കൊല്‍ക്കത്തയില്‍ കാണാതായ ബംഗ്ലദേശ് എം പി കൊല്ലപ്പെട്ടെന്ന് ആഭ്യന്തര മന്ത്രി; അന്വേഷണം

കൊല്‍ക്കത്തയില്‍ കാണാതായ ബംഗ്ലദേശ് എം പി കൊല്ലപ്പെട്ടെന്ന് ആഭ്യന്തര മന്ത്രി; അന്വേഷണം


ധാക്ക: ഇന്ത്യയിലെ കൊല്‍ക്കത്ത സന്ദര്‍ശിച്ച ശേഷം കാണാതായ ബംഗ്ലാദേശി നിയമസഭാംഗം കൊല്ലപ്പെട്ടതായി ആഭ്യന്തര മന്ത്രി. ബംഗ്ലാദേശ് പാര്‍ലമെന്റ് അംഗം അന്‍വറുല്‍ അസിമിന്റെ മരണത്തില്‍ സംയുക്ത അന്വേഷണം ആരംഭിച്ചു.

മെയ് 12നാണ് ബംഗ്ലാദേശ് പാര്‍ലമെന്റ് അംഗം ഇന്ത്യയിലെത്തിയത്. അടുത്ത ദിവസം കൊല്‍ക്കത്തയിലെ ബിധാനഗറിലെ ഒരു കുടുംബ സുഹൃത്തിനൊപ്പം മെഡിക്കല്‍ പരിശോധനയ്ക്ക് പോയ അദ്ദേഹത്തെ മെയ് 13ന് ശേഷം ആരും കണ്ടിട്ടില്ല. തുടര്‍ന്ന് സുഹൃത്ത് പശ്ചിമ ബംഗാള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. 

കൊല്‍ക്കത്തയുടെ വടക്കന്‍ പ്രാന്തപ്രദേശത്തുള്ള ന്യൂ ടൗണിലെ ഒരു ആഡംബര പാര്‍പ്പിട സമുച്ചയത്തിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ദുരൂഹ സാഹചര്യത്തില്‍ ഇയാളുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ബംഗ്ലാദേശിലെ ഭരണകക്ഷിയായ അവാമി ലീഗ് അംഗമാണ് അസിം.

ധാക്കയില്‍ ബംഗ്ലാദേശ് ആഭ്യന്തര മന്ത്രി അസദുസ്സമാന്‍ ഖാന്‍ സംഭവം ആസൂത്രിതമായ കൊലപാതകമാണെന്ന് വിശേഷിപ്പിച്ചു.

പാര്‍ലമെന്റ് അംഗത്തിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട സംഭവത്തിലെ പ്രതികളെല്ലാം  ബംഗ്ലാദേശികളാണെന്ന് മനസ്സിലായതായും ആസൂത്രിത കൊലപാതകമാണെന്നും ബംഗ്ലാദേശ് ആഭ്യന്തര മന്ത്രിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്തു.

ഇതുമായി ബന്ധപ്പെട്ട് മൂന്ന് പേരെയെങ്കിലും ബംഗ്ലാദേശ് പൊലീസ് അറസ്റ്റ് ചെയ്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യന്‍ പൊലീസും ഈ വിഷയത്തില്‍ ബംഗ്ലാദേശ് അധികൃതരുമായി സഹകരിക്കുന്നുണ്ട്.

കൊലപാതകത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് ഉടന്‍ അറിയിക്കുമെന്ന് മന്ത്രി ഖാന്‍ മാധ്യമങ്ങളോട് പറഞ്ഞു.

എം പിയുടെ കുടുംബ സുഹൃത്ത് ഗോപാല്‍ വിശ്വാസ് ബിധാനഗറിലെ ബരാനഗര്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ മെയ് 16ന് രാവിലെ അന്‍വറുല്‍ അസിം തന്റെ സഹായിയെ വിളിക്കാന്‍ ശ്രമിച്ചതായി അവകാശപ്പെട്ടിരുന്നു. പിന്നീട് പ ിഎ തിരികെ വിളിച്ചപ്പോള്‍ അദ്ദേഹം പ്രതികരിച്ചില്ലെന്ന് പരാതിയില്‍ പറയുന്നു.

എം പിയുടെ മകളും അച്ഛനെ വിളിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. 

അദ്ദേഹത്തിന്റെ മകള്‍ തന്നെ വിളിച്ചുവെന്നും പിതാവുമായി ആശയവിനിമയം നടത്താന്‍ കഴിയുന്നില്ലെന്ന് പറയുകയും ചെയ്തു. തുടര്‍ന്ന് അദ്ദേഹത്തിന്റെ എല്ലാ പരിചയക്കാരെയും ഫോണില്‍ ബന്ധപ്പെട്ടുവെങ്കിലും അദ്ദേഹത്തെ ബന്ധപ്പെടാന്‍ കഴിഞ്ഞല്ലെന്നും കൂട്ടിച്ചേര്‍ത്തു.