വീട്ടമ്മയെ മയക്കി കിടത്തി ബലാത്സംഗം: 51 പ്രതികളും കുറ്റക്കാരെന്ന് ഫ്രഞ്ചുകോടതി

വീട്ടമ്മയെ മയക്കി കിടത്തി ബലാത്സംഗം: 51 പ്രതികളും കുറ്റക്കാരെന്ന് ഫ്രഞ്ചുകോടതി


പാരീസ്: വീട്ടമ്മയെ മയക്കി കിടത്തി നിരന്തരമായി ബലാത്സംഗം ചെയ്ത ഭര്‍ത്താവ് അടക്കമുള്ള 51 പ്രതികള്‍ കുറ്റക്കാരാണെന്ന് ഫ്രഞ്ചുകോടതി കണ്ടെത്തിയതോടെ ലോകത്തെ ഞെട്ടിച്ച  മയക്കിക്കിടത്തിയുള്ള ബലാല്‍സംഗ കേസിന് അന്ത്യമായി.

ലോകത്തെ ഭയപ്പെടുത്തുകയും ഇരയായ ജിസെല്‍ പെലിക്കോട്ടിനെ ധൈര്യത്തിന്റെയും പ്രതിരോധത്തിന്റെയും പ്രതീകമാക്കി മാറ്റുകയും ചെയ്ത കേസില്‍ 51 പ്രതികളും കുറ്റക്കാരാണെന്ന് വ്യാഴാഴ്ചയാണ് ഫ്രഞ്ച് കോടതി കണ്ടെത്തിയത്.

50 വര്‍ഷമായി പെലിക്കോട്ടിന്റെ പങ്കാളിയായിരുന്നു മുന്‍ ഭര്‍ത്താവ് ഡൊമിനിക് പെലിക്കോട്ട്, ഒരു പതിറ്റാണ്ടോളം അവളെ ബലാത്സംഗം ചെയ്യാനും ഓണ്‍ലൈനില്‍ കണ്ടുമുട്ടിയ ഡസന്‍ കണക്കിന് അപരിചിതര്‍ക്ക് ലൈംഗിക ബന്ധത്തിനായി അവളുടെ അബോധാവസ്ഥയിലുള്ള ശരീരം സമര്‍പ്പിക്കാനും ആവര്‍ത്തിച്ച് മയക്കുമരുന്ന് നല്‍കിയതിന് കുറ്റം സമ്മതിച്ചിരുന്നു.

പ്രോസിക്യൂട്ടര്‍മാരുടെ അഭ്യര്‍ത്ഥനപ്രകാരം അഞ്ച് ജഡ്ജിമാരുടെ പാനല്‍ ഡൊമിനിക്കിന് പരമാവധി 20 വര്‍ഷം തടവ് ശിക്ഷ വിധിച്ചു.

ജിസെല്‍ പെലിക്കോട്ടിനെ ബലാത്സംഗം ചെയ്തുവെന്ന് ആരോപിക്കപ്പെട്ട മറ്റ് പ്രതികള്‍ക്ക് നാല് മുതല്‍ 18 വര്‍ഷം വരെ തടവുശിക്ഷ കോടതി വിധിച്ചു.

പ്രതികളില്‍ 47 പേര്‍ ബലാത്സംഗക്കേസിലും രണ്ട് പേര്‍ ബലാത്സംഗശ്രമത്തിലും രണ്ട് പേര്‍ ലൈംഗികാതിക്രമത്തിലും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.

വിധിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ തെക്കന്‍ ഫ്രഞ്ച് നഗരമായ അവിഗ്‌നനിലെ കോടതിക്ക് പുറത്ത് ഇരയെ പിന്തുണക്കുന്നവര്‍ ആഹ്ലാദം പ്രകടിപ്പിച്ചു.

പ്രതികളില്‍ പലരും ആരോപണങ്ങള്‍ നിഷേധിച്ചു, ഇത് ദമ്പതികള്‍ ആസൂത്രണം ചെയ്ത സമ്മതത്തോടെയുള്ള ലൈംഗിക ഇടപാടുകളാണെന്നാണ് തങ്ങള്‍ കരുതിയതെന്നും ഭര്‍ത്താവ് സമ്മതിച്ചതിനാല്‍ തങ്ങളുടെ പ്രവര്‍ത്തി ബലാത്സംഗമായി കണക്കാക്കാനാവില്ലെന്നും അവര്‍ വാദിച്ചു.

എന്നാല്‍ താന്‍ തെറ്റിദ്ധരിപ്പിച്ചു എന്ന കൂട്ടുപ്രതികളഉടെ ആരോപണം 72 കാരനായ ഡൊമിനിക് പെലിക്കോട്ട് നിഷേധിച്ചു. അവര്‍ എന്താണ് ചെയ്യുന്നതെന്ന് കൃത്യമായി അവര്‍ക്ക് അറിയാമായിരുന്നെന്ന് ഡൊമിനിക് പറഞ്ഞു. മറ്റുള്ളവരെ പോലെ താനും തെറ്റുചെയ്‌തെന്നും അയാള്‍ കോടതിയെ അറിയിച്ചു.