ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗ് വിജയ പരേഡിനിടെ ആരാധകര്‍ക്കിടിയിലേക്ക് ഇടിച്ചുകയറി 50 ഓളം പേര്‍ക്ക് പരിക്ക്; ഒരാള്‍ അറസ്റ്റില്‍

ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗ് വിജയ പരേഡിനിടെ ആരാധകര്‍ക്കിടിയിലേക്ക് ഇടിച്ചുകയറി 50 ഓളം പേര്‍ക്ക് പരിക്ക്; ഒരാള്‍ അറസ്റ്റില്‍


ലണ്ടന്‍: ലിവള്‍പൂള്‍ എഫ്‌സിയുടെ പ്രീമിയര്‍ ലീഗ് വിജയ പരേഡിനിടെ ആരാധകര്‍ക്കിടയിലെക്ക് കാര്‍ ഇടിച്ചുകയറി നാല് കുട്ടികള്‍ ഉള്‍പ്പെടെ അമ്പതോളം പേര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ ഒരാളെ ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്തു. 53 വയസ്സുള്ള ബ്രിട്ടീഷ് പൗരനെയാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു.സംഭവത്തില്‍ 27 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും നോര്‍ത്ത് വെസ്റ്റ് ആംബുലന്‍സ് സര്‍വീസ് എന്‍എച്ച്എസ് ട്രസ്റ്റിലെ സര്‍വീസ് മേധാവി ഡേവിഡ് കിച്ചിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായ പരിക്കുകള്‍ സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

കാറിനടിയില്‍ കുടുങ്ങിയ ഒരു കുട്ടിയെ ഉള്‍പ്പെടെ നാല് പേരെ രക്ഷപ്പെടുത്തിയതായി ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ് ചീഫ് ഫയര്‍ ഓഫീസര്‍ വ്യക്തമാക്കി.നിസ്സാരമായ പരിക്കേറ്റ 20 പേര്‍ക്ക് സംഭവസ്ഥലത്ത് വെച്ച് തന്നെ ചികിത്സ നല്‍കിയതായും അദ്ദേഹം പറഞ്ഞു. സംഭവത്തെ തീവ്രവാദമായി കണക്കാക്കുന്നില്ലെന്നും ഇതുമായി ബന്ധപ്പെട്ട് മറ്റാരെക്കുറിച്ചും അന്വേഷിക്കുന്നില്ലെന്നും മെഴ്‌സിസൈഡ് പൊലീസിലെ അസിസ്റ്റന്റ് ചീഫ് കോണ്‍സ്റ്റബിള്‍ ജെന്നി സിംസ് പറഞ്ഞു.

ലിവര്‍പൂള്‍ ഫുട്‌ബോള്‍ ക്ലബ്ബിന്റെ 20ാമത് ടോപ്പ്ഫ്‌ലൈറ്റ് ലീഗ് കിരീടനേട്ടം ആഘോഷിക്കുന്നതിനായി നടന്ന ഓപ്പണ്‍ടോപ്പ് ബസ് വിക്ടറി പരേഡ് നടക്കുമ്പോഴാണ് അപകടം ഉണ്ടായത്. പ്രാദേശിക സമയം വൈകുന്നേരം 6 മണിക്കാണ് സംഭവം.തെരുവില്‍ ആഘോഷിക്കുകയായിരുന്ന ആരാധകര്‍ക്കിടയിലെക്ക് ഇടയിലേക്ക് വാഹനം ഇടിച്ചുകയറ്റുന്നതായി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ കാണാം. സംഭവത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി കെര്‍ സ്റ്റാമറും ലിവര്‍പൂള്‍ ക്ലബ്ബും അപലപിച്ചു. ലിവര്‍പൂളിലെ കാഴ്ചകള്‍ ഭയാനകമായിരുന്നുവെന്നും അടിയന്തര സേവനങ്ങള്‍ക്ക് പൊലീസിനോട് നന്ദി പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.

സംഭവവുമായി ബന്ധപ്പെട്ട് മെഴ്‌സിസൈഡ് പൊലീസുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ലിവര്‍പൂള്‍ ഫുട്‌ബോള്‍ ക്ലബ് അറിയിച്ചു. 'ഈ ഗുരുതരമായ സംഭവത്തില്‍ ദുരിതമനുഭവിക്കുന്നവരോടൊപ്പമാണ് ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍. ഈ സംഭവം കൈകാര്യം ചെയ്യുന്ന അടിയന്തര സംവിധാനങ്ങള്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ഞങ്ങള്‍ തുടര്‍ന്നും പൂര്‍ണ്ണ പിന്തുണ നല്‍കും,' എന്ന് ലിവര്‍പൂള്‍ ഫുട്‌ബോള്‍ ക്ലബ് എക്‌സില്‍ പറഞ്ഞു.ലിവര്‍പൂളിന്റെ ഇരുപതാമത് പ്രീമിയര്‍ ലീഗ് കിരീടനേട്ടം ആഘോഷിക്കാനായി കനത്ത മഴയെ വകവെച്ചും ആരാധകര്‍ തെരുവില്‍ എത്തിയിരുന്നു. മുഹമ്മദ് സലാ, വിര്‍ജില്‍ വാന്‍ഡെയ്ക്ക് ഉള്‍പ്പെടെയുള്ള താരങ്ങള്‍ അണിനിരന്ന പരേഡ് പത്ത് മൈലോളം നീണ്ടുനിന്നു. വഴിയിലുടനീളം ആരാധകര്‍ ചുവന്ന പുക പരത്തിയും പടക്കം പൊട്ടിച്ചും ആഘോഷിക്കുന്നതിനിടെയാണ് ദാരുണ സംഭവമുണ്ടായത്.