കറാച്ചി: പാകിസ്താനിലെ ബലൂചിസ്താൻ പ്രവിശ്യയിൽ ബലൂച് തീവ്രവാദികൾ ഒമ്പത് ബസ് യാത്രികരെ വെടിവെച്ച് കൊലപ്പെടുത്തി. സോബ് ജില്ലയിലെ ദേശീയപാതയിൽ വ്യാഴാഴ്ച വൈകീട്ടാണ് സംഭവം.
രണ്ട് ബസുകൾ തടഞ്ഞുനിർത്തി യാത്രക്കാരെ പുറത്തിറക്കി രേഖകൾ പരിശോധിച്ച് ഒമ്പതുപേരെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. പഞ്ചാബ് പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിലുള്ളവരാണ് ഈ ഒമ്പതുപേരും. ബലൂചിസ്താൻ ലിബറേഷൻ ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
പൊലീസ് ഹൈവേയിലെ ഗതാഗതം നിർത്തിച്ച് ആക്രമികൾക്കായി വ്യാപക തിരച്ചിൽ ആരംഭിച്ചു. നിരപരാധികളെ സ്വത്വം നോക്കി കൊലപ്പെടുത്തുന്നത് പൊറുക്കാനാവാത്ത തെറ്റാണെന്ന് ബലൂചിസ്താൻ മുഖ്യമന്ത്രി മിർ സർഫറാസ് ബുഗ്തി പറഞ്ഞു. പഞ്ചാബ് പ്രവിശ്യയിൽനിന്നുള്ളവർ മുമ്പും ബലൂചിസ്താനിൽ ആക്രമണത്തിനിരയായിട്ടുണ്ട്.
ബലൂച് തീവ്രവാദികൾ ഒമ്പത് ബസ് യാത്രികരെ വെടിവെച്ച് കൊന്നു
