളില്‍ ഉണ്ടായേക്കാം, ബുധനാഴ്ച ഉച്ചയോടെ, ന്യൂ ഇംഗ്ലണ്ടിന്റെ ഉള്‍പ്രദേശങ്ങളിലെ ചില സ്ഥലങ്ങളില്‍ താപനില ഈ നൂറ്റാണ്ടിലെ ഏറ്റവും ഉയര്‍ന്ന പോയിന്റില്‍ എത്തിയേക്കും. ചില സ്ഥലങ്ങളില്‍ ദൈനംദിന റെക്കോര്‍ഡുകള്‍ ഭേദിക്കപ്പെടുമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.
അയോവ, ഇല്ലിനോയ് , മിഷിഗണ്‍, കെന്റക്കി, പെന്‍സില്‍വേനിയ, ന്യൂയോര്‍ക്ക്, വെര്‍മോണ്ട് എന്നിവയുള്‍പ്പെടെ 17 സംസ്ഥാനങ്ങള്‍ തിങ്കളാഴ്ച ഉച്ചവരെ ഉഷ്ണ തരംഗത്തിന്റെ ഭീഷണിയിലായിരുന്നു. ദശലക്ഷക്കണക്കിന് ആളുകളെ ഉഷ്ണ തരംഗം ബാധിക്കും.
ഹീറ്റ് ഡോം അഥവാ താപഗോപുരമാണ് അതികഠിനമായ ഉഷ്ണത്തിന് കാരണമാകുന്നത്. ഹീറ്റ് ഡോം സാധാരണയായി ഒരു പ്രദേശത്ത് നിലനില്‍ക്കുന്ന ഉയര്‍ന്ന മര്‍ദ്ദ സംവിധാനമാണ്. വായുവിന് പുറത്തേക്ക് പോകാന്‍ കഴിയാതെ വരുന്നതോടെ ''ഹീറ്റ് ഡോം'' എന്ന് വിളിക്കപ്പെടുന്ന ഒരു രൂപം സൃഷ്ടിക്കപ്പെടുന്നു. ഇത് താപനില ഉയരാന്‍ കാരണമാകുന്നു.
''ഈ വര്‍ഷത്തെ ചൂട് കാലത്ത് താരതമ്യേന തുടക്കത്തില്‍ ഈ ഹീറ്റ് ഡോം എത്തുന്നുണ്ട്. ഈ ഉയര്‍ന്ന താപനിലയുമായി ഇതുവരെ പൊരുത്തപ്പെടാത്ത ധാരാളം ആളുകള്‍ ഉണ്ട്,'' ഡ്യൂക്ക് യൂണിവേഴ്‌സിറ്റിയിലെ ഹീറ്റ് പോളിസി ഇന്നൊവേഷന്‍ ഹബ്ബ് മേധാവി ആഷ്‌ലി വാര്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു.
''ധാരാളം ദ്രാവകങ്ങള്‍ കുടിക്കാനും എയര്‍കണ്ടീഷന്‍ ചെയ്ത മുറിയില്‍ കഴിയാനും സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാനും ബന്ധുക്കളെയും അയല്‍ക്കാരെയും ഇടക്കിടെ അന്വേഷിക്കാനും'' ദേശീയ കാലാവസ്ഥാ സേവനം ആളുകളോട് മുന്നറിയിപ്പ് നല്‍കി. രാത്രികാല താപനിലയും അത്ര ആശ്വാസകരമാകില്ല.
''65 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍, ആരോഗ്യപരമായ ബുദ്ധിമുട്ടുകള്‍ ഉള്ളവര്‍, ഗര്‍ഭിണികള്‍, പാര്‍പ്പിടം ഇല്ലാത്തവര്‍ എന്നിവര്‍ കൂടുതല്‍ മുന്‍കരുതലുകള്‍ എടുക്കണം. അതുപോലെ തന്നെ വിദ്യാര്‍ത്ഥി-അത്ലറ്റുകളും ചൂടുമായി കൂടുതല്‍ എക്‌സ്‌പോഷര്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ജോലികള്‍ ചെയ്യുന്നവര്‍, ഔട്ട്‌ഡോര്‍ തൊഴിലാളികള്‍, വെയര്‍ഹൗസ് ജീവനക്കാര്‍ തുടങ്ങിയവരും ശ്രദ്ധിക്കണം,'' മുന്നറിയിപ്പില്‍ പറയുന്നു.
യുഎസില്‍ ഇക്കുറി താപനില റെക്കോര്‍ഡ് ഭേദിക്കുമെന്ന് മുന്നറിയിപ്പ്