വി.എസ് - പോരാളി, അന്വേഷകന്‍, പഠിതാവ്

വി.എസ് - പോരാളി, അന്വേഷകന്‍, പഠിതാവ്

Photo Caption അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനൊപ്പം വി.കെ. മാത്യൂസ്


മുന്‍ മുഖ്യമന്ത്രിയും മാര്‍ക്‌സിസ്റ്റ് അതികായനുമായ വി.എസ് അച്യുതാനന്ദന്റെ വിയോഗം ഒരു രാഷ്ട്രീയ യുഗത്തിന്റെ അന്ത്യത്തെ അടയാളപ്പെടുത്തുന്നു. പോരാട്ടം, സംഘര്‍ഷം, കേരളത്തിന്റെ സാമൂഹിക പുരോഗതിയിലേക്കുള്ള അവിരാമമായ മുന്നേറ്റം എന്നിവയാല്‍ നിര്‍വചിക്കപ്പെട്ട ഒരു കാലഘട്ടത്തിന്റെ മുഖമുദ്രയാണത്.

രാഷ്ട്രീയ അനുയായികളുടെയും എതിരാളികളുടെയും സ്‌നേഹം ഒരുപോലെ ആര്‍ജ്ജിക്കാന്‍ കഴിഞ്ഞ വി.എസ് സ്വാതന്ത്ര്യാനന്തര കേരള ചരിത്രത്തില്‍ മുന്‍നിര നേതാക്കളുടെ തലമുറയില്‍ പ്രധാനിയാണ്. ഈ കാലയളവില്‍ കേരളം നിരവധി പ്രമുഖ രാഷ്ട്രീയ നേതാക്കളെ കണ്ടിട്ടുണ്ടെങ്കിലും, വി.എസ് അച്യുതാനന്ദനും ഉമ്മന്‍ ചാണ്ടിയും യഥാര്‍ഥ അര്‍ഥത്തില്‍ ബഹുജന നേതാക്കളായി വേറിട്ടുനില്‍ക്കുന്നു.

ഉമ്മന്‍ ചാണ്ടി സാധാരണക്കാരോടുള്ള അനുകമ്പയുടെയും, വികസനത്തിനും വ്യവസായങ്ങള്‍ക്കും വേണ്ടിയുള്ള പിന്തുണയുടെയും പേരില്‍ ഓര്‍മ്മിക്കപ്പെടുമ്പോള്‍, ചൂഷണങ്ങള്‍ക്കും അനീതിക്കും എതിരായും തൊഴിലാളികളുടെ അവകാശങ്ങള്‍ക്കും വേണ്ടിയുള്ള അചഞ്ചലമായ പോരാട്ടത്തിലൂടെയാണ് വി.എസ് ഉജ്ജ്വല അധ്യായമായി മാറുന്നത്.

ജീവിതത്തിലുടനീളം മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ് ചിന്താധാര അടിസ്ഥാനമാക്കിയുള്ള ഭാവി കാഴ്ചപ്പാടില്‍ പ്രതിജ്ഞാബദ്ധനായിരുന്നു വി.എസ്. അദ്ദേഹത്തിന്റെ ബാല്യകാലത്തെ സാമൂഹിക-സാമ്പത്തിക വ്യവസ്ഥയും സ്വന്തം ജീവിതവും രൂപപ്പെടുത്തിയ കാഴ്ചപ്പാടായിരുന്നു അത്. എല്ലായ് പ്പോഴും അദ്ദേഹം ഒരു പോരാളിയായിരുന്നു. താന്‍ ഉറച്ചു വിശ്വസിച്ചിരുന്ന ലക്ഷ്യങ്ങള്‍ക്കും ആദര്‍ശങ്ങള്‍ക്കും വേണ്ടി അദ്ദേഹം നിരന്തരം പോരാടി. തങ്ങളുടെ ലക്ഷ്യത്തിനായി പോരാടുന്ന നായകനായിട്ടാണ് ജനങ്ങള്‍ അദ്ദേഹത്തെ കണ്ടത്. വി.എസിനെ സംബന്ധിച്ചിടത്തോളം ഈ പോരാട്ടം ജനങ്ങളെ സേവിക്കുന്നതിനുള്ള മാര്‍ഗം തന്നെയായിരുന്നു.

വി.എസ് നിലകൊള്ളുകയും പോരാടുകയും ചെയ്ത എല്ലാ കാര്യങ്ങളോടും യോജിച്ചാലും ഇല്ലെങ്കിലും, ബഹുജനങ്ങള്‍ക്കിടയില്‍ ഊര്‍ജ്ജപ്രഭാവമുള്ള നേതാവായിരുന്നു അദ്ദേഹം എന്നത് നിസ്തര്‍ക്കമായ വസ്തുതയാണ്.

കടുത്ത നിലപാടുകള്‍ സ്വീകരിക്കുന്ന വ്യക്തിയെന്ന പ്രതിച്ഛായ ഉണ്ടായിരുന്നിട്ടും, മുഖ്യമന്ത്രി,  പ്രതിപക്ഷ നേതാവ് എന്നീ നിലകളില്‍ അദ്ദേഹം തുറന്ന മനസ്സോടെ വിഷയങ്ങളെ സമീപിച്ചു.

വി.എസ് മുഖ്യമന്ത്രിയായും പ്രതിപക്ഷ നേതാവായും പ്രവര്‍ത്തിച്ചിരുന്ന കാലത്ത് അദ്ദേഹവുമായി അടുത്തിടപഴകാന്‍ എനിക്ക് അവസരം ലഭിക്കുകയുണ്ടായി. ഐബിഎസിന്റെ പ്രവര്‍ത്തനത്തിന് എല്ലാക്കാലത്തും അദ്ദേഹത്തില്‍ നിന്ന് വലിയ പിന്തുണയാണ് ലഭിച്ചത്. ആ ബന്ധത്തെക്കുറിച്ച് നിരവധി നല്ല ഓര്‍മ്മകളുണ്ട്. ഊഷ്മളമായ ബന്ധത്തിനിടയില്‍ അദ്ദേഹം സംശയം പ്രകടിപ്പിച്ച ഒരേയൊരു സന്ദര്‍ഭം മാത്രമേയുള്ളൂ. എന്നാല്‍ വസ്തുത അറിഞ്ഞപ്പോള്‍ അദ്ദേഹം പൂര്‍ണപിന്തുണയും നല്‍കി.

2006-ല്‍ അദ്ദേഹം ഐബിഎസിന്റെ തിരുവനന്തപുരം കാമ്പസിന്റെ ശിലാസ്ഥാപനം നടത്തി. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യത്തെ ഔദ്യോഗിക ചടങ്ങായിരുന്നു ഇത്. പിന്നീട് നിര്‍മാണം പൂര്‍ത്തിയാക്കിയ ഓഫീസിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചതും അദ്ദേഹം തന്നെ. ആ കാലയളവില്‍ ഞാന്‍ അദ്ദേഹത്തിന്റെ ഐടി ഉപദേശക സമിതിയിലും സേവനമനുഷ്ഠിച്ചു. ഐബിഎസിന്റെ ചാരിറ്റി ഫൗണ്ടേഷന്റെ സംരംഭങ്ങളിലും വി.എസ് താത്പരനായിരുന്നു.

യുഎസ്എയിലെ ഓക്ക് റിഡ്ജ് നാഷണല്‍ ലബോറട്ടറി പ്രതിനിധി സംഘത്തിന്റെ ഇന്ത്യ സന്ദര്‍ശന വേളയില്‍ അതിന്റെ ഡയറക്ടറെ വി.എസിനെ സന്ദര്‍ശിക്കുന്നതിനായി ക്ലിഫ് ഹൗസിലേക്ക് കൊണ്ടുപോയത് ഞാന്‍ ഓര്‍ക്കുന്നു. ഒരു കുട്ടിയെപ്പോലെ കൗതുകകരമായ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ട് ഒരു മണിക്കൂറിലധികം സജീവമായ സംഭാഷണത്തില്‍ വി.എസ് ചെലവഴിച്ചത് കൗതുകമുള്ള കാഴ്ചയായിരുന്നു. കേരളത്തില്‍ ഇത്തരമൊരു ലോകോത്തര ഗവേഷണ സൗകര്യം ഒരുക്കാന്‍ കഴിയുമോ എന്ന് അദ്ദേഹം ചോദിച്ചു. വി.എസില്‍ പലരും ഒരിക്കലും കണ്ടിട്ടില്ലാത്ത അന്വേഷകന്‍, പഠിതാവ്, സ്വപ്‌നദര്‍ശി എന്ന വശമായിരുന്നു അത്. തന്റെ ഇന്ത്യാ യാത്രയിലെ ഏറ്റവും അവിസ്മരണീയമായ കാര്യം തിരുവനന്തപുരത്തെ ഐബിഎസിന്റെ ഡിവൈന്‍ ചില്‍ഡ്രന്‍സ് ഹോം സന്ദര്‍ശിച്ചതാണെന്ന് ലാബ് ഡയറക്ടര്‍ പിന്നീട് പറഞ്ഞപ്പോള്‍ എനിക്ക് വലിയ സന്തോഷം തോന്നി. പിന്നീട് നിര്‍മാണം പൂര്‍ത്തീകരിച്ച ഈ സ്ഥാപനത്തിന്റെ ഉദ്ഘാടനം വി.എസ് തന്നെയാണ് നിര്‍വ്വഹിച്ചത്.

ഉദ്ഘാടന വേളയില്‍ വി.എസിന്റെ വാത്സല്യം അനുഭവിക്കാനുളള അപൂര്‍വ്വഭാഗ്യം എനിക്കുണ്ടായി. പരിപാടിക്കുശേഷം അദ്ദേഹം ഞങ്ങളുടെ കാമ്പസില്‍ നിന്ന് ഭക്ഷണം കഴിക്കുമ്പോഴായിരുന്നു അത്. അദ്ദേഹം വര്‍ഷങ്ങളായി ആഹാരത്തില്‍ നിന്ന് ഉപ്പ് ഒഴിവാക്കിയിരുന്നു. വാര്‍ധക്യവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങള്‍ അദ്ദേഹം നിശബ്ദമായി പങ്കുവെച്ചു. അന്ന് അദ്ദേഹത്തിന് 85 വയസ്സിനു മുകളില്‍ പ്രായമുണ്ടായിരുന്നു. ഒരു നിമിഷം, ആ പ്രായത്തിലും നാടിനായി അദ്ദേഹം നടത്തുന്ന എല്ലാ പരിശ്രമങ്ങള്‍ക്കും എനിക്ക് അദ്ദേഹത്തോട് ആഴമേറിയ സഹാനുഭൂതി തോന്നി. ആരോഗ്യം ശ്രദ്ധിക്കണമെന്ന് അദ്ദേഹത്തോട് ഞാന്‍ സൗമ്യമായി പറഞ്ഞു. അദ്ദേഹം എന്റെ കൈയില്‍ കൈ വച്ചു. എന്റെ ആവശ്യം അംഗീകരിക്കുന്നതുപോലെ, ഊഷ്മളതയോടെ എന്നെ നോക്കി. അദ്ദേഹത്തിന്റെ കണ്ണുകള്‍ ഈറനണിയുന്നത് ഞാന്‍ കണ്ടു. ഞാന്‍ വികാരഭരിതനായി.

വി.എസ്, അങ്ങയുടെ ആദര്‍ശവും പ്രവൃത്തികളും പോരാട്ടവും കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹിക, വ്യാവസായിക ഭൂപ്രകൃതിയെ ഏറെ സ്വാധീനിച്ചു. ഈ മഹത്തായ പൈതൃകത്തെക്കുറിച്ച് എല്ലാവരും ചര്‍ച്ച ചെയ്യട്ടെ. ഇന്നത്തെ കേരളം കുറേക്കൂടി നീതിയുക്തവും, സാമ്പത്തിക-സാമൂഹിക പദവി പരിഗണിക്കാതെ വ്യക്തികളെ തുല്യരായി കാണുന്നതുമായ ഒരു പ്രദേശമായി മാറിയെങ്കില്‍, സ്വന്തം പരിശ്രമത്തെയും ജീവിതത്തെയും കുറിച്ച് അങ്ങേയ്ക്ക് കൂടുതല്‍ അഭിമാനിക്കാം.

വിട, വിഎസ്. ഈ നാടിന്റെ ചരിത്രത്തില്‍ താങ്കള്‍ വ്യക്തിമുദ്ര പതിപ്പിച്ചു.

--
ആഗോള എയർലൈൻ, ഐടി, ഏവിയേഷൻ സൊല്യൂഷൻസ് കമ്പനിയായ ഐബിഎസ് സോഫ്റ്റ്‌വെയർ എക്‌സിക്യുട്ടീവ് ചെയര്‍മാനും ടെക്‌നോപാർക്ക് വ്യവസായ സംരംഭകരുടെ സംഘടനയായ ജിടെക്കിന്റെ ചെയര്‍മാനുമാണ് വി.കെ. മാത്യൂസ്.