എപ്സ്റ്റീന്‍ ഇസ്രയേലി ഏജന്റല്ല; ബാരക്കുമായുള്ള ബന്ധം അതിന് തെളിവെന്ന് നെതന്യാഹു

എപ്സ്റ്റീന്‍ ഇസ്രയേലി ഏജന്റല്ല; ബാരക്കുമായുള്ള ബന്ധം അതിന് തെളിവെന്ന് നെതന്യാഹു


ടെല്‍അവീവ്: ജെഫ്രി എപ്സ്റ്റീന്‍ ഇസ്രയേലിന്റെ ചാരനായിരുന്നു എന്ന ആരോപണങ്ങളെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ക്കിടെ അന്തരിച്ച ലൈംഗിക കുറ്റവാളിയായ എപ്സ്റ്റീന്‍ ഇസ്രയേലി ഏജന്റല്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി. മുന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി എഹുഡ് ബാരക്കുമായി എപ്സ്റ്റീന് ഉണ്ടായിരുന്ന അസാധാരണമായ അടുത്ത ബന്ധം തന്നെ എപ്സ്റ്റീന്‍ ഇസ്രയേലിനായി പ്രവര്‍ത്തിച്ചിരുന്നില്ലെന്നതിന്റെ തെളിവാണെന്ന് നെതന്യാഹു പറഞ്ഞു.

എഹുഡ് ബാരക്കുമായി ജെഫ്രി എപ്സ്റ്റീന് ഉണ്ടായിരുന്ന അസാധാരണമായ അടുത്ത ബന്ധം എപ്സ്റ്റീന്‍ ഇസ്രയേലിനായി പ്രവര്‍ത്തിച്ചിരുന്നുവെന്ന് സൂചിപ്പിക്കുന്നില്ല. മറിച്ച്, അതിന്റെ വിരുദ്ധമാണ് അത് തെളിയിക്കുന്നതെന്ന് നെതന്യാഹു എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു.

രണ്ട് പതിറ്റാണ്ടിലേറെ മുമ്പുണ്ടായ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ നിന്നും മോചിതനാകാതെ എഹുഡ് ബാരക്ക് വര്‍ഷങ്ങളായി ഇസ്രയേലി ജനാധിപത്യത്തെ തകര്‍ക്കാന്‍ ശ്രമിച്ചുവരുകയാണെന്നും സയണിസത്തിന് വിരുദ്ധമായ അത്യന്തവാദ ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്ന് ജനവിധിയിലൂടെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമങ്ങള്‍ നടത്തി പരാജയപ്പെട്ടതായും നെതന്യാഹു ആരോപിച്ചു.


ഇസ്രയേല്‍ സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്തുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം രഹസ്യമായും പരസ്യമായും ഏര്‍പ്പെട്ടിരുന്നു. വന്‍തോതിലുള്ള പ്രതിഷേധ പ്രസ്ഥാനങ്ങള്‍ക്ക് ഇന്ധനം പകരുക, അസ്ഥിരത സൃഷ്ടിക്കുക, തെറ്റായ മാധ്യമ നാരേറ്റീവുകള്‍ പ്രചരിപ്പിക്കുക തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നുവെന്നും നെതന്യാഹു പറഞ്ഞു.


എഹുഡ് ബാരക് ആരാണ്?


1999 മുതല്‍ 2001 വരെ ഇസ്രയേല്‍ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ച വ്യക്തിയാണ് എഹുഡ് ബാരക്. ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സിന്റെ മുന്‍ ചീഫ് ഓഫ് സ്റ്റാഫായിരുന്ന അദ്ദേഹം പിന്നീട് പ്രതിരോധ മന്ത്രിയടക്കം നിരവധി മുതിര്‍ന്ന മന്ത്രിസ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. നെതന്യാഹുവിന്റെ ശക്തമായ വിമര്‍ശകനായി അറിയപ്പെടുന്ന ബാരക്, നിലവിലെ സര്‍ക്കാര്‍ ഇസ്രയേലിന്റെ ജനാധിപത്യ സ്ഥാപനങ്ങള്‍ക്കും നിയമവാഴ്ചയ്ക്കും ഭീഷണിയാണെന്ന് നിരന്തരം മുന്നറിയിപ്പ് നല്‍കാറുണ്ട്.

മാധ്യമ റിപ്പോര്‍ട്ടുകള്‍ വഴി ബാരക്കും എപ്സ്റ്റീനും തമ്മിലുള്ള സാമ്പത്തികവും വ്യക്തിപരവുമായ ബന്ധങ്ങള്‍ പുറത്തുവന്നതോടെയാണ് ബാരക് വിവാദത്തിലായത്. എപ്സ്റ്റീനുമായി തനിക്ക് തൊഴില്‍പരവും സാമ്പത്തികവുമായ ബന്ധമുണ്ടായിരുന്നുവെന്ന് മുന്‍ പ്രധാനമന്ത്രി തന്നെ അംഗീകരിച്ചിട്ടുണ്ട്.