വൈറ്റ് ഹൗസിനടുത്ത് നാഷണല്‍ ഗാര്‍ഡ് സൈനികര്‍ക്കെതിരെ വെടിവെയ്പ്: അഫ്ഗാന്‍ പൗരന്‍ പിടിയില്‍; അന്താരാഷ്ട്ര ഭീകരബന്ധം പരിശോധിച്ച് എഫ്ബിഐ

വൈറ്റ് ഹൗസിനടുത്ത് നാഷണല്‍ ഗാര്‍ഡ് സൈനികര്‍ക്കെതിരെ വെടിവെയ്പ്: അഫ്ഗാന്‍ പൗരന്‍ പിടിയില്‍; അന്താരാഷ്ട്ര ഭീകരബന്ധം പരിശോധിച്ച് എഫ്ബിഐ


വാഷിംഗ്ടണ്‍: വൈറ്റ് ഹൗസിനടുത്ത് രണ്ട് നാഷണല്‍ ഗാര്‍ഡ് സൈനികരെ വെടിവെച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ അറസ്റ്റിലായ പ്രതി അഫ്ഗാനിസ്ഥാന്‍ പൗരനാണെന്ന് സ്ഥിരീകരിച്ചു. 2021ല്‍ അമേരിക്കയില്‍ പ്രവേശിച്ച ഇയാളാണ് ആക്രമണം നടത്തിയതെന്ന് വാര്‍ത്താ ഏജന്‍സിയായ എപി റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിനിടയില്‍ പ്രതിക്ക് വെടിയേറ്റിട്ടുണ്ടെങ്കിലും പരുക്കുകള്‍ ജീവന് ഭീഷണിയുളവാക്കുന്നതല്ലെന്ന് നിയമസംരക്ഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

പശ്ചിമ വിര്‍ജീനിയയില്‍ നിന്നുള്ള വനിതയും പുരുഷനുമായ രണ്ട് നാഷണല്‍ ഗാര്‍ഡ് അംഗങ്ങളാണ് ബുധനാഴ്ച ഉച്ചയോടെ ഫാരഗട്ട് വെസ്റ്റ് മെട്രോ സ്‌റ്റേഷനു സമീപം വെടിവെയ്പ്പിന് ഇരയായത്. പ്രതി അപ്രതീക്ഷിതമായി മുന്നിലെത്തി ആയുധം ഉയര്‍ത്തി സൈനികരെ ലക്ഷ്യമാക്കി വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ഡി.സി. പൊലീസ് വ്യക്തമാക്കി. ഇത് വ്യക്തമായ ' ലക്ഷ്യം വെച്ചുള്ള ആക്രമണം' ആണെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം.

സംഭവസ്ഥലത്തിന് സമീപം ഉണ്ടായിരുന്ന മറ്റ് നാഷണല്‍ ഗാര്‍ഡ് അംഗങ്ങള്‍ ഉടന്‍ ഇടപെട്ടു. വെടിവെയ്പിനു ശേഷം നിലത്തുവീണ പ്രതിയെ അവര്‍ കീഴടക്കി കസ്റ്റഡിയിലെടുക്കുകയായിരുന്നു. പരിക്കേറ്റ രണ്ട് സൈനികരും രണ്ട് വ്യത്യസ്ത ആശുപത്രികളില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയാണ്.

ആക്രമണത്തിന്റെ പിന്നിലെ പ്രേരണ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ നാഷണല്‍ ഗാര്‍ഡ് അംഗങ്ങളെ നേരിട്ട് ലക്ഷ്യമാക്കിയതായാണ് പ്രാഥമിക നിഗമനം. പ്രതിയുടെ പശ്ചാത്തലം വിശദമായി പരിശോധിച്ചുവരികയാണെന്നും, അന്താരാഷ്ട്രമോ ആഭ്യന്തരമോ ആയ തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടോയെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു. ഈ പശ്ചാത്തലത്തിലാണ് എഫ്ബിഐ സംഭവത്തെ സാധ്യതയുള്ള അന്താരാഷ്ട്ര ഭീകരാക്രമണമായി കണക്കാക്കി അന്വേഷിക്കുന്നത്.

സംഭവത്തെ തുടര്‍ന്ന് എഫ് ബി ഐ, എ ടി എഫ്, യു.എസ്. മാര്‍ഷല്‍സ് സര്‍വീസ് അടക്കമുള്ള ഫെഡറല്‍ ഏജന്‍സികള്‍ സ്ഥലത്തെത്തി. വൈറ്റ് ഹൗസ് താല്‍ക്കാലികമായി ലോക്ക്ഡൗണ്‍ ചെയ്‌തെങ്കിലും പിന്നീട് സുരക്ഷാ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് സംഭവം സംബന്ധിച്ച് ബ്രീഫിങ് നല്‍കിയതായി വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. ആക്രമണത്തെ രൂക്ഷമായി അപലപിച്ച ട്രംപ്, കുറ്റവാളി കനത്ത വില കൊടുക്കേണ്ടിവരുമെന്ന് സാമൂഹിക മാധ്യമത്തിലൂടെ പ്രതികരിച്ചു.

ഡിസിയില്‍ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി നേരത്തെ വിന്യസിച്ച നാഷണല്‍ ഗാര്‍ഡ് സേനയ്‌ക്കൊപ്പം  500 സൈനികരെ കൂടി അയക്കാന്‍ ട്രംപ് നിര്‍ദേശം നല്‍കിയതായി പ്രതിരോധ മന്ത്രി അറിയിച്ചു. സംഭവത്തില്‍ നാഷണല്‍ ഗാര്‍ഡ് ബ്യൂറോയുടെ മേധാവികള്‍ ദുഃഖം രേഖപ്പെടുത്തി, പരിക്കേറ്റ സൈനികര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും പിന്തുണ ഉറപ്പുനല്‍കിയിട്ടുണ്ട്.