അമേരിക്ക-കാനഡ വ്യാപാര ചർച്ചകൾ പുനരാരംഭിക്കുന്നു; യുഎസ്എംസിഎ കരാറിന്റെ ഭാവിയും ചർച്ചയിൽ

അമേരിക്ക-കാനഡ വ്യാപാര ചർച്ചകൾ പുനരാരംഭിക്കുന്നു;  യുഎസ്എംസിഎ കരാറിന്റെ ഭാവിയും ചർച്ചയിൽ


ഒട്ടാവ: അമേരിക്കയും കാനഡയും തമ്മിലുള്ള വ്യാപാര ചർച്ചകൾ മാസങ്ങളോളം നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും തുടങ്ങുന്നു. കാനഡയുടെ യുഎസ്-കാനഡ വ്യാപാര മന്ത്രി ഡൊമിനിക് ലെബ്ലാങ്ക് വാഷിംഗ്്ടണിൽ എത്തി അമേരിക്കൻ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. കഴിഞ്ഞ വർഷം അവസാനത്തോടെ ചർച്ചകൾ നിലച്ചതിന് ശേഷം നടക്കുന്ന ആദ്യ ഉയർന്നതല കൂടിക്കാഴ്ചയാണിത്.

അമേരിക്കൻ ട്രേഡ് പ്രതിനിധി ജെയ്മിസൺ ഗ്രീറുമായി ലെബ്ലാങ്ക് കൂടിക്കാഴ്ച നടത്തും. അമേരിക്ക–കാനഡ–മെക്‌സിക്കോ സ്വതന്ത്ര വ്യാപാര കരാർ (ഡടങഇഅ) ഈ വർഷം നിർബന്ധമായ അവലോകനത്തിന് വിധേയമാകുന്ന സാഹചര്യത്തിലാണ് ഈ ചർച്ചകൾ നടക്കുന്നത്.

ഒന്റാറിയോ പ്രവിശ്യ നടത്തിയ താരിഫ് വിരുദ്ധ പരസ്യത്തെ തുടർന്നാണ് കഴിഞ്ഞ ഒക്ടോബറിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കാനഡയുമായി നടക്കുന്ന ഔദ്യോഗിക വ്യാപാര ചർച്ചകൾ നിർത്തിവെച്ചത്. പിന്നീട് യുഎസ്എംസിഎ കരാർ പൂർണമായും അവസാനിപ്പിക്കുകയോ, കാനഡയുമായും മെക്‌സിക്കോയുമായും വേർതിരിച്ച കരാറുകൾ നടത്തുകയോ ചെയ്യാമെന്ന് ട്രംപ് സൂചന നൽകിയിരുന്നു.

എന്നാൽ കാനഡയും മെക്‌സിക്കോയും നിലവിലുള്ള ഉത്തര അമേരിക്കൻ സ്വതന്ത്ര വ്യാപാര കരാർ തുടരണമെന്ന നിലപാടിലാണ്. അമേരിക്കയുമായുള്ള ഇരുരാജ്യ ബന്ധത്തിന്റെ ഭാവിയെക്കുറിച്ച് സർക്കാർ ആശങ്കപ്പെടുന്നുവെന്ന്  കാനഡയുടെ പ്രധാനമന്ത്രി മാർക്ക് കാർണി വ്യക്തമാക്കി. അമേരിക്കയുടെ ചില നടപടികൾ കാരണം കരാർ താൽക്കാലികമായി തകരാറിലായതുപോലെയാണെന്നും അദ്ദേഹം പറഞ്ഞു.

ട്രംപ് കാനഡയ്‌ക്കെതിരെ ഏർപ്പെടുത്തിയ വ്യാപക താരിഫുകളിൽ നിന്ന് ഭൂരിഭാഗം വ്യാപാരത്തെ യുഎസ്എംസിഎ സംരക്ഷിച്ചിരുന്നെങ്കിലും സ്റ്റീൽ, അലുമിനിയം, വാഹനങ്ങൾ തുടങ്ങിയ മേഖലകളിൽ പ്രത്യേക താരിഫുകൾ ഇപ്പോഴും തുടരുകയാണ്. ഈ വിഷയങ്ങളിൽ ഇളവ് നേടാനായിരുന്നു മുമ്പ് ചർച്ചകൾ നടന്നിരുന്നത്.

അതേസമയം യുഎസ്-മെക്‌സിക്കോ ഉദ്യോഗസ്ഥരും ഈ മാസം അവസാനത്തോടെ യുഎസ്എംസിഎ അവലോകനത്തെക്കുറിച്ച് വെവ്വേറെ ചർച്ചകൾ നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

ഇതിനിടെ പ്രധാനമന്ത്രി കാർണി ഇന്ത്യ, ഓസ്‌ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങൾ സന്ദർശിച്ച് വ്യാപാരവും നിക്ഷേപവും വർധിപ്പിക്കാൻ പുതിയ കരാറുകൾ ഒപ്പുവച്ചിരുന്നു. ജപ്പാനുമായി പ്രതിരോധം, ഊർജം, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ സഹകരണം വർധിപ്പിക്കുന്ന തന്ത്രപരമായ പങ്കാളിത്ത കരാറും ടോക്യോയിൽ ഒപ്പുവച്ചു.

കാനഡയിലെ വാഹന നിർമാണ മേഖലയിലെ ഏകദേശം 70 ശതമാനം ഉത്പാദനവും ജപ്പാൻ കമ്പനികളുടേതാണെന്ന് കാനഡ സർക്കാർ പറയുന്നു. കാനഡയിൽ നിർമ്മിക്കുന്ന വാഹനങ്ങളിൽ പലതും പിന്നീട് അമേരിക്കൻ വിപണിയിലേക്ക് കയറ്റുമതി ചെയ്യപ്പെടുന്നവയാണ്. എന്നാൽ വാഹന നിർമ്മാണം പൂർണമായും അമേരിക്കയിലേക്ക് മാറ്റണമെന്ന് യുഎസ് മുമ്പ് ആവശ്യപ്പെട്ടിരുന്നു.

കാനഡയിലെ വാഹന വ്യവസായത്തിന് മേലുള്ള അമേരിക്കൻ താരിഫുകൾ ഇതിനകം തന്നെ ആയിരക്കണക്കിന് തൊഴിലുകൾ നഷ്ടപ്പെടാൻ കാരണമായിട്ടുണ്ട്.

അമേരിക്കയിലുള്ള സാമ്പത്തിക ആശ്രയം കുറയ്ക്കുമെന്ന വാഗ്ദാനത്തോടെയാണ് കാർണി കഴിഞ്ഞ വർഷം അധികാരത്തിലെത്തിയത്. വർഷങ്ങളോളം കാനഡയുടെ കയറ്റുമതിയുടെ ഏകദേശം 75 ശതമാനം അമേരിക്കയിലേക്കായിരുന്നു. ഇപ്പോൾ അത് 67.3 ശതമാനമായി കുറഞ്ഞിട്ടുണ്ട്.