അസാഞ്ചിനെ മോചിപ്പിച്ച നിയമപോരാളി ഇനി മഡൂറോയുടെ വക്കീല്‍; ബാരി പൊള്ളാക്ക് യുഎസ് കോടതിയില്‍

അസാഞ്ചിനെ മോചിപ്പിച്ച നിയമപോരാളി ഇനി മഡൂറോയുടെ വക്കീല്‍; ബാരി പൊള്ളാക്ക് യുഎസ് കോടതിയില്‍


ന്യൂയോര്‍ക്ക്:  വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചിനെ ജയിലില്‍ നിന്ന് മോചിപ്പിക്കാന്‍ നിര്‍ണായക നിയമനടപടികള്‍ക്ക് നേതൃത്വം നല്‍കിയ പ്രമുഖ അഭിഭാഷകന്‍ ബാരി ജെ. പൊള്ളാക്ക് ഇനി വെനിസ്വേല മുന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ നിയമസംരക്ഷകനാകുന്നു. അമേരിക്കന്‍ ഫെഡറല്‍ കോടതിയില്‍ മഡൂറോ നേരിടാനിരിക്കുന്ന ഗുരുതര കുറ്റക്കേസുകളില്‍ പൊള്ളാക്കാണ് മുഖ്യ അഭിഭാഷകനായി ചുമതലയേറ്റത്.

ബ്ലൂംബര്‍ഗ്, സിഎന്‍എന്‍ എന്നിവയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ന്യൂയോര്‍ക്കിലെ സൗത്ത്ണ്‍ ഡിസ്ട്രിക്റ്റ് ഫെഡറല്‍ കോടതിയില്‍ (യുഎസ് ഡിസ്ട്രിക്റ്റ് കോടതി) ഹാജരാകുന്നതായി ബാരി പൊള്ളാക്ക് ഔദ്യോഗികമായി നോട്ടീസ് ഫയല്‍ ചെയ്തു. മയക്കുമരുന്ന് ഭീകരവാദം, കൊക്കെയ്ന്‍ കടത്ത് ഗൂഢാലോചന തുടങ്ങിയ ഗുരുതര കുറ്റങ്ങളാണ് മദൂറോയ്‌ക്കെതിരെ അമേരിക്ക ചുമത്തിയിരിക്കുന്നത്.

കാരക്കസില്‍ നടന്ന യുഎസ് സ്‌പെഷ്യല്‍ ഫോഴ്‌സ് ഓപ്പറേഷനിലൂടെയാണ് മഡൂറോ പിടിയിലായത്. പതിറ്റാണ്ടുകളായി നീണ്ട അന്വേഷണത്തിന്റെ അന്തിമഘട്ടമായാണ് അമേരിക്കന്‍ അധികൃതര്‍ ഇത് വിശേഷിപ്പിക്കുന്നത്. 25 വര്‍ഷത്തിലേറെയായി അധികാരം ദുരുപയോഗം ചെയ്ത് അമേരിക്കയിലേക്ക് വന്‍തോതില്‍ കൊക്കെയ്ന്‍ കടത്താന്‍ സഹായിച്ചുവെന്നാണ് യുഎസ് നീതിന്യായവകുപ്പിന്റെ ആരോപണം. മെക്‌സിക്കോയിലെ സിനലോവ കാര്‍ട്ടല്‍ ഉള്‍പ്പെടെയുള്ള മയക്കുമരുന്ന് സംഘങ്ങള്‍ക്ക് നയതന്ത്ര പാസ്‌പോര്‍ട്ടുകളും സംരക്ഷണവും നല്‍കിയാണ് മഡൂറോ സഹായിച്ചതെന്നും കുറ്റപത്രത്തില്‍ പറയുന്നു.

'യുഎസ്എ വേഴ്‌സസ് കാര്‍വാഹാല്‍ബാരിയോസ്' എന്ന പേരിലുള്ള കേസ് പരിഗണിക്കുന്നത് മുതിര്‍ന്ന ഫെഡറല്‍ ജഡ്ജിയായ ആല്‍വിന്‍ ഹെല്ലര്‍സ്റ്റീനാണ്. രാഷ്ട്രീയ പ്രേരിത കേസാണെന്ന വാദവും രാഷ്ട്രതലവനെന്ന നിലയില്‍ ലഭിക്കേണ്ട സാര്‍വഭൗമ പരിരക്ഷ (സോവറിന് ഇമ്യൂണിറ്റി) ഉള്‍പ്പെടെയുള്ള നിയമവാദങ്ങളും പൊള്ളാക്ക് മുന്നോട്ടുവെച്ചേക്കുമെന്നാണ് സൂചന.

മൂന്ന് പതിറ്റാണ്ടിലേറെ നീളുന്ന നിയമജീവിതത്തില്‍ രാഷ്ട്രീയമായി അതിസൂക്ഷ്മവും 'വിജയിക്കാന്‍ പ്രയാസമുള്ളതെന്നും' കരുതപ്പെട്ട നിരവധി കേസുകള്‍ വിജയകരമായി കൈകാര്യം ചെയ്തിട്ടുള്ള അഭിഭാഷകനാണ് ബാരി പൊള്ളാക്ക്. ജൂലിയന്‍ അസാഞ്ചുമായി ബന്ധപ്പെട്ട് യുഎസ് സര്‍ക്കാരുമായി നടത്തിയ ദീര്‍ഘനാളത്തെ ചര്‍ച്ചകള്‍ ഒടുവില്‍ കുറ്റസമ്മത കരാറിലൂടെ അസാഞ്ചിന്റെ മോചനത്തില്‍ കലാശിച്ചിരുന്നു.

എന്റോണ്‍ തകര്‍ച്ചക്കേസില്‍ കുറ്റാരോപിതനായ മുന്‍ ഉദ്യോഗസ്ഥനെ പൂര്‍ണമായും കുറ്റവിമുക്തനാക്കിയതും പൊള്ളാക്കിന്റെ ശ്രദ്ധേയ നേട്ടങ്ങളില്‍പ്പെടുന്നു. പ്രോ ബോണോ രംഗത്തും സജീവമായ അദ്ദേഹം, 17 വര്‍ഷം അന്യായമായി ജയിലില്‍ കഴിയേണ്ടിവന്ന മാര്‍ട്ടിന്‍ ടാങ്ക്‌ലഫിന്റെ ശിക്ഷ റദ്ദാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. തുടര്‍ന്ന് നടന്ന സിവില്‍ കേസില്‍ ടാങ്ക്‌ലഫിന് 13.4 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം ലഭിക്കാനും പൊള്ളാക്ക് സഹായിച്ചു.

ഇതിനിടെ, മഡൂറോയുടെ ഭാര്യ സിലിയ ഫ്‌ലോറസിന് വേണ്ടി മുന്‍ യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രോസിക്യൂട്ടറായ മാര്‍ക്ക് ഡോണെല്ലി കോടതിയില്‍ ഹാജരാകുമെന്ന് അറിയിച്ചിട്ടുണ്ട്.