ടെഹ്രാൻ: ഇറാനിലെ ഖുസെസ്താൻ പ്രവിശ്യയിലെ അഹ്വാസ് നഗരത്തിലുള്ള കുട്ടികളുടെ കാൻസർ ആശുപത്രിക്ക് സമീപം അമേരിക്ക നടത്തിയ വ്യോമാക്രമണത്തെ തുടർന്ന് കീമോതെറാപ്പി ഉൾപ്പെടെ ചികിത്സയിലായിരുന്ന 211 രോഗികളെ അടിയന്തരമായി മറ്റാശുപത്രികളിലേക്ക് മാറ്റി.
ബുധനാഴ്ച രാത്രി അഹ്വാസിലെ ഷഹീദ് ബഖാഈ ആശുപത്രിക്ക് സമീപത്താണ് ആക്രമണമുണ്ടായത്. രക്താർബുദത്തിനും മറ്റ് കാൻസർ രോഗങ്ങൾക്കും പ്രത്യേക ചികിത്സ നൽകുന്ന ആശുപത്രിയാണിത്. സ്‌ഫോടനങ്ങളുടെ ആഘാതത്തെ തുടർന്ന് രോഗികളുടെ സുരക്ഷ കണക്കിലെടുത്ത് ആശുപത്രി ഒഴിപ്പിക്കുകയായിരുന്നുവെന്ന് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്തു.
കുട്ടികളെ കൈകളിലേന്തിയും ഡ്രിപ്പ് ഘടിപ്പിച്ച നിലയിലും വീൽചെയറുകളിലുമായാണ് രോഗികളെ ആശുപത്രിക്ക് പുറത്തേക്ക് മാറ്റിയതെന്ന് ആശുപത്രി ജീവനക്കാരൻ പറഞ്ഞതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു.
രോഗികളുടെ ജീവൻ സംരക്ഷിക്കുന്നതിനായാണ് ആശുപത്രി ഒഴിപ്പിച്ചതെന്നും നിലവിൽ ആശുപത്രിയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണെന്നും ഐആർഎൻഎ അറിയിച്ചു. ആക്രമണത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
അതേസമയം, കുട്ടികളുടെ കാൻസർ ആശുപത്രിക്ക് സമീപത്തെ ആക്രമണത്തെ ഇറാൻ ശക്തമായി അപലപിച്ചു. ഇത് 'ക്രൂരമായ യുദ്ധക്കുറ്റം' ആണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖാഈ ആരോപിച്ചു. ആശുപത്രിക്ക് സമീപമുണ്ടായ അമേരിക്കൻ ആക്രമണത്തെ തുടർന്നാണ് കീമോ ചികിത്സയിലായിരുന്ന 211 രോഗികളെ അടിയന്തരമായി ഒഴിപ്പിക്കേണ്ടിവന്നതെന്നും അദ്ദേഹം എക്‌സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു.
കുട്ടികളുടെ കാൻസർ ആശുപത്രിക്ക് സമീപം അമേരിക്കൻ ആക്രമണം; കീമോ ചികിത്സയിലായിരുന്ന 211 രോഗികളെ ഒഴിപ്പിച്ചു
