ജപ്പാനില്‍ 7.6 തീവ്രതയുള്ള ഭൂകമ്പം; സുനാമി മുന്നറിയിപ്പ്

ജപ്പാനില്‍ 7.6 തീവ്രതയുള്ള ഭൂകമ്പം; സുനാമി മുന്നറിയിപ്പ്


ടോക്യോ: ജപ്പാന്റെ വടക്കുകിഴക്കന്‍ തീരത്ത് തിങ്കളാഴ്ച രാത്രിയോടെ 7.6 തീവ്രതയുള്ള ശക്തമായ ഭൂകമ്പം. തുടര്‍ന്ന് ഹൊക്കൈഡോ, ആഒമോറി, ഇവാട്ടെ മേഖലകളില്‍ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചതായി ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സി (ജെ എം എ) അറിയിച്ചു. ഏജന്‍സിയുടെ മുന്നറിയിപ്പനുസരിച്ച് തിരമാലയുടെ ഉയരം മൂന്ന് മീറ്റര്‍ (ഏകദേശം 10 അടി) വരെ എത്താന്‍ സാധ്യതയുണ്ട്.

ജപ്പാന്‍ സമയം രാത്രി 11.15നാണ് ഭൂകമ്പമുണ്ടായത്. ജപ്പാനിലെ വടക്കും കിഴക്കും ഭാഗങ്ങളിലാകെ കുലുക്കം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ഭൂകമ്പത്തിന്റെ ഉപകേന്ദ്രം ആഒമോറിയില്‍ നിന്ന് കടലിനകത്ത് ഏകദേശം 80 കിലോമീറ്ററും സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 50 കിലോമീറ്റര്‍ ആഴത്തിലുമാണെന്ന് ജെ എം എ വ്യക്തമാക്കി.

ഈ വര്‍ഷം ജൂലൈയില്‍ തെക്കുപടിഞ്ഞാറന്‍ ജപ്പാനിലെ ദ്വീപ് പ്രദേശത്ത് 5.5 തീവ്രതയുള്ള ഭൂകമ്പം ഉണ്ടായിരുന്നെങ്കിലും സുനാമി മുന്നറിയിപ്പ് നല്‍കിയില്ല. അതേ മാസം, റഷ്യയിലെ കംചാട്ട്ക അര്‍ധദ്വീപില്‍ 8.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പവും അതുവഴി സമീപരാജ്യങ്ങളെ ബാധിക്കുന്ന സുനാമി തിരമാലകളും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ഒരു ദശാബ്ദംകൊണ്ട് ആഗോളതലത്തില്‍ രേഖപ്പെടുത്തിയതില്‍ ഏറ്റവും ശക്തമായ ഭൂകമ്പമായിരുന്നു അത്.