ഹാസ്യതാരം കപില്‍ ശര്‍മ്മയുടെ കാനഡയിലെ കഫേയില്‍ ഖാലിസ്ഥാനി തീവ്രവാദികള്‍ വെടിയുതിര്‍ത്തു

ഹാസ്യതാരം കപില്‍ ശര്‍മ്മയുടെ കാനഡയിലെ കഫേയില്‍ ഖാലിസ്ഥാനി തീവ്രവാദികള്‍ വെടിയുതിര്‍ത്തു


സറേ(ബ്രിട്ടീഷ് കൊളംബിയ): പ്രശസ്ത ബോളിവുഡ് ഹാസ്യനടന്‍ കപില്‍ ശര്‍മ്മയുടെ കാനഡയിലെ കഫേയില്‍ ഖാലിസ്ഥാനികളുടെ വെടിവയ്പ്പ്. കുറഞ്ഞത് ഒമ്പത് തവണ വെടിവയ്പ്പുകളുണ്ടായെന്നാണ് റിപ്പോര്‍ട്ട്. ആര്‍ക്കും പരിക്കേറ്റിട്ടി. വെടിവയ്പ്പിന്റെ ഉത്തരവാദിത്തം ഖാലിസ്ഥാനി ഭീകരന്‍ ഹര്‍ജിത് സിംഗ് ലഡ്ഡി ഏറ്റെടുത്തിട്ടുണ്ട്. ഉദ്ഘാടനം ചെയ്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് കപില്‍ ശര്‍മയുടെ കാപ്‌സ് കഫേ എന്ന റസ്റ്ററന്റിനുനേരെ ആക്രമണമുണ്ടായത്. 

കാപ്‌സ് കഫേ എന്നറിയപ്പെടുന്ന ഈ കഫേ, റസ്‌റ്റോറന്റ് വ്യവസായത്തിലേക്കുള്ള ശര്‍മ്മയുടെ ആദ്യ കാല്‍വയ്പാണ്. ശര്‍മയുടെ ഭാര്യ ഗിന്നി ചത്രത്തും സംരംഭത്തില്‍ പങ്കാളിയാണ്. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ സറേയില്‍ സ്ഥിതി ചെയ്യുന്ന കഫേ തുറന്നിട്ട് ഏതാനും ദിവസങ്ങള്‍മാത്രമേ ആയിട്ടുള്ളു. കഫേയിലെ വെടിവയ്പ്പിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്.

ബുധനാഴ്ച രാത്രി (കാനഡ സമയം) എടുത്ത ഒരു വീഡിയോയില്‍, കാറില്‍ ഇരിക്കുന്ന ഒരാള്‍ കഫേയുടെ ജനാലയിലേക്ക് തുടര്‍ച്ചയായി ഒമ്പത് വെടിയുതിര്‍ക്കുന്നത് കാണിക്കുന്നു.

ഇന്ത്യയുടെ ഭീകരവിരുദ്ധ ഏജന്‍സിയായ എന്‍ഐഎയുടെ മോസ്റ്റ് വാണ്ടഡ് തീവ്രവാദികളില്‍ ഒരാളാണ് ലഡ്ഡി എന്നും ഇയാള്‍ക്ക് ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷണലുമായി ബന്ധമുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഖലിസ്ഥാനികള്‍ക്കെതിരെ കപില്‍ ശര്‍മ മുമ്പ് നടത്തിയ ഒരു പ്രസ്താവനയാണ് ഭീകരരെ പ്രകോപിപ്പിച്ചതെന്നും വെടിവയ്പ്പിലേയ്ക്ക് നയിച്ചതെന്നും പറയപ്പെടുന്നു.

വെടിവയ്പ്പിന് ശേഷം പോലീസും ഫോറന്‍സിക് സംഘങ്ങളും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. അന്വേഷണം പുരോഗമിക്കുകയാണ്.

2024 ഏപ്രിലില്‍ പഞ്ചാബിലെ രൂപ്‌നഗര്‍ ജില്ലയിലെ തന്റെ കടയില്‍ വെച്ച് വെടിയേറ്റ് മരിച്ച വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) നേതാവ് വികാസ് പ്രഭാകര്‍ എന്ന വികാസ് ബഗ്ഗയുടെ കൊലപാതകത്തിന് ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കുന്ന പ്രതിയാണ് ഹര്‍ജിത് സിംഗ് ലാഡി. 

ഖാലിസ്ഥാനി തീവ്രവാദികള്‍ രാജ്യത്ത് നിന്ന് ഇന്ത്യയ്‌ക്കെതിരെ അക്രമ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്ന് കാനഡയിലെ ഉന്നത രഹസ്യാന്വേഷണ ഏജന്‍സിയായ കനേഡിയന്‍ സെക്യൂരിറ്റി ഇന്റലിജന്‍സ് സര്‍വീസ് കഴിഞ്ഞ മാസം ഒരു രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍, പറഞ്ഞിരുന്നു.

'പ്രധാനമായും ഇന്ത്യയില്‍ അക്രമം പ്രോത്സാഹിപ്പിക്കുന്നതിനും ധനസമാഹരിക്കുന്നതിനും ആസൂത്രണം ചെയ്യുന്നതിനും ഖാലിസ്ഥാനി തീവ്രവാദികള്‍ കാനഡയെ ഒരു താവളമായി ഉപയോഗിക്കുന്നത് തുടരുകയാണെന്നും ഏജന്‍സി പറഞ്ഞു.

വര്‍ഷങ്ങളായി, കാനഡയില്‍ പ്രവര്‍ത്തിക്കുന്ന ഖാലിസ്ഥാനി തീവ്രവാദികളെക്കുറിച്ച് ഇന്ത്യ ആശങ്കകള്‍ ഉന്നയിക്കുന്നുണ്ട്. കൂടാതെ ഈ ഭീഷണി നേരിടാന്‍ കാനഡ വേണ്ടത്ര കാര്യങ്ങള്‍ ചെയ്തിട്ടില്ലെന്നും ന്യൂഡല്‍ഹിക്ക് പരാതിയുണ്ട്.

'ഇപ്പോള്‍ നമ്മുടെ ഏറ്റവും വലിയ പ്രശ്‌നം കാനഡയിലാണ്. കാരണം കാനഡയില്‍ അധികാരത്തിലിരിക്കുന്ന പാര്‍ട്ടിയും മറ്റ് പാര്‍ട്ടികളും ഇത്തരം തീവ്രവാദത്തിനും, വിഘടനവാദത്തിനും, അക്രമത്തിന്റെ വക്താക്കള്‍ക്കും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഒരു നിശ്ചിത നിയമസാധുത നല്‍കിയിരിക്കുകയാണ്. നമ്മള്‍ അവരോട് എന്തെങ്കിലും (പരാതി) പറയുമ്പോള്‍, അവരുടെ ഉത്തരം 'ഇല്ല എന്നും ഞങ്ങളുടേത് ഒരു ജനാധിപത്യ രാജ്യമാണ്, അത് അഭിപ്രായ സ്വാതന്ത്ര്യമാണ്' എന്നുമാണ് മറുപടി' -ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ കഴിഞ്ഞ വര്‍ഷം പറഞ്ഞു.

2023ല്‍ അന്നത്തെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ 'ഇന്ത്യന്‍ ഏജന്റുമാര്‍ക്ക്' പങ്കുണ്ടെന്ന് അവകാശപ്പെട്ടതിനെത്തുടര്‍ന്ന് എക്കാലത്തെയും താഴ്ന്ന നിലയിലായിരുന്ന ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം, ഈ വര്‍ഷം ആദ്യം മാര്‍ക്ക് കാര്‍ണി ഉന്നത പദവി ഏറ്റെടുത്തതിനുശേഷമാണ് കുറച്ചെങ്കിലും മെച്ചപ്പെട്ടത്.