വാളയാറിലെ മലബാര്‍ സിമന്റ്‌സിന്റെ ക്വാറിയിലെ വെള്ളം ശുദ്ധീകരിച്ച് മലബാര്‍ ഡിസ്റ്റിലറിയില്‍ മദ്യം നിര്‍മിക്കും

വാളയാറിലെ മലബാര്‍ സിമന്റ്‌സിന്റെ ക്വാറിയിലെ വെള്ളം ശുദ്ധീകരിച്ച് മലബാര്‍ ഡിസ്റ്റിലറിയില്‍ മദ്യം നിര്‍മിക്കും


പാലക്കാട്: ക്വാറികളില്‍ നിന്നുള്ള ശുദ്ധീകരിച്ച വെള്ളം ഉപയോഗിച്ച്, കേരള സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മദ്യ നിര്‍മ്മാണ യൂണിറ്റിലെ, ബ്ലെന്‍ഡിങ് ആന്‍ഡ് ബോട്ടിലിങ് പ്ലാന്റില്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം (IMFL) ഉത്പാദിപ്പിക്കാന്‍ പദ്ധതിയിടുന്നു. വാളയാറിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മലബാര്‍ സിമന്റ്‌സിന്റെ ക്വാറികളില്‍ നിന്നുള്ള ജലം ഉപയോഗിച്ചാണ് മേനോന്‍പാറയിലെ മലബാര്‍ ഡിസ്റ്റിലറിയില്‍ വരുന്ന പുതിയ പ്ലാന്റില്‍ മദ്യം നിര്‍മ്മിക്കാനൊരുങ്ങുന്നത്.

മലബാര്‍ സിമന്റ്‌സ് പ്ലാന്റിലെ അസംസ്‌കൃത വസ്തുക്കളുടെ ഉല്‍പ്പാദനത്തിനായി പാറപൊട്ടിക്കല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ വേര്‍തിരിച്ചെടുക്കുന്ന വെള്ളം സാധാരണയായി പമ്പ് ചെയ്ത് അടുത്തുള്ള നദികളിലേക്ക് ഒഴുക്കിവിടുകയാണ് ചെയ്യുന്നത്. മാലിന്യം കുറയ്ക്കുന്നതിനും വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള നീക്കത്തിന്റെ ഭാഗമായി, മദ്യം ഉത്പ്പാദിപ്പിക്കുന്ന യൂണിറ്റിലേക്ക് ഇത് ശുദ്ധീകരിച്ച് നല്‍കും. 

മലബാര്‍ സിമന്റ്‌സ് നിലവില്‍ ചുണ്ണാമ്പുകല്ല് ക്വാറിയില്‍ നിന്ന് പ്രതിദിനം 50,000 മുതല്‍ 1,15,000 ലിറ്റര്‍ വരെ അധിക വെള്ളം പുറന്തള്ളുന്നു  കല്ല് പൊട്ടിക്കുന്ന സമയത്തും കുഴിക്കുമ്പോഴും സ്വാഭാവികമായി അടിഞ്ഞുകൂടുന്നതാണ് ഈ വെള്ളം. മലബാര്‍ ഡിസ്റ്റിലറീസില്‍ 2026 ഫെബ്രുവരിയോടെ പൂര്‍ണ്ണമായും ഓട്ടോമേറ്റഡ് പ്ലാന്റ് പ്രവര്‍ത്തനക്ഷമമാകുന്നതോടെ പ്രതിദിനം 13,500 കെയ്‌സ് ബ്രാന്‍ഡി ഉത്പാദിപ്പിക്കാന്‍ ബെവ്‌കോ അധികൃതര്‍ പദ്ധതിയിടുന്നു.

'സാമ്പിളുകള്‍ പരിശോധിച്ചതില്‍ വെള്ളം ശരിയായ ശുദ്ധീകരണത്തിന് ശേഷം ഡിസ്റ്റിലറി ഉപയോഗത്തിന് അനുയോജ്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്, ഇത് വിഭവകാര്യക്ഷമമായ ബദലാണ്. മലബാര്‍ സിമന്റ്‌സ് കാമ്പസിനുള്ളില്‍ നിരവധി വലിയ ക്വാറികളുണ്ട്, അവിടെ ധാരാളം മഴവെള്ളം സംഭരിക്കുന്നുണ്ട്,' മലമ്പുഴ എംഎല്‍എ, എ പ്രഭാകരനെ ഉദ്ധരിച്ച് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

മേനോന്‍പാറയില്‍ വരാനിരിക്കുന്ന യൂണിറ്റിന് വെള്ളം ഒരിക്കലും ഒരു ആശങ്കാജനകമായ വിഷയമാകില്ലെന്ന് അദ്ദേഹം പറഞ്ഞു.