തായ്ലന്‍ഡില്‍ വിനോദയാത്രക്ക് പോയ സ്‌കൂള്‍ ബസിന് തീപിടിച്ച് 25 പേര്‍ മരിച്ചു

തായ്ലന്‍ഡില്‍ വിനോദയാത്രക്ക് പോയ സ്‌കൂള്‍ ബസിന് തീപിടിച്ച് 25 പേര്‍ മരിച്ചു


ബാങ്കോക്ക്: വിദ്യാര്‍ഥികളെയും അധ്യാപകരെയും ഫീല്‍ഡ് ട്രിപ്പിന് കൊണ്ടുപോയ സ്‌കൂള്‍ ബസിന് തീപിടിച്ചു. സര്‍ക്കാരിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ എഫ് പിയുടെ റിപ്പോര്‍ട്ട് പ്രകാരം 44 പേരാണ് ബസ്സില്‍ ഉണ്ടായിരുന്നത്. ഇതില്‍ 38 പേര്‍ വിദ്യാര്‍ഥികളും ആറ് അധ്യാപകരുമാണ്. 

25 പേര്‍ മരിച്ചതായും ഇരകളുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നതായും പ്രധാനമന്ത്രി പറ്റോങ്ടര്‍ന്‍ ഷിനവത്ര പറഞ്ഞു.

ഗതാഗത മന്ത്രി സൂര്യ ജംഗ്റന്‍ഗ്രാംകിറ്റ് പറയുന്നതനുസരിച്ച്, മരണസംഖ്യ വ്യക്തമല്ലെങ്കിലും  തീപിടുത്തത്തിന് ശേഷം 25 പേരെ കണ്ടെത്താനായില്ല.

വിദ്യാര്‍ഥികളും അധ്യാപകരും വാട്ട് ഖാവോ ഫ്രായ സ്‌കൂളില്‍ നിന്നുള്ളവരാണെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

വടക്കന്‍ ബാങ്കോക്കിലെ ഒരു ഹൈവേയില്‍ ടയര്‍ പൊട്ടിത്തെറിച്ച് ബസ് ഇടിച്ചുകയറുകയായിരുന്നുവെന്ന് ഒരു രക്ഷാപ്രവര്‍ത്തകന്‍ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.

കംപ്രസ്ഡ് ഗ്യാസ് ഉപയോഗിച്ചാണ് ബസ് ഓടുന്നതെന്നും അപകടത്തില്‍ ഇന്ധന ടാങ്കുകള്‍ക്ക് തീപിടിച്ചെന്നും രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു.

തീ അണച്ചെങ്കിലും മൃതദേഹങ്ങള്‍ക്കായി തിരച്ചില്‍ നടത്തുന്നതിന് മുമ്പ് രക്ഷാപ്രവര്‍ത്തകര്‍ക്ക് ബസ് തണുപ്പിക്കാന്‍ കാത്തിരിക്കേണ്ടി വന്നതായി മറ്റൊരു രക്ഷാപ്രവര്‍ത്തകന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

ചികില്‍സാ ചെലവുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, രാജ്യത്തെ റോഡുകളില്‍ ഓരോ വര്‍ഷവും ഏകദേശം 20,000 ആളുകളാണ് കൊല്ലപ്പെടുന്നത്. പ്രതിദിനം ശരാശരി 50ലധികം പേര്‍ മരിക്കുന്നു.