ചിഹ്നം ചതിച്ചു; ജപ്പാനില്‍ കുട്ടികള്‍ക്ക് ഇഷ്ടമുള്ള പേരിടാനാവില്ല

ചിഹ്നം ചതിച്ചു; ജപ്പാനില്‍ കുട്ടികള്‍ക്ക് ഇഷ്ടമുള്ള പേരിടാനാവില്ല


ടോക്കിയോ: കുട്ടികള്‍ക്ക് പേരിടുമ്പോള്‍ കൂടുതല്‍ അലങ്കാരങ്ങള്‍ വേണ്ടെന്ന് ജപ്പാന്‍. ഉച്ചാരണ പ്രശ്‌നം മുന്‍ നിര്‍ത്തിയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. നിയമം മെയ് അവസാന വാരത്തില്‍ പ്രാബല്യത്തില്‍ വരും. ജാപ്പനീസ് എഴുത്ത് സമ്പ്രദായത്തില്‍ ഉപയോഗിക്കുന്ന കാഞ്ജി ചിഹ്നങ്ങളുടെ ഉച്ചാരണത്തിലുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ മാറ്റുകയാണ് ലക്ഷ്യമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്.

മാതാപിതാക്കള്‍ മറുനാടന്‍ പേരുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ അത് സര്‍ക്കാര്‍ തലത്തിലെ ഉദ്യോഗസ്ഥര്‍ക്കിടയിലും സ്‌കൂളുകളിലും വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ കലാപരമായ പേരുകളൊന്നും കുട്ടികള്‍ക്ക് നല്‍കരുതെന്നാണ് ഉത്തരവില്‍ പറയുന്നത്. നേരത്തെ മാതാപിതാക്കള്‍ പേരിന്റെ ഉച്ചരണം ഉള്‍പ്പെടെയുള്ളവ പ്രാദേശിക ഭരണകൂടത്തെ അറിയിക്കണമെന്നായിരുന്നു നിയമം. തെറ്റായ ഉച്ചാരണം ഒഴിവാക്കാനാണ് ഇത്തരമൊരു രീതി പിന്തുടര്‍ന്നിരുന്നത്. എന്നാല്‍ ചൈനീസ് ചിഹ്നമായ കാഞ്ജിയുടെ ഉപയോഗത്തെ വിലക്കുന്നതായിരുന്നില്ല. 

എന്നാല്‍, പുതിയ രീതിയില്‍ കാഞ്ജി ചിഹ്നങ്ങളില്‍ മാറ്റം വരുത്തുന്നതിനെ വിലക്കുന്നു. രാജ്യത്തിന് പുറത്തു നിന്നുള്ള പേരുകള്‍ സര്‍ക്കാരിന് തലവേദനയാവുന്ന സാഹചര്യം ഒഴിവാക്കാനാണ് പുതിയ നിയമമെന്നാണ് വിശദീകരണം.