ഖത്തറില്‍ യു എസ് വ്യോമതാവളത്തിലെ ആശയവിനിമയ ഡോം ഇറാന്‍ ആക്രമണത്തില്‍ തകര്‍ന്നു

ഖത്തറില്‍ യു എസ് വ്യോമതാവളത്തിലെ ആശയവിനിമയ ഡോം ഇറാന്‍ ആക്രമണത്തില്‍ തകര്‍ന്നു


ദുബൈ: യു എസിന്റെ ഖത്തറിലെ അല്‍ ഉദൈദ് വ്യോമതാവളത്തില്‍ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ അമേരിക്കന്‍ സൈന്യത്തിന്റെ സുരക്ഷിത ആശയവിനിമയത്തിന് ഉപയോഗിക്കുന്ന ജിയോഡൈസിക് ഡോം ഹൗസിം ഉപകരണത്തിന് കേടുപാടുകള്‍ വരുത്തിയതായി റിപ്പോര്‍ട്ട്. ഉപഗ്രഹ ചിത്രങ്ങള്‍ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി അസോസിയേറ്റഡ് പ്രസ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ യു എസ് സൈന്യമോ ഖത്തറോ ഇക്കാര്യം ഇതുവരെ പരസ്യമായി അംഗീകരിച്ചിട്ടില്ല. നാശനഷ്ടങ്ങളെ കുറിച്ചുള്ള അഭ്യര്‍ഥനകളോട് പ്രതികരിച്ചില്ലെന്നും അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു. 

ജൂണ്‍ 23നാണ് യു എസിന്റെ ഖത്തറിലെ വ്യോമതാവളമായ അല്‍ ഉദൈദില്‍ ഇറാന്‍ ആക്രമണം നടത്തിയത്. മിഡില്‍ ഈസ്റ്റില്‍ യു എസിന്റെ പ്രധാന വ്യോമതാവളമാണ് അല്‍ ഉദൈദ്. യു എസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ ഫോര്‍വേഡ് ആസ്ഥാനമായും അല്‍ ഉദൈദ് പ്രവര്‍ത്തിക്കുന്നു.

ഇറാന്‍ ആക്രമണം പ്രതീക്ഷിച്ചതിനാല്‍ യു എസ് നേരത്തെ തന്നെ അല്‍ ഉദൈദില്‍ നിന്നും വിമാനങ്ങള്‍ ഒഴിപ്പിച്ചിരുന്നു. 

ടെഹ്റാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളില്‍ യു എസ് നടത്തിയ വ്യോമാക്രമണങ്ങള്‍ക്ക് മറുപടിയായാണ് ഇറാന്‍ ഖത്തറിലെ യു എസ് താവളത്തില്‍ ആക്രമണം നടത്തിയത്. 12 ദിവസം നീണ്ടുനിന്ന ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘര്‍ഷത്തിന്റെ ഭാഗമായിരുന്നു ആക്രമണങ്ങള്‍. അല്‍ ഉദൈദിനെതിരായ ആക്രമണത്തിന് തൊട്ടുപിന്നാലെ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍ ഒപ്പിട്ടതിനെത്തുടര്‍ന്ന് യുദ്ധം അവസാനിച്ചിരുന്നു. 

ഇറാന്‍ ആക്രമണത്തെക്കുറിച്ച് മുന്‍കൂട്ടി മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും യു എസിനും ഖത്തറിനും ആളപായം ഒഴിവാക്കാനും തയ്യാറെടുപ്പുകള്‍ നടത്താന്‍ അനുവദിച്ചുവെന്നും യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് അവകാശപ്പെടുകയുണ്ടായി. മിഡില്‍ ഈസ്റ്റിലെ വ്യോമഗതാഗതം ഏതാനും മണിക്കൂറുകള്‍ തടസ്സപ്പെടാന്‍ ഇറാന്റെ അല്‍ ഉദൈദ് ആക്രമണം കാരണമായെങ്കിലും വളരെക്കാലമായി വിശകലന വിദഗ്ധര്‍ ആശങ്കപ്പെട്ടിരുന്ന പ്രാദേശിക യുദ്ധത്തിലേക്ക് കാര്യങ്ങള്‍ എത്തിയില്ല. 

ആക്രമണം നടന്ന ദിവസം രാവിലെയുള്ള ചിത്രങ്ങളില്‍ താഴികക്കുടം കേടുകൂടാതെയിരിക്കുന്നതായി അസോസിയേറ്റഡ് പ്രസ്സ് വിശകലനം ചെയ്ത ചിത്രങ്ങള്‍ കാണിക്കുന്നു. എന്നാല്‍ രണ്ട് ദിവസത്തിന് ശേഷം എടുത്ത ഉപഗ്രഹ ഫോട്ടോകളും തുടര്‍ന്നുള്ള ദിവസങ്ങളിലും താഴികക്കുടം കാണാനില്ലെന്നും അടുത്തുള്ള ഒരു കെട്ടിടത്തിന് ചില കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നും കാണിക്കുന്നു. ബേസിന്റെ മറ്റു ഭാഗങ്ങളെ ഇറാന്‍ ആക്രമണം ബാധിച്ചിട്ടില്ല. 

റാഡോം എന്നറിയപ്പെടുന്ന താഴികക്കുടം യു എസ് വ്യോമസേനയുടെ 379-ാമത് എയര്‍ എക്‌സ്‌പെഡിഷണറി വിംഗ് 2016ല്‍ 15 മില്യണ്‍ ഡോളറിന് നവീകരിച്ച എന്റര്‍പ്രൈസ് ടെര്‍മിനലിന്റെ ഭാഗമായിരുന്നു.

താഴികക്കുടം തകര്‍ന്നതിന്റെ കൃത്യമായ കാരണം വ്യക്തമല്ലെങ്കിലും നാശനഷ്ടങ്ങള്‍ ആക്രമണവുമായി പൊരുത്തപ്പെടുന്നുണ്ട്. ഒരുപക്ഷേ ഇറാനിയന്‍ ഡ്രോണ്‍ അല്ലെങ്കില്‍ മിസൈല്‍ ഉപയോഗിച്ചുള്ള ആക്രമണമായിരിക്കാമെന്നും ചുറ്റുമുള്ള പ്രദേശങ്ങള്‍ക്ക് കാര്യമായ നാശനഷ്ടങ്ങളൊന്നുമില്ലെന്നും ഇത് ലക്ഷ്യമിട്ടുള്ള ആക്രമണമാണ് ഇറാന്‍ നടത്തിയതെന്നും ചിത്രം സൂചിപ്പിക്കുന്നു. 

ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ താവളം 'തകര്‍ത്തു' എന്നും ആശയവിനിമയ ബന്ധങ്ങള്‍ വിച്ഛേദിക്കപ്പെട്ടു എന്നും അവകാശപ്പെട്ടു. മുതിര്‍ന്ന പുരോഹിതനും സുപ്രിം നേതാവ് ആയത്തുള്ള അലി ഖംനേയിയുടെ ഉപദേശകനുമായ അഹമ്മദ് അലമോല്‍ഹോദ ആക്രമണം താവളത്തിന്റെ ആശയവിനിമയങ്ങള്‍ 'പൂര്‍ണ്ണമായും നശിപ്പിച്ചു' എന്നും യു എസ് കമാന്‍ഡ് പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തി എന്നും പറഞ്ഞു.

എന്നാല്‍ ട്രംപ് ആഘാതത്തെ കുറച്ചുകാണിക്കുകയും 'വളരെ ദുര്‍ബലമായ പ്രതികരണം' എന്നാണ് പരാമര്‍ശിച്ചത്. 

ലണ്ടന്‍ ആസ്ഥാനമായുള്ള ഇറാന്‍ ഇന്റര്‍നാഷണല്‍ എന്ന മാധ്യമമാണ് മറ്റ് വാണിജ്യ ഉപഗ്രഹ ചിത്രങ്ങള്‍ ഉദ്ധരിച്ച് ആദ്യം നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ഖത്തറില്‍ യു എസ് വ്യോമതാവളത്തിലെ ആശയവിനിമയ ഡോം ഇറാന്‍ ആക്രമണത്തില്‍ തകര്‍ന്നു