ചൈന-തായ്‌വാന്‍ വിഷയത്തില്‍ നിലപാട് മൃദുവാക്കാന്‍ ജപ്പാനോട് ട്രംപ്; പ്രധാനമന്ത്രിയുമായി ഫോണ്‍സംഭാഷണം

ചൈന-തായ്‌വാന്‍ വിഷയത്തില്‍ നിലപാട് മൃദുവാക്കാന്‍ ജപ്പാനോട് ട്രംപ്; പ്രധാനമന്ത്രിയുമായി ഫോണ്‍സംഭാഷണം


ടോക്യോ: ചൈന-തായ്‌വാന്‍ വിഷയത്തില്‍ വാക്കുകളുടെ കടുപ്പം കുറയ്ക്കാനും സംഘര്‍ഷം വര്‍ധിപ്പിക്കാതിരിക്കാനും ജപ്പാന്‍ പ്രധാനമന്ത്രി സനേ തകൈചിയോട് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവശ്യപ്പെട്ടതായി ജപ്പാന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട രണ്ട് വൃത്തങ്ങള്‍ അറിയിച്ചു. ഈ ആഴ്ച നടന്ന ഫോണ്‍സംഭാഷണത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഈ മാസം ആദ്യം പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയിലാണ് തകൈചി ബെയ്ജിങ്ങുമായി ജപ്പാന്റെ ബന്ധം വര്‍ഷങ്ങളിലെ ഏറ്റവും വലിയ നയതന്ത്ര പ്രതിസന്ധിയിലേക്കു നീങ്ങിയത്. തായ്‌വാനെതിരേ ചൈന ആക്രമണം നടത്തിയാല്‍ ജപ്പാന്‍ സൈനിക നടപടി സ്വീകരിക്കേണ്ട സാഹചര്യം വന്നേക്കാമെന്നായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം. ഇതിനു പിന്നാലെയായിരുന്നു ട്രംപിന്റെ ഇടപെടല്‍.

നവംബര്‍ 25ന് നടന്ന ട്രംപ്-തകൈചി ഫോണ്‍സംഭാഷണം, അതിനു മുന്‍പ് ട്രംപ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി നടത്തിയ സംഭാഷണത്തിനു പിന്നാലെയായിരുന്നുവെന്ന് വിലയിരുത്തപ്പെടുന്നു. ആ സംഭാഷണത്തില്‍ തായ്‌വാന്റെ 'ചൈനയിലേക്കുള്ള തിരിച്ചുവരവ്' ബെയ്ജിങ്ങിന്റെ ആഗോള കാഴ്ചപ്പാടിന്റെ പ്രധാന ഭാഗമാണെന്ന് ഷി വ്യക്തമാക്കിയതായി ചൈനീസ് സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സി ഷിന്‍ഹ്വ റിപ്പോര്‍ട്ട് ചെയ്തു.

ജനാധിപത്യപരമായി ഭരിക്കപ്പെടുന്ന തായ്‌വാന്‍ ചൈനയുടെ ഭാഗമാണെന്ന അവകാശവാദം ബെയ്ജിങ് ഉയര്‍ത്തുന്നുണ്ടെങ്കിലും, അതിനെ ദ്വീപ് ഭരണകൂടം ശക്തമായി നിഷേധിക്കുന്നു. തങ്ങളുടെ ഭാവി തീരുമാനിക്കാന്‍ അവകാശം തായ്‌വാന്‍ ജനങ്ങള്‍ക്കുണ്ടെന്ന നിലപാടിലാണ് അവിടുത്തെ സര്‍ക്കാര്‍. അതേസമയം, ചൈന സൈനിക ബലം പ്രയോഗിച്ച് തായ്‌വാനെ പിടിച്ചെടുക്കാനുള്ള സാധ്യത തള്ളിക്കളഞ്ഞിട്ടില്ല.

ജപ്പാനുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ശബ്ദം താഴ്ത്തണമെന്ന ട്രംപിന്റെ അഭ്യര്‍ഥന വാള്‍ സ്ട്രീറ്റ് ജേണലാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ഇതേക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായി, 'അമേരിക്ക-ചൈന ബന്ധം വളരെ നല്ല നിലയിലാണ്. അത് ജപ്പാനുള്‍പ്പെടെ ഞങ്ങളുടെ അടുത്ത സഖ്യരാജ്യങ്ങള്‍ക്ക് ഗുണകരമാണ്,' എന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. ജപ്പാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ്, ട്രംപ്-തകൈചി സംഭാഷണവുമായി ബന്ധപ്പെട്ട് നേരത്തേ പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പിലേക്കാണ് മാധ്യമങ്ങളെ നിര്‍ദ്ദേശിച്ചത്. അതില്‍ യുഎസ്-ചൈന ബന്ധം ചര്‍ച്ചയായതായി മാത്രമാണ് വ്യക്തമാക്കിയിരിക്കുന്നത്.