''വെയില്‍ കായാന്‍ മലര്‍ന്ന് കിടക്കുമ്പോള്‍ ചെറിയ മിസൈല്‍ പതിച്ചേക്കാം''-ട്രംപിനെതിരെ വധഭീഷണിമുഴക്കി ഇറാന്‍ നേതാവ്

''വെയില്‍ കായാന്‍ മലര്‍ന്ന് കിടക്കുമ്പോള്‍ ചെറിയ മിസൈല്‍ പതിച്ചേക്കാം''-ട്രംപിനെതിരെ വധഭീഷണിമുഴക്കി ഇറാന്‍ നേതാവ്


ടെഹ്‌റാന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വധിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയയുടെ മുന്‍ ഉപദേഷ്ടാവ് മുഹമ്മദ് ജാവാദ് ലാരിജാനി. ഫ്‌ളോറിഡയിലെ മാളികയില്‍ വെയില്‍ കായാനിരിക്കുമ്പോള്‍ ഡ്രോണ്‍ ആക്രമണം ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. 

'' മാര്‍എലാഗോയില്‍ വെയില്‍ കായാന്‍ മലര്‍ന്ന് കിടക്കുമ്പോള്‍ ഒരു ചെറിയ ഡ്രോണ്‍ അദ്ദേഹത്തിന്റെ നാഭിയില്‍ പതിച്ചേക്കാം. വളരെ സിംപിളാണത്'', മുഹമ്മദ് ജാവാദ് ലാരിജാനി പറഞ്ഞു. ഇറാനിയന്‍ ടി വിക്ക് നല്‍കിയ അഭിമുഖത്തിനിടെയാണ് ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളില്‍ ഇത് വളരെ വേഗത്തില്‍ പ്രചരിക്കുകയും ചെയ്തു. ഇറാനും ഇസ്രയേലും തമ്മില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ആഴ്ചകള്‍ക്ക് ശേഷമാണ് ഭീഷണി.

ജൂണ്‍ 13 നാണ് പ്രധാന ഇറാനിയന്‍ സൈനിക, ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള 12 ദിവസത്തെ സംഘര്‍ഷം അവസാനിപ്പിച്ചത്. ഇസ്രായേല്‍ നഗരങ്ങള്‍ക്ക് നേരെയും പിന്നീട് ഖത്തറിലേയും ഇറാഖിലേയും യുഎസ് സൈനികത്താവളങ്ങള്‍ക്ക് നേരെയും മിസൈല്‍ ആക്രമണം നടത്തി ഇറാന്‍ തിരിച്ചടിച്ചു. ഫോര്‍ഡോ, നതാന്‍സ്, എസ്ഫഹാന്‍ എന്നിവിടങ്ങളിലെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള അമേരിക്കന്‍ ആക്രമണത്തിന് പിന്നാലെയാണ് ടെഹ്‌റാന്റെ നീക്കം.

അമേരിക്കന്‍ മാധ്യമമായ ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് തമാശയിലാണ് മറുപടി നല്‍കിയത്. എന്നാണ് അവസാനമായി വെയില്‍ കായാന്‍ പോയതെന്ന ചോദ്യത്തിന് ചിരിച്ചുകൊണ്ട് വളരെ കാലമായെന്നും ഒരു പക്ഷേ, ഏഴ് വയസ് പ്രായമുള്ളപ്പോള്‍ ആയിരിക്കാം എന്നായിരുന്നു മറുപടി. ഭീഷണിയെ അത്ര കാര്യമാക്കിയെടുക്കാതെയാണ് ട്രംപിന്റെ പ്രതികരണം.

ഇറാനിലെ ഏറ്റവും മുതിര്‍ന്ന ഷിയ പുരോഹിതന്‍മാരില്‍ ഒരാളായ ആയത്തുള്ള മകരേം ഷിരാസി, ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും യുഎസ് പ്രസിഡന്റ് ട്രംപും ദൈവത്തിന്റെ ശത്രുക്കളാണെന്ന് ഫത്‌വ പുറപ്പെടുവിച്ചിരുന്നു. ദൈവത്തിന്റെ ശത്രുവിനോടുള്ള മുസ്ലീങ്ങളുടേയോ ഇസ്ലാമിക രാഷ്ട്രങ്ങളുടേയോ ഏതൊരു തരത്തിലുള്ള സഹകരണവും പിന്തുണയും ഹറാമാണെന്നും( നിഷിദ്ധമാണെന്നും) ഫത്‌വയില്‍ പറയുന്നു. ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമേനിക്കെതിരെ ട്രംപും ഇസ്രായേല്‍ ഉദ്യോഗസ്ഥരും നടത്തിയ ഭീഷണികളെത്തുടര്‍ന്നാണ് ഫത്‌വ പുറപ്പെടുവിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.