ട്രംപ് പ്രഖ്യാപിച്ച 25% തീരുവയും പിഴയും കണക്കിലെടുക്കുന്നില്ലെന്ന് ഇന്ത്യ; ദേശീയതാല്പര്യത്തിന് മുന്‍ഗണന

ട്രംപ് പ്രഖ്യാപിച്ച 25% തീരുവയും പിഴയും കണക്കിലെടുക്കുന്നില്ലെന്ന് ഇന്ത്യ; ദേശീയതാല്പര്യത്തിന് മുന്‍ഗണന


ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് യുഎസിലേക്ക് കയറ്റുമതി ചെയ്യുന്ന സാധനങ്ങള്‍ക്ക് 25% തീരുവയും 'പിഴയും' ഏര്‍പ്പെടുത്തുമെന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അപ്രതീക്ഷിത പ്രഖ്യാപനത്തില്‍ പ്രതികരിച്ച് ഇന്ത്യ. ട്രംപിന്റെ മുന്നറിയിപ്പ് തള്ളിയ ഇന്ത്യ ദേശീയ താല്പര്യം സംരക്ഷിക്കാന്‍ എല്ലാ നടപടിയും സ്വീകരിക്കുമെന്ന് വ്യക്തമാക്കി. കര്‍ഷകരുടെയും ചെറുകിട ഇടത്തരം വ്യവസായികളുടെയും ക്ഷേമത്തിനാണ് മുന്‍ഗണനയെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

ട്രംപിന്റെ പ്രഖ്യാപനം ശ്രദ്ധിച്ചുവെന്നും അമേരിക്കയുമായി ന്യായമായ ഒരു ഉഭയകക്ഷി വ്യാപാര കരാര്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ത്യ ഇപ്പോഴും പ്രതിജ്ഞാബദ്ധമാണെന്നും പ്രസ്താവിച്ച കേന്ദ്ര സര്‍ക്കാര്‍ വ്യാപാര കരാറിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ മാസങ്ങളായി നടക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി.

'ഉഭയകക്ഷി വ്യാപാരത്തെക്കുറിച്ചുള്ള യുഎസ് പ്രസിഡന്റിന്റെ പ്രസ്താവന സര്‍ക്കാര്‍ ശ്രദ്ധിച്ചു. സര്‍ക്കാര്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇന്ത്യയും യുഎസും ന്യായവും സന്തുലിതവും പരസ്പര പ്രയോജനകരവുമായ ഒരു ഉഭയകക്ഷി വ്യാപാര കരാറിനുള്ള ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ആ ലക്ഷ്യത്തില്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്,' ബുധനാഴ്ച വൈകുന്നേരം പുറത്തിറക്കിയ പ്രസ്താവനയില്‍ കേന്ദ്രം വ്യക്തമാക്കി.

മാത്രമല്ല, കര്‍ഷകര്‍, സംരംഭകര്‍, സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ (എംഎസ്എംഇ) എന്നിവരുടെ ക്ഷേമം സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും കേന്ദ്രം അതീവ പ്രാധാന്യം നല്‍കുന്നുവെന്ന് വാണിജ്യ , വ്യവസായ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. യുണൈറ്റഡ് കിംഗ്ഡവുമായി അടുത്തിടെ സ്ഥാപിച്ച സ്വതന്ത്ര വ്യാപാര കരാറിനെക്കുറിച്ചും ഇതില്‍ പരാമര്‍ശിച്ചിരുന്നു. 'യുകെയുമായുള്ള ഏറ്റവും പുതിയ സമഗ്ര സാമ്പത്തിക, വ്യാപാര കരാര്‍ ഉള്‍പ്പെടെയുള്ള മറ്റ് വ്യാപാര കരാറുകളുടെ കാര്യത്തിലെന്നപോലെ, നമ്മുടെ ദേശീയ താല്‍പ്പര്യം സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കും,' കേന്ദ്രം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ ഇറക്കുമതികള്‍ക്ക് 25 ശതമാനം തീരുവയും അധിക പിഴകളും ചുമത്തുമെന്നാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചത്. ഓഗസ്റ്റ് ഒന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്നും ട്രംപ് പറഞ്ഞു. റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ തുടര്‍ച്ചയായുള്ള ക്രൂഡോയില്‍ ഇറക്കുമതിയും, യുഎസുമായുള്ള ദീര്‍ഘകാല വ്യാപാര തടസ്സങ്ങളും, ബ്രിക്‌സ് കൂട്ടായ്മയിലെ അംഗത്വമുള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് ട്രംപ് ഈ നീക്കം നടത്തിയിരിക്കുന്നത്. ഇന്ത്യ അമേരിക്കന്‍ വിരുദ്ധ കൂട്ടായ്മയായ ബ്രിക്‌സില്‍ അംഗമാണെന്നതും ട്രംപിനെ ചൊടിപ്പിച്ചിട്ടുണ്ട്. ബ്രിക്‌സ് ഡോളറിനെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നുവെന്നും ഡോളറിനെ തകര്‍ക്കുന്ന ആര്‍ക്കൊപ്പവും അമേരിക്ക സഹകരിക്കില്ലെന്നും യുഎസ് പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കി.

ട്രംപ് പ്രഖ്യാപിച്ച 25% തീരുവയും പിഴയും കണക്കിലെടുക്കുന്നില്ലെന്ന് ഇന്ത്യ; ദേശീയതാല്പര്യത്തിന് മുന്‍ഗണന