ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സിനെ ആലിംഗനം ചെയ്തയാള്‍ക്ക് 5100 ഡോളര്‍ പിഴ ചുമത്തി

ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സിനെ ആലിംഗനം ചെയ്തയാള്‍ക്ക് 5100 ഡോളര്‍ പിഴ ചുമത്തി


ഫ്രാങ്ക്ഫര്‍ട്ട് : ഒരു ആലിംഗനത്തിന്റെ വില 5100 ഡോളര്‍. ആവേശം മൂത്തപ്പോള്‍ ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സി ഒന്നുകെട്ടിപ്പിടിച്ചയാള്‍ക്കാണ് 4,500 യൂറോ (ഏകദേശം 5,100 ഡോളര്‍)പിഴയൊടുക്കേണ്ടിവന്നത്.

ഒലാഫ് ഷോള്‍സിന്റെ സുരക്ഷാ വാഹനവ്യൂഹത്തിലേക്ക് കാര്‍ ഓടിച്ചുകയറ്റുകയും വിമാനത്താവളത്തിലെ റണ്‍വേയില്‍ വെച്ച് അദ്ദേഹത്തെ ആലിംഗനം ചെയ്യുകയും ചെയ്ത സംഭവത്തില്‍ കുറ്റക്കാരനെന്ന് വിധിച്ചയാള്‍ക്ക് ഫ്രാങ്ക്ഫര്‍ട്ട് ജില്ലാ കോടതിയാണ് ചൊവ്വാഴ്ച 5100 ഡോളര്‍ പിഴ ചുമത്തിയത്.

ജനാധിപത്യ നേതാവിന് സ്‌നേഹപൂര്‍വ്വം വിട നല്‍കുന്നതില്‍ മറ്റുള്ളവരുടെ മാതൃക പിന്തുടരുക മാത്രമാണ് താന്‍ ചെയ്തതെന്നായിരുന്നു ഏറെ വിവാദമുണ്ടാക്കിയ തന്റെ പ്രവര്‍ത്തിയെക്കുറിച്ച് പ്രതിയുടെ ന്യായീകരണം.
പ്രതി മയക്കുമരുന്നിന് അടിമയാണെന്നും അന്വേഷണത്തില്‍ തെളിഞ്ഞു.

മയക്കുമരുന്ന് ലഹരിയില്‍ വാഹനമോടിച്ചതിനും സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ച് ചാന്‍സലറുടെ വാഹനവ്യൂഹത്തില്‍ അതിക്രമിച്ചു കയറിയതിനും ശിക്ഷിക്കപ്പെട്ട 50 വയസ്സുകാരന്‍, രണ്ട് ദിവസമായി ചില സല്‍ക്കാരങ്ഹളില്‍ പങ്കെടുക്കുകയായിരുന്നുവെന്നും അബദ്ധത്തില്‍ മാത്രമാണ് കോണ്‍വോയില്‍ ചേര്‍ന്നതെന്നും പറഞ്ഞു.

താന്‍ പലതവണ കൊക്കെയ്ന്‍ കഴിച്ചിട്ടുണ്ടെന്നും പൊതുപാതയില്‍ വാഹനമോടിക്കുമ്പോള്‍ ഉറങ്ങിയിട്ടില്ലെന്നും ആ വ്യക്തി പറഞ്ഞു. വാഹനവ്യൂഹത്തിന്റെ ഭാഗമായി ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിന്റെ പരിസരത്ത് പ്രവേശിക്കുന്നതിന് മുമ്പാണ് അബദ്ധത്തില്‍ ചാന്‍സലറുടെ വാഹനവ്യൂഹത്തില്‍ ചേര്‍ന്നതെന്ന് അദ്ദേഹം അവകാശപ്പെട്ടു.

വാഹനവ്യൂഹം നിര്‍ത്തിയപ്പോള്‍, അദ്ദേഹം കാറില്‍ നിന്ന് ഇറങ്ങി വിമാനത്തില്‍ കയറാന്‍ പോകുകയായിരുന്ന ഷോള്‍സിനെ സമീപിച്ച് കൈ കുലുക്കി ആലിംഗനം ചെയ്തു. തുടര്‍ന്ന് ഇയാളെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ചാന്‍സലര്‍ക്ക് സ്‌നേഹപൂര്‍വ്വം വിടപറയുന്നതില്‍ മറ്റുള്ളവരുടെ മാതൃക പിന്തുടരുക മാത്രമാണ് താന്‍ ചെയ്തതെന്നും പ്രതി തന്റെ അഭിഭാഷകന്‍ വഴി വിശദീകരിച്ചു.

കോടതിമുറിയില്‍, അദ്ദേഹം പശ്ചാത്താപം പ്രകടിപ്പിക്കുകയും തന്റെ പെരുമാറ്റം മെച്ചപ്പെടുത്താമെന്ന് ഉറപ്പുനല്‍കുകയും ചെയ്യുകയും ചെയ്തു. അതേസമയം അബദ്ധത്തിലാണ് ഈ സാഹചര്യത്തില്‍ താന്‍ എത്തിപ്പെട്ടതെന്ന് അവകാശപ്പെടുകയും അത് ഒരു കയ്പും മധുരവും നിറഞ്ഞ അനുഭവമായെന്ന് പറയുകയും ചെയ്തു. പ്രതിയുടെ ഭാഗം കേട്ടകോടതി കുറ്റകൃത്യത്തിന് പ്രതി ഭാഗികമായ ഉത്തരവാദിത്തമേ ഉള്ളൂവെന്ന് കണ്ടെത്തി.

ഫ്രാങ്ക്ഫര്‍ട്ട് ആസ്ഥാനമായുള്ള യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെ 25ാം വാര്‍ഷികാഘോഷത്തിന് ശേഷം ഷോള്‍സ് ബെര്‍ലിനിലേക്ക് മടങ്ങുന്നതിനിടെയാണ് 2023 മെയ് മാസത്തില്‍ സംഭവം നടന്നത്.

 ജര്‍മ്മന്‍ നേതാവിന് 'ഒരു ഘട്ടത്തിലും ഭീഷണി തോന്നിയില്ല' എന്ന് ഷോള്‍സിന്റെ വക്താവ് വോള്‍ഫ്ഗാങ് ബുഷ്‌നര്‍ അന്ന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. എന്നാല്‍ കൗതുകകരമായ കേസ് ചാന്‍സലറുടെ സുരക്ഷയെക്കുറിച്ചുള്ള ഒരു വിവാദത്തിന് തുടക്കമിടുകയും ചെയ്തു.

ഷോള്‍സിന്റെ ചാന്‍സലര്‍ പദവിയുടെ കാലാവധി ഉടന്‍ അവസാനിക്കുകയാണ്. ഫ്രെഡറിക് മെര്‍സിന്റെ നിര്‍ദ്ദിഷ്ട സര്‍ക്കാരിലെ കക്ഷികള്‍ കഴിഞ്ഞയാഴ്ച എത്തിച്ചേര്‍ന്ന ഒരു സഖ്യ കരാറിന് അംഗീകാരം നല്‍കിയാല്‍, ജര്‍മ്മനിയുടെ പാര്‍ലമെന്റിന്റെ അധോസഭയായ ബുണ്ടെസ്റ്റാഗ് മെയ് 6 ന് രാജ്യത്തിന്റെ അടുത്ത നേതാവായി ഫ്രെഡറിക് മെര്‍സിനെ തിരഞ്ഞെടുക്കാന്‍ യോഗം ചേരും.