നുണഞ്ഞ് നുകരേണ്ട മിഠായി ധൃതിയില്‍ കടിച്ചുപൊട്ടിച്ച 19 കാരിയുടെ താടിയെല്ല് പൊട്ടി

നുണഞ്ഞ് നുകരേണ്ട മിഠായി ധൃതിയില്‍ കടിച്ചുപൊട്ടിച്ച 19 കാരിയുടെ താടിയെല്ല് പൊട്ടി


ഒട്ടാവ: മിഠായി കടിച്ചുപൊട്ടിച്ച് കഴിക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ താടിയെല്ലുകള്‍ പൊട്ടി. കാനഡയിലും യുഎസിലും പ്രശസ്തമായ ഗാബ്‌സ്റ്റോപ്പര്‍ അഥവാ ജോ ബ്രേക്കര്‍ കാന്‍ഡി വേഗത്തില്‍ കടിച്ചുപൊട്ടിച്ചു കഴിക്കാന്‍ ശ്രമിച്ച് 19 കാരി ജാവേരിയ വാസിമിന്റെ താടിയെല്ലുകള്‍ക്കാണ് ക്ഷതം സംഭവിച്ചത്. ജാവേരിയയുടെ പല്ലുകള്‍ക്ക് ഇളക്കം സംഭവിക്കുകയും ചെയ്തു.

പതിയെ നുണഞ്ഞ് ഏറെ സമയമെടുത്ത് കഴിക്കേണ്ട മിഠായി ഒറ്റയടിക്ക് കടിച്ച് പൊട്ടിക്കാന്‍ ശ്രമിച്ചതാണ് വിനയായത്. മൂന്ന് ഇഞ്ച് വ്യാസമുള്ള മിഠായി കടിച്ചതിന് പിന്നാലെ തനിക്ക് താടിയെല്ലിന് വേദനയനുഭവപ്പെട്ടുവെന്ന് ജാവേരിയ വാസിം പറയുന്നു. മിനി ഗ്ലോബ് പോലെ തോന്നിക്കുന്ന മിഠായിക്ക് ഉള്ളില്‍ എന്താണെന്ന് അറിയാനുള്ള കൗതുകമാണ് പല്ലിളകുന്നതുള്‍പ്പെടെയുള്ള പ്രശ്‌നങ്ങളിലേക്ക് നയിച്ചതെന്ന് ജാവേരിയ പറഞ്ഞു. 'ആദ്യത്തെ കടിയില്‍ തന്നെ താടിയെല്ല് വല്ലാതെ വേദനിച്ചു. പിന്നീട് സുഹൃത്തുക്കളാണ് പല്ല് പോയതായും ഇളക്കമുള്ളതായും പറഞ്ഞത്. ഇതോടെ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു', ജാവേരിയയെ ഉദ്ധരിച്ച് ഡെയിലിമെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എക്‌സ്‌റേ റിപ്പോര്‍ട്ടിലാണ് കുട്ടിയുടെ താടിയെല്ലിന് രണ്ട്‌പൊട്ടലുള്ളതായി കണ്ടെത്തിയത്. ഒരു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്ക് ശേഷം താടിയെല്ല് തുന്നിച്ചേര്‍ത്ത് കെട്ടിവെച്ചിരിക്കുകയാണ്. കുറഞ്ഞത് ആറാഴ്ചയെങ്കിലും താടിയെല്ല് ചേര്‍ത്ത് കെട്ടിവെയ്ക്കണമെന്നാണ് നിര്‍ദേശം.

ആഴ്ചകളെടുത്താലും ജോ ബ്രേക്കര്‍ കാന്‍ഡി നുണഞ്ഞ് മാത്രം കഴിക്കണമെന്നാണ് മോശം അനുഭവം ചൂണ്ടിക്കാട്ടി ജാവേരിയ പറയുന്നത്. തുടക്കത്തില്‍ പല്ല് പോയതാണ് പ്രധാനപ്രശ്‌നമെന്നാണ് കരുതിയതെന്നും താടിയെല്ല് പൊട്ടുമെന്ന് കരുതിയില്ലെന്നും ജാവേരിയ കൂട്ടിച്ചേര്‍ത്തു. മനുഷ്യര്‍ക്ക് അപകടത്തിലും സംഘര്‍ഷത്തിലും മറ്റും താടിയെല്ല് പൊട്ടുന്നത് കണ്ടിട്ടുണ്ട്. പക്ഷേ ഇത് പരിതാപകരവും ഒഴിവാക്കാമായിരുന്നതുമാണെന്ന കുറ്റബോധവും ജാവേരിയ പങ്കുവെക്കുന്നുണ്ട്. ഇനിയൊരിക്കലും ജോ ബ്രേക്കര്‍ കാന്‍ഡി താന്‍ കഴിക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വൃത്താകൃതിയില്‍ 1 മുതല്‍ 3 ഇഞ്ച് വരെ വലുപ്പത്തിലാണ് ജോ ബ്രേക്കര്‍ കാന്‍ഡികള്‍ നിര്‍മിക്കുന്നത്. പല ലെയറുകളില്‍ പല നിറങ്ങളും പല രുചികളും ആയിരിക്കും ഈ മിഠായികള്‍ ഉണ്ടാവുക. ഒരു ചെറു മിഠായിയിലേക്കോ, ഷുഗര്‍ ബോളിലേക്കോ ഓരോ ലെയറുകളായി പല ഫ്‌ലേവറുകളടങ്ങിയ പഞ്ചസാര ലായിനി ഒഴിക്കും. ആഴ്ചകളോളം എടുത്താണ് ഈ മിഠായി ഉണ്ടാക്കിയെടുക്കുന്നത്. നെസ്ലെയാണ് ജോ ബ്രേക്കര്‍ കാന്‍ഡികള്‍ വില്‍ക്കുന്നത്.