എന്തുകൊണ്ട് കര്‍ഷക പ്രക്ഷോഭം

എന്തുകൊണ്ട് കര്‍ഷക പ്രക്ഷോഭം

Photo Caption


ഇന്ത്യയിലെ കര്‍ഷകര്‍ക്കിതെന്തുപറ്റി? അവര്‍ കൂടെക്കൂടെ തലസ്ഥാന നഗരം സ്തംഭിപ്പിച്ച് സമരം ചെയ്യുന്നു. കേന്ദ്ര ഗവണ്മെന്റ് അത് അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നു. ഭരണകക്ഷിക്കാര്‍ സോഷ്യല്‍ മീഡിയ വഴി അവരെ താറടിക്കുന്നു. അതൊന്നും കാര്യമാക്കാതെ കര്‍ഷകര്‍ സമരം തുടരുന്നു. 2020ല്‍ ആരംഭിച്ച സമരം ഒരു വര്‍ഷത്തിലേറെ നീണ്ടു. ലക്ഷ്യം നേടിയേ അവര്‍ മടങ്ങിയുള്ളു. 

ഇത്തവണ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പടിവാതുക്കല്‍ എത്തി നില്‍ക്കുമ്പോള്‍ ജാതി സെന്‍സസ് എന്ന ആവശ്യം ഉന്നയിച്ചു നേട്ടമുണ്ടാക്കാമെന്ന 'ഇന്ത്യ' സഖ്യത്തിന്റെ പ്രതീക്ഷയ്ക്കും അയോധ്യയിലെ രാമക്ഷേത്രപ്രതിഷ്ഠയില്‍നിന്ന് നേട്ടമുണ്ടാക്കാമെന്ന ബിജെപിയുടെ പ്രതീക്ഷയ്ക്കും മങ്ങലേല്‍പ്പിച്ചുകൊണ്ട് കര്‍ഷകര്‍ വീണ്ടും ഡല്‍ഹിയിലേക്ക്. 

കാര്‍ഷികോല്പന്നങ്ങളുടെ വിപണനവുമായി ബന്ധപ്പെട്ട മൂന്ന് നിയമങ്ങള്‍ക്കെതിരെയായിരുന്നു 2020-21ലെ സമരം. 1990കളില്‍ ആരംഭിച്ച സാമ്പത്തിക പരിഷ്‌കരണ അജണ്ടയ്‌ക്കെതിരായ ആദ്യത്തേതും ദൈര്‍ഘ്യമേറിയതുമായ പോരാട്ടമായിരുന്നു അത്. എല്ലുകളെ മരവിപ്പിക്കുന്ന തണുപ്പിനെയും കൊടും ചൂടിനെയും റെക്കോര്‍ഡ് മഴയെയും ധൈര്യപൂര്‍വം നേരിട്ടാണ് അവര്‍ ലക്ഷ്യം നേടിയത്. നിയമങ്ങള്‍ എടുത്തുകളയാന്‍ സര്‍ക്കാര്‍ നിര്‍ബ്ബന്ധിതമായി. പ്രക്ഷോഭത്തിനിടയില്‍ 700 കര്‍ഷകര്‍ മരിച്ചു. 2021 ഡിസംബറില്‍ കര്‍ഷക പ്രക്ഷോഭം 1.0 പിന്‍വലിച്ചപ്പോള്‍ മിനിമം താങ്ങുവിലയ്ക്ക് (എംഎസ്പി) നിയമപരമായ പരിരക്ഷ നല്‍കുന്നതിനുള്ള വഴികളും മാര്‍ഗങ്ങളും കണ്ടെത്തുന്നതിന് കമ്മിറ്റി രൂപീകരിക്കാമെന്ന് കേന്ദ്രം വാഗ്ദാനം ചെയ്തിരുന്നു. അത് പാലിക്കാത്തതിന്റെ പേരിലാണ് രണ്ട് വര്‍ഷത്തിനുശേഷം കര്‍ഷകര്‍ 'ഡല്‍ഹി ചലോ' സമരവുമായി വീണ്ടും തെരുവിലിറങ്ങിയത്. 

പക്ഷേ രണ്ടു സമരങ്ങളും തമ്മില്‍ വലിയ വ്യത്യാസങ്ങളുണ്ട് - ആവശ്യങ്ങളുടെ സ്വഭാവം, സമരത്തിലുള്ള സംഘടനകള്‍, അവയുടെ എണ്ണം അങ്ങനെ പലതും; പക്ഷേ ഗവണ്മെന്റിന്റെ പ്രതികരണം പഴയതുതന്നെ. ഡല്‍ഹിയുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളിലെ ബിജെപി ഭരണകൂടങ്ങള്‍  കര്‍ഷക വാഹനങ്ങള്‍ തടയുന്നതിന് അതിര്‍ത്തി റോഡുകള്‍ കീറിമുറിച്ച് ഇരുമ്പ് സ്‌പൈക്കുകള്‍ അടിച്ചുകയറ്റുകയും  റേസര്‍ കമ്പികള്‍ പിടിപ്പിച്ച കോണ്‍ക്രീറ്റ് ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും ചെയ്തു. ഘാസിപൂര്‍, സിംഗു, തിക്രി അതിര്‍ത്തികളില്‍ സെക്ഷന്‍ 144 അനുസരിച്ചുള്ള നിരോധനാജ്ഞ ഏര്‍പ്പെടുത്തി. പഞ്ചാബിലെയും ഹരിയാനയിലെയും നിരവധി പ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടഞ്ഞു. രാജസ്ഥാന്‍ പഞ്ചാബ്, ഹരിയാന എന്നിവയുമായുള്ള അതിര്‍ത്തികള്‍ അടച്ചു. പ്രതിഷേധക്കാര്‍ക്ക് നേരെ കണ്ണീര്‍ വാതക പ്രയോഗം ഡ്രോണുകള്‍ ഉപയോഗിച്ചാണ്. കര്‍ഷകരെ തടഞ്ഞുവയ്ക്കല്‍ വാഹനങ്ങള്‍ പിടിച്ചെടുക്കല്‍ തുടങ്ങിയ കലാപരിപാടികള്‍ ഹരിയാന പോലീസ് നടത്തുന്നു. തീര്‍ന്നില്ല, ഇത്തവണത്തെ പ്രതിഷേധം മോദിയുടെ ജനപ്രീതി തകര്‍ക്കാനുള്ള ശ്രമമാണെന്ന നറേറ്റീവ് ഗവണ്മെന്റ് തന്നെ ഉയര്‍ത്തുന്നു. അതിനായി ഒരു സിഖ് കര്‍ഷകന്റെ വീഡിയോ ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം പുറത്തുവിട്ടു. ബി.ജെ.പിയുടെ തീവ്രവും സജീവവുമായ സോഷ്യല്‍ മീഡിയ യോദ്ധാക്കള്‍ സമാനമായ ആരോപണങ്ങള്‍ ഉന്നയിച്ച് വിഷം ചീറ്റുന്നു: യഥാര്‍ത്ഥ കര്‍ഷകരല്ല പ്രക്ഷോഭം നടത്തുന്നത്, ഖാലിസ്ഥാനി ഭീകരരാണ് എന്നൊക്കെ. 

മുന്‍ കര്‍ഷക സമരത്തില്‍ അജ്ഞാതരായിരുന്ന ജഗ്ജിത് സിംഗ് ധല്ലേവാളിന്റെയും സര്‍വാന്‍ സിംഗ് പന്ദേറിന്റെയും നേതൃത്വത്തിലുള്ള 'സംയുക്ത കിസാന്‍ മോര്‍ച്ച'യാണ് ഇപ്പോള്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ബല്‍ബീര്‍ സിംഗ് രാജേവല്‍, രാകേഷ് ടികായിത്, ഗുര്‍നം സിംഗ് ചദുനി, ജോഗീന്ദര്‍ സിംഗ് ഉഗ്രഹന്‍ തുടങ്ങിയ മുന്‍ സമരത്തിലെ വന്‍ തോക്കുകള്‍ നയിക്കുന്ന യൂണിയനുകള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സമരത്തില്‍ പങ്കെടുക്കുന്നില്ല. ദര്‍ശന്‍ പാലിന്റെയും ബല്‍ബീര്‍ സിംഗ് രാജേവാളിന്റെയും നേതൃത്വത്തിലുള്ള രണ്ട് ഗ്രൂപ്പുകള്‍ ഫെബ്രുവരി 16ന് ഭാരത് ബന്ദിന് വെവ്വേറെ ആഹ്വാനം നല്‍കി. അമിതമായ ഭരണകൂട ബലപ്രയോഗത്തിനെതിരെ ഭാരതീയ കിസാന്‍ യൂണിയന്‍ ഫെബ്രുവരി 15ന് റെയില്‍ റോക്കോ സമരത്തിന് ആഹ്വാനം നല്‍കി. ഇങ്ങനെ ഭൂരിഭാഗം കര്‍ഷക സംഘടനകളും വിട്ടുനില്‍ക്കുകയോ പരസംപരം മത്സരിക്കുകയോ ചെയ്യുന്നതിനാല്‍ സമരത്തിന് ശക്തിയും തീവ്രതയും കുറവാണ്.

2020 പ്രക്ഷോഭം നയിച്ചത് ആശയപരമായി മത്സരിക്കുന്ന 32 സംഘടനകളുടെ കൂട്ടായ്മയായിരുന്നു. അത് പഞ്ചാബ് കേന്ദ്രീകൃതമായിരുന്നില്ല. പശ്ചിമ ഉത്തര്‍പ്രദേശ്, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകരുടെ വലിയ പങ്കാളിത്തം ഉണ്ടായിരുന്നു. ഇപ്പോഴത്തേത് പഞ്ചാബ് കേന്ദ്രീകൃതമാണ്. 2020-21 കര്‍ഷക പ്രതിഷേധത്തിന് ഗായകര്‍, ചലച്ചിത്ര പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍, പ്രൊഫഷണലുകള്‍, രാഷ്ട്രീയക്കാര്‍, ആക്ടിവിസ്റ്റുകള്‍ തുടങ്ങി സമൂഹത്തിലെ മിക്കവാറും എല്ലാ വിഭാഗങ്ങളില്‍ നിന്നും പിന്തുണ ലഭിച്ചു. പുതിയ കര്‍ഷക പ്രക്ഷോഭത്തിന് മുഴുവന്‍ കര്‍ഷക സംഘടനകളുടെപോലും നേരിട്ടുള്ള പിന്തുണ ഇല്ല. എങ്കിലും, രാഷ്ട്രീയ നേതൃത്വം പ്രതിഷേധങ്ങളോട് പ്രതികരിക്കുകയും ജനങ്ങളുടെ ശബ്ദം കേള്‍ക്കുകയും ചെയ്യുന്നത് തിരഞ്ഞെടുപ്പിന്റെ തലേന്ന് മാത്രമാണെന്ന ധാരണ പ്രക്ഷോഭത്തിന് പ്രേരണയായിട്ടുണ്ടാകാം. 

കര്‍ഷകരുടെ ആവശ്യങ്ങളില്‍ പ്രധാനം സ്വാമിനാഥന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ച ഫോര്‍മുല അനുസിരിച്ച് മിനിമം താങ്ങുവില (എംഎസ്പി) നിശ്ചയിക്കുകയും അതിന് നിയമപരമായ ഗ്യാരന്റി നല്‍കുകയും ചെയ്യുക എന്നതാണ്. 'കോസ്റ്റ് സി 2' എന്ന് വിളിക്കപ്പെടുന്ന ഈ ഫോര്‍മുല അനുസരിച്ച്  കൃഷിച്ചെലവിന്റെ 50 ശതമാനം ലാഭം കണക്കാക്കി താങ്ങുവില നിശ്ചയിക്കണം. കൃഷിച്ചെലവ് എന്നാല്‍ കര്‍ഷകര്‍ കൃഷിക്കായി മുടക്കുന്ന പണം മാത്രമല്ല കുടുംബ അദ്ധ്വാനത്തിന്റെ മൂല്യവും (കോസ്റ്റ് സി2+എഫ്എല്‍), സ്വന്തം ഉടമസ്ഥതയിലുള്ള ഭൂമിയുടെ വാടകയും മുടക്കുന്ന മൂലധനത്തിന്റെ പലിശയും ഉള്‍പ്പെടുന്നതാണ്. അത് ന്യായമായ ആവശ്യമാണ്. പക്ഷേ, ഉല്പന്നത്തിന് ഡിമാന്റ് ഇല്ലെങ്കില്‍ ആര് നഷ്ടം നികത്തും എന്നതാണ് പ്രശ്‌നം. സര്‍ക്കാര്‍ ബാദ്ധ്യത ഏറ്റെടുത്താല്‍ ബജറ്റ് തകിടം മറിയും. 

ലോക വ്യാപാര സംഘടനയില്‍ നിന്ന് ഇന്ത്യ പിന്മാറുക, കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക, സ്വാമിനാഥന്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കുക, കര്‍ഷകര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും പെന്‍ഷന്‍ ഏര്‍പ്പെടുത്തുക, 2020-21 പ്രതിഷേധത്തിനിടെ കര്‍ഷകര്‍ക്കെതിരെ ചുമത്തിയ കേസുകള്‍ പിന്‍വലിക്കുക, ആ കാലയളവില്‍ മരിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുക, ലഖിംപൂര്‍ ഖേരി സംഭവത്തിലെ ഇരകള്‍ക്ക് നീതി ഉറപ്പാക്കുക, 2021ല്‍ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കിയതിനു ശേഷം ബിജെപി നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുക എന്നിങ്ങനെ മറ്റ് ആവശ്യങ്ങളും അവര്‍ ഉന്നയിക്കുന്നുണ്ട്.

ഭക്ഷ്യ ഉല്‍പ്പാദകര്‍ പട്ടിണിയിലായിരിക്കുമ്പോള്‍ കാര്‍ഷിക ബിസിനസ്സ് വന്‍ ലാഭം കൊയ്യുന്നത് വിരോധാഭാസമാണ്. ഭക്ഷ്യ പരമാധികാരം, ഭക്ഷ്യ സുരക്ഷ, കര്‍ഷകരുടെ ഉപജീവനം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് രാഷ്ട്രീയ ഇച്ഛാശക്തി ആവശ്യമാണ്. മത്സരബുദ്ധിയോടെ വോട്ട് പിടിക്കാനുള്ള അഭ്യാസമാക്കി മാറ്റുന്നതിനുപകരം ദീര്‍ഘകാല പരിഹാരങ്ങള്‍ കണ്ടെത്താന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും കേന്ദ്രം ഉള്‍പ്പെടുത്തണമായിരുന്നു. കൃഷി ആഗോളതലത്തില്‍ മത്സരാധിഷ്ഠിതമാക്കാന്‍ ആവശ്യമെങ്കില്‍ കൃഷിക്ക് സബ്‌സിഡി നല്‍കണം. വാണിജ്യാടിസ്ഥാനത്തില്‍  ഫാമുകള്‍ നിലനിര്‍ത്താന്‍ വികസിത രാജ്യങ്ങള്‍ പോലും വലിയ സബ്‌സിഡികള്‍ നല്‍കുന്നുണ്ട്.

വിരലിലെണ്ണാവുന്ന കര്‍ഷകരാണ് വിളകള്‍ക്ക് മിനിമം താങ്ങുവില ആവശ്യപ്പെടുന്നത്. പക്ഷേ, ഈ വിരലിലെണ്ണാവുന്നവരാണ് സര്‍ക്കാര്‍ ധാന്യശാലകള്‍ നിറയ്ക്കുന്നതും നഗരങ്ങളെ പോറ്റുന്നതും. ഏതാണ്ട് എണ്‍പത് ശതമാനം കര്‍ഷകരും അവരുടെ ആവശ്യത്തിനുള്ള ഉല്‍പ്പാദനം മാത്രമാണ് നടത്തുന്നത്. കാര്‍ഷിക മേഖലയില്‍ മാറ്റം അനിവാര്യമാണ്, കൃഷിരീതിയില്‍ മാത്രമല്ല വിപണനരീതിയിലും. അതിനുള്ള ശ്രമമായിരുന്നു കര്‍ഷക പ്രക്ഷോഭത്തെത്തുടര്‍ന്ന് പിന്‍വലിച്ച മൂന്ന് നിയമങ്ങള്‍. പകരം മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കാതെ എല്ലാ രാഷ്ട്രീയക്കാരും അടുത്ത തെരഞ്ഞെടുപ്പില്‍ കൂടുതല്‍ കര്‍ഷക വോട്ടുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയില്‍ അശ്രദ്ധമായ വാഗ്ദാനങ്ങള്‍ നല്‍കുന്നു. കോണ്‍ഗ്രസ് അധികാരത്തിലിരുന്നപ്പോള്‍ കര്‍ഷകര്‍ക്കായി ഒന്നും ചെയ്തില്ലെന്ന് ബിജെപിക്കാരും ഗ്രാമീണ ദുരിതങ്ങളെല്ലാം മോദിയുടെ കുഴപ്പമാണെന്ന് കോണ്‍ഗ്രസുകാരും ആരോപിക്കുന്നു. 

തന്റെ ഹൃദയത്തില്‍ കര്‍ഷകര്‍ക്ക് ഒരു പ്രത്യേക സ്ഥാനമുണ്ടെന്ന് പ്രധാനമന്ത്രി ഇടയ്ക്കിടെ പറയാറുണ്ട്. പക്ഷേ അത് പ്രയോഗത്തില്‍ കാണുന്നില്ല. പ്രതിഷേധത്തിന് കാരണമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതൊഴിച്ചാല്‍, കര്‍ഷക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒരു ശ്രമവും നടന്നില്ല. ഗ്രാമീണ യാഥാര്‍ത്ഥ്യങ്ങള്‍ എത്ര ഭീകരവും ക്രൂരവുമാണ്. മോദി പ്രധാനമന്ത്രിയായതിനുശേഷം നഗരപ്രദേശങ്ങളില്‍ വളരെയധികം മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്, അതിനാലാണ് അദ്ദേഹം മൂന്നാം തവണയും വിജയിക്കുമെന്ന് പ്രവചിക്കപ്പെടുന്നത്. ഗ്രാമങ്ങളില്‍ ഒന്നും മാറിയിട്ടില്ല. മോദി ഇനിയും വിജയിച്ചാല്‍, അടിസ്ഥാന സൗകര്യങ്ങളില്ലാത്ത വൃത്തിഹീനമായ ഗ്രാമങ്ങളില്‍ പാര്‍ക്കുന്നവരുടെ ജീവിതം മെച്ചപ്പെടുത്താന്‍ സമയം കണ്ടെത്തണം. കാര്‍ഷിക പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുമ്പോള്‍, ഒരു രാത്രി പോലും കൃഷിയിടത്തില്‍ ചിലവഴിക്കാത്ത 'വിദഗ്ധരുടെ' അഭിപ്രായങ്ങളെ മാത്രം ആശ്രയിക്കാതെ, കര്‍ഷകരെ ചര്‍ച്ചയില്‍ പങ്കെടുപ്പിച്ചാല്‍ അത് യഥാര്‍ത്ഥമായ മാറ്റമുണ്ടാക്കും.