ഹോങ്കോങ്ങിലെ തീപ്പിടിത്തം തുറന്നുകാട്ടുന്നത് നഗരത്തിന്റെ ഗുരുതരമായ വാസസ്ഥല പ്രതിസന്ധി

ഹോങ്കോങ്ങിലെ തീപ്പിടിത്തം തുറന്നുകാട്ടുന്നത് നഗരത്തിന്റെ ഗുരുതരമായ വാസസ്ഥല പ്രതിസന്ധി


മരിച്ചത് 55 പേര്‍: 275 പേരെ കാണാതായി
ഹോങ്കോങ്ങിലെ ടൈ പോ ജില്ലയിലെ വാങ് ഫുക്ക് കോര്‍ട്ട് പൊതുഭവന സമുച്ചയത്തില്‍ ബുധനാഴ്ച (നവംബര്‍ 26) ഉണ്ടായ വന്‍ അഗ്നിബാധയില്‍ 55 പേര്‍ മരിക്കുകയും 275 പേരെ കാണാതാകുകയും ചെയ്ത സംഭവം നഗരത്തിന്റെ പതിറ്റാണ്ടുകളായി തുടരുന്ന വാസസ്ഥല പ്രതിസന്ധിയെക്കുറിച്ചുള്ള വസ്തുതകളാണ് വീണ്ടും ചോദ്യം ചെയ്യപ്പെടാന്‍ ഇടയാക്കിയിരിക്കുന്നത്. നൂറുകണക്കിന് ആളുകള്‍ക്ക് ഒറ്റ രാത്രി കൊണ്ട് വീട് നഷ്ടപ്പെട്ടതോടെ, ലോകത്തിലെ തന്നെ ഏറ്റവും ചെലവേറിയ ഹൗസിംഗ് മാര്‍ക്കറ്റുകളിലൊന്നായ ഹോങ്കോങ്ങില്‍ സാധാരണക്കാര്‍ നേരിടുന്ന അമിതജീവിത ദുരിതങ്ങള്‍ വീണ്ടും ചര്‍ച്ചയായി.

വാര്‍ഷിക കുടുംബവരുമാനത്തേക്കാള്‍ ഇരുപത് മടങ്ങോളം വിലയുള്ളതാണ് ഇവിടെ മധ്യനിരയിലെ വീടുകള്‍. സ്വകാര്യ ഭവനം സ്വപ്നം മാത്രമായ സാഹചര്യത്തില്‍, നഗരവാസികളുടെ വലിയൊരു വിഭാഗം പൊതുഭവനങ്ങളെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ പൊതുവാടക ഫ്‌ലാറ്റിനായി ശരാശരി കാത്തിരിപ്പുസമയം അഞ്ചര വര്‍ഷം വരെ നീളുന്നു. ഈ സാഹചര്യത്തിലാണ് കുറഞ്ഞ വരുമാനക്കാരും തൊഴില്‍ അന്വേഷകരും മുതിര്‍ന്നവരുമടങ്ങുന്ന വലിയ വിഭാഗം 'കാഫിന്‍ ഹോംസ്' എന്നറിയപ്പെടുന്ന പലതായി വിഭജിച്ച ഫ്‌ലാറ്റുകളില്‍ കഴിയേണ്ടിവരുന്നത്.

ഒരു വ്യക്തിക്ക് ആറു ചതുരശ്ര മീറ്റര്‍ പോലും ഇടമില്ലാത്ത ഇത്തരം എസ്!ഡിയുകളില്‍ (Subdivided Units) 2021 കണക്കുകള്‍ പ്രകാരം രണ്ടുലക്ഷത്തിലധികം പേര്‍ താമസിക്കുന്നുണ്ട്. പലതിലും ശരിയായ വായുസഞ്ചാരമോ തീപിടിത്തത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള വഴികളോ ഇല്ല. പല കുടുംബങ്ങളും ഒരേ ശൗചാലയവും കുളിമുറിയും പങ്കിടേണ്ടിവരുന്നു. 15 ചതുരശ്ര അടി വരെ മാത്രം വലിപ്പമുള്ള ഈ 'കാഫിന്‍ ഹോംസ്' വയര്‍ നെറ്റിങ്ങുകളാല്‍ ചുറ്റപ്പെട്ട് കിടക്കകളെപ്പോലും ബന്ധിപ്പിക്കുന്നതും തീപിടിത്തത്തിന് വളരെയധികം സാധ്യതയുള്ളതുമാണ്. പോളിസ്‌റ്റൈറീന്‍ പോലെ പെട്ടെന്ന് കത്തുപിടിക്കുന്ന വസ്തുക്കളും പങ്കിട്ട വൈദ്യുത വയറിംഗും അപകടസാധ്യത കൂട്ടുന്നു.

സര്‍ക്കാരിന്റെ തന്നെ കണക്കുകള്‍ പ്രകാരം പരിശോധിക്കുന്ന കെട്ടിടങ്ങളില്‍ 60 ശതമാനത്തിലേറെയും അഗ്‌നിസുരക്ഷാ ലംഘനങ്ങളുള്ളവയാണ്. 2017ലെ ചെങ് ഷ വാന്‍ തീപ്പിടിത്തം ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ ഇത്തരം കുരുങ്ങിയ പാതകളില്‍ കുടുങ്ങിയവരുടെ ജീവന്‍ കവര്‍ന്നിരുന്നു.

ഇക്കുറി തീപിടിത്തം ഉണ്ടായത് 'കാഫിന്‍ ഹോം' അല്ലെന്നതാണ് മറ്റൊരു വസ്തുത. 1983ല്‍ നിര്‍മിച്ച വാങ് ഫുക്ക് കോര്‍ട്ട് സര്‍ക്കാര്‍ നടത്തുന്ന ഒരു പൊതു ഭവന സമുച്ചയമാണ്. എട്ട് 31 നില കെട്ടിടങ്ങളിലായി ഏകദേശം 4,800 പേര്‍ ഇവിടെ താമസിച്ചിരുന്നു. അവരില്‍ 36 ശതമാനവും 65 വയസ്സിന് മുകളിലുള്ളവരായിരുന്നു. നവീകരണ പ്രവൃത്തികള്‍ക്കിടയില്‍ കെട്ടിടങ്ങളെ മുഴുവനായി മൂടിയിരുന്ന മുള സ്‌കാഫോള്‍ഡിംഗില്‍ നിന്നാണ് തീ പടര്‍ന്നത്. ജാലകങ്ങളില്‍ ഉപയോഗിച്ച കത്തിപ്പിടിക്കുന്ന ഫോം ബോര്‍ഡുകളും മാനദണ്ഡങ്ങള്‍ പാലിക്കാത്ത നെറ്റിങ്ങുകളും തീയെ വേഗത്തില്‍ മുകളിലേക്ക് വ്യാപിപ്പിച്ചു. ഏഴ് ടവറുകളിലേക്കാണ് തീ പടര്‍ന്നത്.

പ്രായംചെന്നവരുടെ എണ്ണം കൂടുതലായതും പടികള്‍ മാത്രം ആശ്രയിക്കേണ്ടി വന്നതും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി. ആധുനിക സ്പ്രിന്‍ക്ലര്‍ സംവിധാനങ്ങളോ വിശാലമായ രക്ഷാമാര്‍ഗങ്ങളോ ഇല്ലാത്ത ഇത്തരം പൊതുഭവനങ്ങളില്‍ ജീവിക്കുന്നവര്‍ ദുരന്തങ്ങളില്‍ ഏറ്റവും അധികം ബാധിതരാകുന്നുവെന്ന യാഥാര്‍ഥ്യവും ഈ സംഭവം തുറന്നുകാട്ടുന്നു.

1996ലെ ഗാര്‍ലി ബില്‍ഡിംഗ് തീപ്പിടിത്തത്തിന് ശേഷം ഹോങ്കോങ്ങില്‍ ഉണ്ടായ ഏറ്റവും വലിയ ദുരന്തമാണ് വാങ് ഫുക്ക് കോര്‍ട്ട് തീപ്പിടിത്തം. 2049 ഓടെ നിലവാരമില്ലാത്ത വാസസ്ഥലങ്ങള്‍ ഇല്ലാതാക്കുമെന്ന ലക്ഷ്യം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, 2014 മുതല്‍ ലക്ഷ്യമിട്ട പൊതുഭവന നിര്‍മാണത്തിന്റെ 47 ശതമാനം മാത്രമാണ് യാഥാര്‍ഥ്യമായത്. 'കാഫിന്‍ ഹോംസ്' ഇന്നും അനധികൃതവും നിയന്ത്രണമില്ലാത്തതുമായി തുടരുന്നു. ഈ പശ്ചാത്തലത്തില്‍, ഹോങ്കോങ്ങിലെ വാസസ്ഥല പ്രതിസന്ധി മനുഷ്യജീവിതത്തിന്റെ വില ചോദ്യം ചെയ്യുന്ന ഒരു സാമൂഹ്യ അടിയന്തരാവസ്ഥ തന്നെയാണെന്ന് വാങ് ഫുക്ക് കോര്‍ട്ട് തീപ്പിടിത്തം ശക്തമായി ഓര്‍മിപ്പിക്കുന്നു.