ദക്ഷിണ ജപ്പാനില്‍ ഭൂചലനം

ദക്ഷിണ ജപ്പാനില്‍ ഭൂചലനം


ടോക്യോ: തെക്കുപടിഞ്ഞാറന്‍ ജപ്പാനില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി യു എസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയതായി ജപ്പാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം  അറിയിച്ചു. കാര്യമായ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അധികൃതര്‍ സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല.

ഉവാജിമയില്‍ നിന്ന് 18 കിലോമീറ്റര്‍ പടിഞ്ഞാറ് മാറിയുള്ള ക്യുഷു, ഷിക്കോകു ദ്വീപുകളെ വേര്‍തിരിക്കുന്ന ചാനലിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യു എസ് ജി എസ് അറിയിച്ചു. ഏകദേശം 25 കിലോമീറ്റര്‍ താഴ്ചയിലായിരുന്നു പ്രഭവ കേന്ദ്രം. തുടര്‍ചലനങ്ങളെ കുറിച്ച് പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു.

പ്രദേശത്തെ ഇക്കാറ്റ ആണവനിലയം സാധാരണപോലെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ജപ്പാനിലെ ആണവ നിയന്ത്രണ അതോറിറ്റി അറിയിച്ചു. ഇക്കാറ്റ പവര്‍ പ്ലാന്റില്‍ അസ്വാഭാവികതകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും പ്രവര്‍ത്തനം തുടരുകയാണെന്നും പറയുന്നു.

ഒരു വൈദ്യുത നിലയങ്ങളിലും സുനാമി മുന്നറിയിപ്പുകളോ അസാധാരണത്വങ്ങളോ ഇല്ലെന്ന് സര്‍ക്കാര്‍ വക്താവ് യോഷിമാസ ഹയാഷി പറഞ്ഞു.