ഡമസ്‌കസ്: സിറിയയില്‍ എട്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം വീണ്ടും സംഘര്‍ഷം രൂക്ഷമാകുന്നു. വിമത വിഭാഗം വടക്കുപടിഞ്ഞാറന്‍ നഗരമായ അലപ്പോയിലേക്ക് ഇരച്ചുകയറി. സൈനിക വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് റോയിട്ടേഴ്‌സാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. പ്രസിഡന്റ് ബഷര്‍ അല്‍ അസദിന് വര്‍ഷങ്ങള്‍ക്കിടെയുണ്ടാകുന്ന ഏറ്റവും വലിയ തിരിച്ചടിയായിട്ടാണ് ഇതിനെ കണക്കാക്കുന്നത്. സംഭവത്തിന് പിന്നാലെ സിറിയന്‍ അധികൃതര്‍ അലപ്പോ വിമാനത്താവളവും നഗരത്തിലേക്കുള്ള റോഡുകളും അടച്ചു.
ഹയാത്ത് തഹ്‌രീര്‍ അല്‍ ഷാം എന്നി സായുധ വിഭാഗമാണ് അപ്രതീക്ഷിത ആക്രമണം നടത്തിയത്. അതേസമയം, സിറിയയുടെ പ്രധാന സഖ്യകക്ഷിയായ റഷ്യ, വിമതരെ തുരത്താനുള്ള എല്ലാവിധ സഹായങ്ങളും നല്‍കുമെന്ന് അറിയിച്ചു.
ബുധനാഴ്ചയാണ് വിമസേന അലപ്പോയിലേക്കുള്ള കടന്നുകയറ്റം ആരംഭിച്ചത്. വെള്ളിയാഴ്ചയോടെ നഗരത്തിെന്റ പ്രധാന ഭാഗങ്ങള്‍ ഇവര്‍ കീഴടക്കി. 2016ന് ശേഷം ആദ്യമായാണ് ഇവര്‍ നഗരത്തിലേക്ക് തിരിച്ചെത്തുന്നത്. ഇറാെന്റയും റഷ്യയുടെയും ഷിഈ സായുധവിഭാഗങ്ങളുടെയും സഹായത്തോടെ വിമതരെ സിറിയ അന്ന് തുരത്തുകയായിരുന്നു.
ഇറാന്‍ പിന്തുണയുള്ള സൈനികരുടെ കുറവാണ് വിശാലമായ അലപ്പോ പ്രവിശ്യയിലേക്ക് തങ്ങള്‍ക്ക് കടന്നുകയറാന്‍ സഹായകരമായതെന്ന് വിമത വിഭാഗത്തിലെ കമാന്‍ഡര്‍ മുസ്തഫ അബ്ദുല്‍ ജബ്ബാര്‍ പറഞ്ഞു. വിമതരുടെ നിയന്ത്രണത്തിലുള്ള ഇദ്‌ലിബില്‍ കഴിഞ്ഞ ആഴ്ചകളില്‍ റഷ്യയുടെയും സിറിയയുടെയും വ്യോമസേനകള്‍ ആക്രമണം നടത്തിയിരുന്നു. ഇതിന് മറുപടിയായിട്ടാണ് തങ്ങളുടെ കടന്നാക്രമണമെന്നും വിമതര്‍ വ്യക്തമാക്കി.
വിമതരെ പിന്തുണക്കുന്ന തുര്‍ക്കി ആക്രമണത്തിന് പച്ചക്കൊടി കാണിച്ചാതയും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, മേഖലയില്‍ കൂടുതല്‍ അസ്ഥിര ഒഴിവാക്കാനാണ് തുര്‍ക്കി ശ്രമിക്കുന്നതെന്നും ഇത്തരം ആക്രമണങ്ങള്‍ സമാധാന കരാറിന് തുരങ്കം വെക്കുന്നതാണെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും തുര്‍ക്കി വിദേശകാര്യ മന്ത്രാലയം വക്താവ് ഓങ്കു കെസെലി പറഞ്ഞു. 2020 മാര്‍ച്ചില്‍ റഷ്യയും തുര്‍ക്കിയും സംഘര്‍ഷം ലഘൂകരിക്കാനുള്ള കരാറിന് സമ്മതിച്ചിരുന്നു. ഇതിന് ശേഷമുള്ള ഏറ്റവും വലിയ ആക്രമണമാണ് ഇപ്പോള്‍ നടന്നിട്ടുള്ളത്.
അതേസമയം, വിമതര്‍ അലപ്പോ നഗരത്തില്‍ എത്തിയെന്ന വാര്‍ത്ത സിറിയന്‍ ദേശീയ ടെലിവിഷന്‍ നിഷേധിച്ചു. റഷ്യയുടെ സഹായത്തോടെ വിമതരെ ചെറുക്കുന്നുണ്ടെന്നും സിറിയ വ്യക്തമാക്കി. ആക്രമണത്തിനെതിരെ പോരാടുകയാണെന്നും അലപ്പോയിലെയും ഇദ്‌ലിബിലെയും ഗ്രാമപ്രദേശങ്ങളില്‍ വിമതര്‍ക്ക് കനത്ത നാശം വരുത്തിയെന്നും സിറിയന്‍ സൈന്യം പറയുന്നു.
വടക്കുപടിഞ്ഞാറന്‍ സിറിയയിലെ സ്ഥിതിഗതികളില്‍ തങ്ങള്‍ അഗാധമായ ആശങ്കയിലാണെന്ന് രാജ്യത്തെ ഐക്യരാഷ്ട്ര സഭ പ്രതിനിധി ഡേവിഡ് കാര്‍ഡന്‍ വ്യക്തമാക്കി. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ എട്ട് വയസ്സുകാരന്‍ ഉള്‍പ്പെടെ 27 സാധാരണക്കാരാണ് കൊല്ലപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിമതര്‍ക്കെതിരെ റഷ്യയും രംഗത്തുവന്നു. വിമതരുടേത് സിറിയയുടെ പരമാധികാരത്തിനുമേലുള്ള ആക്രമണമായാണ് കണക്കാക്കുന്നതെന്ന് റഷ്യന്‍ വക്താവ് ദിമിത്രി പെസ്‌കോവ് വ്യക്തമാക്കി. സിറിയന്‍ സര്‍ക്കാറിന് ആവശ്യമായ എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു.
സിറിയയില്‍ വീണ്ടും സംഘര്‍ഷം; അലപ്പോ വിമാനത്താവളവും റോഡുകളും അടച്ചു; മൂന്ന് ദിവസത്തിനിടെ 27 മരണം