വാഷിംഗ്ടണ്‍: പാകിസ്ഥാന്‍ ഒരിക്കലും തന്റെ രാജ്യത്തിന്റെ സാങ്കേതികമോ തന്ത്രപരമോ ആയ സഖ്യകക്ഷിയായിരുന്നില്ലെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ഒരിക്കലും സഖ്യ ഉടമ്പടി നിലവിലില്ലെന്നും കിര്‍ബി കൂട്ടിച്ചേര്‍ത്തു.
തീവ്രവാദത്തെ ചെറുക്കുന്നതിന് യു എസുമായുള്ള പാകിസ്ഥാന്റെ ചരിത്രപരമായ സഹകരണത്തെ അദ്ദേഹം അംഗീകരിക്കുകയും ചെയ്തു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി അഫ്ഗാനിസ്ഥാനും പാകിസ്ഥാനും ഇടയില്‍ ഇപ്പോഴും നിലനില്‍ക്കുന്ന തീവ്രവാദ ഭീഷണിയെ നേരിടാന്‍ തങ്ങള്‍ പാകിസ്ഥാനുമായി പങ്കാളിത്തം സ്ഥാപിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാകിസ്ഥാന്‍ ജനത ഇപ്പോഴും അതിര്‍ത്തിക്കപ്പുറത്ത് നിന്ന് വരുന്ന തീവ്രവാദ അക്രമങ്ങള്‍ക്ക് ഇരയാകുന്നുണ്ടെന്ന് തങ്ങള്‍ തിരിച്ചറിയുന്നതായി അദ്ദേഹം പറഞ്ഞു.
ഭീകരതയെ കൂടുതല്‍ നേരിടാന്‍ പാകിസ്ഥാനുമായി പ്രവര്‍ത്തിക്കാന്‍ ബൈഡന്‍ ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.
അധികാരത്തിലിരിക്കുന്നിടത്തോളം കാലം പൊതുവായ ഭീഷണികളെയും വെല്ലുവിളികളെയും നേരിടാന്‍ പാകിസ്ഥാനുമായി പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും കിര്‍ബി പറഞ്ഞു.
ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ പാകിസ്ഥാനുമായി തോളോട് തോള്‍ ചേര്‍ന്ന് നടക്കുന്നത് യു എസ് തുടരുമെന്ന് 2024 സെപ്റ്റംബറില്‍ യു എസ് വക്താവ് മാത്യു മില്ലര്‍ പറഞ്ഞു.