ഒബാമയുടെ വീടിനു മുന്നില്‍ ഡ്യൂട്ടിയിലുള്ള വനിതാ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഏറ്റുമുട്ടി

ഒബാമയുടെ വീടിനു മുന്നില്‍ ഡ്യൂട്ടിയിലുള്ള വനിതാ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഏറ്റുമുട്ടി


വാഷിംഗ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ വീടിനു മുന്നില്‍ സീക്രട്ട് സര്‍വീസില്‍ നിന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിത സുരക്ഷ ഉദ്യോഗസ്ഥര്‍ ഏറ്റുമുട്ടി. വാഷിംഗ്ടണിലെ ഒബാമയുടെ വീടിന് മുന്നില്‍ മെയ് 21ന് പ്രാദേശിക സമയം പുലര്‍ച്ചെ 2.30ഓടെയായിരുന്നു സംഭവം.
ആയുധ ധാരികളായ ഉദ്യോഗസ്ഥരുടെ കൈയ്യാങ്കളിയുടെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയ ഈ ഉദ്യോഗസ്ഥരെ സീക്രട്ട് സര്‍വീസ് സസ്‌പെന്‍ഡ് ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
പെരുമാറ്റ ചട്ട ലംഘനത്തിനാണ് ഇരുവര്‍ക്കുമെതിരെ നടപടി സ്വീകരിച്ചത്. കഴിഞ്ഞ വര്‍ഷം കമല ഹാരിസിന്റെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന സീക്രട്ട് ഏജന്റിനെ സഹപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തതിന് പിന്നാലെ പുറത്താക്കിയിരുന്നു. വളരെ കര്‍ശനമായ മാനദണ്ഡങ്ങള്‍ പാലിച്ചാണ് സീക്രട്ട് സര്‍വ്വീസിലേക്കുള്ള നിയമനങ്ങള്‍ നടത്തുന്നത്. എന്നിട്ടും ഇത്തരം ഗുരുതര കൃത്യ വിലോപങ്ങള്‍ സംഭവിക്കുന്നത്. സീക്രട്ട് ഏജന്റുമാര്‍ക്കിടയിലെ ഏറ്റുമുട്ടലിനേക്കുറിച്ച് ഒബാമയുടെ ഓഫീസ് പ്രതികരിച്ചിട്ടില്ല.